|

മൂന്നാമതും പ്രസവിക്കുന്ന സ്ത്രീക്ക് സമ്മാനം നല്‍കുമെന്ന് ടി.ഡി.പി എം.പി; ആണ്‍കുട്ടിക്ക് പശു, പെണ്‍കുട്ടിക്ക് അമ്പതിനായിരം രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: മൂന്നാമതും പ്രസവിക്കുന്ന സ്ത്രീക്ക് പാരിതോഷികം നല്‍കുമെന്ന ടി.ഡി.പി എം.പി അപ്പലനായിഡുവിന്റെ പ്രസ്താവന വിവാദത്തില്‍. മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് 50,000 രൂപയോ പശുവോ നല്‍കുമെന്ന വിജയനഗരം എം.പി കാളിഷെട്ടി അപ്പലനായിഡുവിന്റെ പരാമര്‍ശമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്.

ലോക വനിതാ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു എം.പിയുടെ പരാമര്‍ശം. മൂന്നാമത്തെ കുട്ടി പെണ്‍കുട്ടിയാണെങ്കില്‍, തന്റെ ശമ്പളത്തില്‍ നിന്ന് 50,000 രൂപ നല്‍കുമെന്നും, ആണ്‍കുട്ടിയാണെങ്കില്‍ ഒരു പശുവിനെ അമ്മയ്ക്ക് നല്‍കുമെന്നുമാണ് എം.പി പറഞ്ഞത്.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ടി.ഡി.പി നേതാക്കള്‍ സംസ്ഥാനത്തെ യുവജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എം.പിയുടെ പരാമര്‍ശം.

പ്രകാശം ജില്ലയിലെ മര്‍ക്കാപൂരില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍, എത്ര കുട്ടികളുണ്ടെങ്കിലും പ്രസവ സമയത്ത് എല്ലാ വനിതാ ജീവനക്കാര്‍ക്കും പ്രസവാവധി നല്‍കുമെന്ന് ചന്ദ്രബാബു നായ്ഡു പ്രഖ്യാപിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ യുവജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് കഴിയുന്നത്ര കുട്ടികള്‍ ഉണ്ടാകണമെന്ന് എല്ലാ സ്ത്രീകളോടും നായിഡു പറഞ്ഞിരുന്നു.

പ്രസവങ്ങളുടെ എണ്ണം പരിഗണിക്കാതെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പ്രസവാവധി അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രി വി. അനിതയും പ്രഖ്യാപിച്ചിരുന്നു. ഇതുവരെ, വനിതാ ജീവനക്കാര്‍ക്ക്, പ്രത്യേകിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് പ്രസവങ്ങള്‍ക്ക് മാത്രമേ പൂര്‍ണ്ണ ശമ്പളത്തോടെ ആറ് മാസത്തേക്ക് പ്രസവാവധി ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ജീവനക്കാരിക്ക് എത്ര കുട്ടികളുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രസവാവധി അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഭരണപരമായ അടിസ്ഥാന വിഷയങ്ങളില്‍ ടി.ഡി.പി കേഡര്‍മാരെ പരിശീലിപ്പിച്ചിരുന്ന ആളാണ് അപ്പലനായിഡു. 51 കാരനായ അദ്ദേഹം 25 വര്‍ഷമായി ടി.ഡി.പി അംഗമാണ്.

Content Highlight: TDP MP says woman giving birth for third time will be given a gift; cow for boy, Rs 50,000 for girl