ശ്മശാന പുനര്‍നിര്‍മ്മാണത്തിനു ആളെ കിട്ടാനില്ല; തൊഴിലാളികളുടെ പേടി മാറ്റാന്‍ ശ്മശാനത്തിലുറങ്ങി എം.എല്‍.എ
National
ശ്മശാന പുനര്‍നിര്‍മ്മാണത്തിനു ആളെ കിട്ടാനില്ല; തൊഴിലാളികളുടെ പേടി മാറ്റാന്‍ ശ്മശാനത്തിലുറങ്ങി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th June 2018, 1:26 pm

ഹൈദരാബാദ്: പ്രേതബാധയുണ്ടാകാമെന്ന പേടിയില്‍ ശ്മശാനം പുതുക്കി പണിയാന്‍ പണിക്കാരാരും എത്താതിനെ തുടര്‍ന്ന് എം.എല്‍.എ ഒരു രാത്രി ശ്മശാനത്തില്‍ കഴിച്ചുകൂട്ടി. തൊഴിലാളികളുടെ പേടി മാറ്റുന്നതിനുവേണ്ടിയായിരുന്നു തെലുങ്ക് ദേശം പാര്‍ട്ടി എം.എല്‍.എ നിമ്മല രാമ നായിഡു വ്യത്യസ്ത മാര്‍ഗവുമായി മുന്നോട്ട് വന്നത്.

പലക്കോളെ നഗരത്തിന്റെ ഭാഗമായുള്ള ശ്മശാനം വര്‍ഷങ്ങളായി ശോചനീയാവസ്ഥയിലായിരുന്നു. പ്രദേശവാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്കൊടുവിലാണ് ആധുനിക രീതിയില്‍ പുതിയ ശ്മശാനം പണിയുന്നതിനു വേണ്ടി മൂന്ന് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. എട്ട് മാസം മുന്‍പായിരുന്നു തുക അനുവദിച്ചു കിട്ടിയത്.


Also Read: കറുത്തവര്‍ഗക്കാരനായ ബാലനെ വെടിവെച്ചു കൊന്ന യു.എസ് പൊലീസിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍ തെരുവില്‍


മുറ്റത്ത് ഒരു തോട്ടമുള്‍പ്പെടെ ശവശരീരം ദഹിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ സൗകര്യങ്ങളും ജോലിക്കാര്‍ക്കുള്ള കുളിമുറിയുമടങ്ങിയ പുതിയ ശ്മശാന കെട്ടിടമാണ് ഇവിടെ പണിയാന്‍ ഉദ്ദേശിക്കുന്നത്. പക്ഷെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനും പുതിയത് പണിയുന്നതിനും വേണ്ടി രണ്ട് തവണ ടെന്‍ഡര്‍ വിളിച്ചിട്ടും ആരും എത്തിയില്ലെന്നും എം.എല്‍.എ പറയുന്നു. വളരെ ശ്രമപ്പെട്ടാണ് കോണ്‍ട്രാകറെ കണ്ടെത്തിയതെന്നും ഇദ്ദേഹം പറഞ്ഞു.

“ശവശരീരങ്ങള്‍ ദഹിപ്പിക്കാന്‍ ഇവിടെ കൃത്യമായി സൗകര്യങ്ങളൊന്നും തന്നെയില്ല. മഴക്കാലമായാല്‍ ചെളി നിറഞ്ഞ് കാലുകുത്താന്‍ പോലുമാകില്ല. മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാല്‍ ഒന്ന് കുളിക്കാന്‍ പോലും മാര്‍ഗമില്ല.” എം.എല്‍.എ പറയുന്നു. തൊട്ടടുത്തുള്ള പറമ്പില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുസ്സഹമായ ദുര്‍ഗന്ധമാണ് ഇതില്‍ നിന്നും വരുന്നത്. ശ്മശാന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടൊപ്പം ഇതിനും പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രദേശവാസികള്‍ പ്രതീക്ഷിക്കുന്നത്.


Also Read: ദല്‍ഹിയില്‍ ആര്‍മി ഉദ്യോഗസ്ഥന്റെ ഭാര്യയെ തൊണ്ടകീറിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു


കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പാതികരിഞ്ഞ ഒരു ശവശരീരം തൊഴിലാളികള്‍ കാണാനിടയായി. ഇത് കണ്ടു ഭയന്നതിനെ തുടര്‍ന്നായിരുന്നു പണിക്കാര്‍ ഇവിടെ വരാതായത്. പ്രേതബാധയുണ്ടാകാമെന്നുള്ള പ്രചരണങ്ങള്‍ ശക്തമായതോടെ ശ്മശാനത്തിലേക്ക് ആരും കടക്കാന്‍ പോലും തയ്യാറല്ലായിരുന്നു.

എം.എല്‍.എയുടെ ധൈര്യത്തില്‍ വിശ്വാസമര്‍പ്പിച്ച് 50ഓളം തൊഴിലാളികള്‍ അടുത്ത ദിവസം രാവിലെ ജോലിക്ക് എത്തി. രണ്ടു മൂന്ന് ദിവസം കൂടി ഇത്തരത്തില്‍ രാത്രി ശ്മശാനത്തില്‍ തന്നെ ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രാമ നായിഡു പറഞ്ഞു. ഇത് തൊഴിലാളികളുടെ പേടി പൂര്‍ണ്ണമായി മാറ്റി അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കൊതുക് വല കൊണ്ടുവരേണ്ട ബുദ്ധിമുട്ടു മാത്രമേ ഇക്കാര്യത്തില്‍ തനിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു.


Also Read: എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സല്ല മന്ത്രിപദം; പീയുഷ് ഗോയലിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍


തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാല്‍ ജനങ്ങളുടെ പ്രീതി സമ്പാദിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത് ജനങ്ങളെ പ്രീതിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു