ന്യുദല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ തെലുഗു ദേശം പാര്‍ട്ടി എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ടി.ഡി.പി സഖ്യം ഉപേക്ഷിച്ചത്.
ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ടി.ഡി.പി സഖ്യം വിട്ടത്. തീരുമാനം ചന്ദ്രബാബു നായിഡു എം.പിമാരെ അറിയിച്ചു. ടി.ഡി.പിക്ക് 16 എം.പിമാരാണ് ലോക്‌സഭയിലുള്ളത്. ഇന്ന് അമരാവതിയില്‍ ചേരുന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
Related: ‘ഒടുവില്‍ രാജി’; ടി.ഡി.പി മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു
ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനെ പിന്തുണക്കുമെന്നാണ് ടി.ഡി.പി അറിയിച്ചത്. ആന്ധ്രപ്രദേശിനെ പ്രത്യേക പദവി ആവശ്യത്തോട് കേന്ദ്രം പുറം തിരിഞ്ഞു നില്‍ക്കുന്നതാണ് പ്രാദേശിക പാര്‍ട്ടികളെ അടുപ്പിക്കുന്നത്.
ഇതേ ആവശ്യത്തില്‍ കഴിഞ്ഞ ആഴ്ച രണ്ട് ടി.ഡി.പി അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു. വ്യോമയാന വകുപ്പ് മന്ത്രി ഗജപതി രാജു, ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി വൈ.എസ് ചൗധരി എന്നിവരാണ് മന്ത്രിസഭയില്‍ നിന്നു രാജിവെച്ചത്.