| Saturday, 7th August 2021, 8:46 am

'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും'; അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ടി.ഡി.എസ് പിടിക്കാം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ടി.ഡി.എസ് പിടിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

ശമ്പള വരുമാനമുണ്ടെങ്കില്‍ ടി.ഡി.എസ് ബാധകമാകുമെന്നും ജീവിതാന്തസ്സിന്റെ അടിസ്ഥാനത്തില്‍ ഇളവ് അനുവദിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി.ഡി.എസ് ഇളവ് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാകില്ലെന്നും കോടതി പറഞ്ഞു.

സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും നല്‍കണമെന്ന ബൈബിള്‍ വാക്യം ആമുഖമായി ഉദ്ധരിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.

സിംഗിള്‍ ജഡ്ജിയുടെ സമാന ഉത്തരവിനെതിരെ സിസ്റ്റര്‍ മേരി ലൂസിറ്റ നല്‍കിയതുള്‍പ്പെടെ 49 അപ്പീലുകള്‍ തള്ളിയാണ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്യസ്തര്‍ സ്വത്ത് സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്ത സഭയിലേക്കാണ് പോകുന്നതെന്നും അപ്പീല്‍ ഭാഗം വാദിച്ചു. എന്നാല്‍, ശമ്പളവും പെന്‍ഷനും ഗ്രാറ്റ്വിറ്റിയും പറ്റുന്ന വൈദികരും കന്യാസ്ത്രീകളും സര്‍ക്കാര്‍ ജീവനക്കാരാണെന്ന് നികുതി വകുപ്പ് വാദിച്ചു. മറ്റേതെങ്കിലും നികുതിയിളവിന് അര്‍ഹതയുണ്ടെങ്കില്‍ ടി.ഡി.എസ് ഒഴിവാക്കുകയല്ല, റീഫണ്ട് ആണ് ചെയ്യേണ്ടതെന്നും അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: TDS can be deducted from the salaries of teachers, priests and nuns: High Court

We use cookies to give you the best possible experience. Learn more