| Thursday, 14th December 2017, 5:02 pm

ആസാമില്‍ രണ്ട് തേയിലത്തൊഴിലാളികളെ തോട്ടമുടമകള്‍ വെടിവച്ചുകൊന്നു; പത്തോളം പേര്‍ക്ക് പരിക്ക്്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആസ്സാം: ഗോലാഘാട്ട് ജില്ലയില്‍ നുമാലിഗറിലനടുത്തുള്ള തേയിലത്തോട്ടത്തിലെ തൊഴിലാളികളെ തോട്ടമുടമകള്‍ വെടിവച്ചു കൊന്നു. സംഘര്‍ഷത്തില്‍ 10 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആസാം ട്രീബ്യൂണല്‍ വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
ബോക്‌സിഡോള തേയിലത്തോട്ടത്തില്‍ നിന്നും അനേകം തൊഴിലാളികള്‍ ശമ്പള കുടിശിക ലഭിക്കാത്തതിനെത്തുടര്‍ന്ന് ഉടമസ്ഥരുടെ ബംഗ്ലാവിനു മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ഉടമസ്ഥരായ സുധീര്‍ റോയ്, സമീര്‍ റോയ് എന്നിവര്‍ ഡിസംബര്‍ 12 ന് ബോണസ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതാണ്. അത് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പ്രകടനം നടത്തിയത്.

ഉടമസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത തൊഴിലാളികളുടെ പ്രതിഷേധം വ്യാപകമായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരില്‍ ചിലര്‍ ബംഗ്‌ളാവ് കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടു ഉടമകളും അവരുടെ ലൈസന്‍സുള്ള തോക്കുകള്‍ ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് സമീര്‍, സുധീര്‍ റോയ് എന്നിവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്ന് ഗോലഘാട് സൂപ്രണ്ട് ഓഫ് പോലീസ് മാനേന്ദ്ര ഭേന്ദ്ര പറഞ്ഞു. സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more