'ഒടുവില്‍ രാജി'; ടി.ഡി.പി മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു
National Politics
'ഒടുവില്‍ രാജി'; ടി.ഡി.പി മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th March 2018, 6:26 pm

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രണ്ടു ടി.ഡി.പി മന്ത്രിമാര്‍ രാജിവെച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കാണ് ഇരുവരും രാജിക്കത്ത് കൈമാറിയത്.

ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവരാണ് മന്ത്രിസഭയില്‍ നിന്നു രാജിവെച്ചിരിക്കുന്നത്. എന്‍.ഡി.എയുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ് മന്ത്രിമാരുടെ രാജിയെന്നതും ശ്രദ്ധേയമാണ്. നേരത്തെ ആന്ധ്രപ്രദേശ് മന്ത്രിസഭയില്‍ നിന്ന് രണ്ട് ബി.ജെ.പി മന്ത്രിമാരും രാജി വെച്ചിരുന്നു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു ആന്ധ്രയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ രാജിവെയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുമായി പ്രധാനമന്ത്രി അവസാന നിമിഷം വരെ ചര്‍ച്ച നടത്തിയെങ്കിലും ഇരുവരും രാജിക്കത്ത് നല്‍കുകയായിരുന്നു.

കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം വിളിച്ചാണ് ടി.ഡി.പി മന്ത്രിമാര്‍ രാജിവെക്കാനൊരുങ്ങുകയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നത്.

ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ബി.ജെ.പി പരിഗണിച്ചില്ലെന്നും ആന്ധ്രയിലെ പൗരന്മാരെ മനസില്‍ കണ്ടുകൊണ്ടാണ് ഈ തീരുമാനമെന്നുമായിരുന്നു ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നത്. പ്രശ്‌നങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ എല്ലാ തരത്തിലും ശ്രമിച്ചിരുന്നെന്നും നന്ദിസൂചകമായും മുതിര്‍ന്ന രാഷ്ട്രീയനേതാവ് എന്ന നിലയിലും പ്രധാനമന്ത്രിയെ ഞങ്ങളുടെ തീരുമാനം അറിയിക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും പ്രധാനമന്ത്രിയെ സമീപിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.