കുന്നിന്‍ മുകളില്‍ കൊട്ടാരം പണിയാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ചിലവഴിച്ചത് 500 കോടിയെന്ന് ടി.ഡി.പി; ചിലവഴിച്ചത് പൊതുപണം
national news
കുന്നിന്‍ മുകളില്‍ കൊട്ടാരം പണിയാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ചിലവഴിച്ചത് 500 കോടിയെന്ന് ടി.ഡി.പി; ചിലവഴിച്ചത് പൊതുപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2024, 10:37 am

വിശാഖപട്ടണം: വൈ.എസ്.ആര്‍.സി.പി അധ്യക്ഷന്‍ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ ആഢംബര വസതിയുടെ നിര്‍മാണത്തിനായി 500 കോടി രൂപ ചിലവഴിച്ചതായി ടി.ഡി.പിയുടെ ആരോപണം. കൊട്ടാര സമാനമായ ഭവനം പണിയാന്‍ ജനങ്ങളുടെ പണമാണ് ജഗന്‍ മോഹന്‍ റെഡ്ഡി ചിലവാക്കിയതെന്നാണ് ഭരണകക്ഷിയായ ടി.ഡി.പിയുടെ ആരോപണം.

എന്നാല്‍ കെട്ടിടം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അത് വ്യക്തിയുടെ സ്വത്തായി ഉയര്‍ത്തിക്കാട്ടി ആരോപണമുയര്‍ത്തുന്നത് ക്രൂരതയാണെന്നും വൈ.എസ്.ആര്‍.സി.പി പറഞ്ഞു.

തുറമുഖ നഗരമായ വിശാഖപട്ടണത്തില്‍ കടലിനഭിമുഖമായ റുഷിക്കൊണ്ട കുന്നിന്‍ മുകളിലാണ് വിശാലമായ വസതി സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള വസതി 500 കോടിയോളം ചിലവഴിച്ച് നിര്‍മിച്ചതാണെന്നാണ് ടി.ഡി.പിയുടെ വാദം.

‘500 കോടി രൂപ മുടക്കി ജഗന്‍ റെഡ്ഡി നിര്‍മ്മിച്ച ആഡംബര കൊട്ടാരമാണിത്. അദ്ദേഹം സര്‍ക്കാര്‍ പണം അമിതമായി ചെലവഴിച്ചു. ഇനിയും എത്ര കണ്ടെത്താനിരിക്കുന്നു,’ എന്നായിരുന്നു ടി.ഡി.പി എക്‌സില്‍ കുറിച്ചത്. വസതിയുടെ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടായിരുന്നു ടി.ഡി.പിയുടെ വിമര്‍ശനം.

അടുത്തിടെ ടി.ഡി.പിയുടെ ഭീമിലി എം.എല്‍.എ ജി. ശ്രീനിവാസ റാവു ഒരു കൂട്ടം ആളുകളേയും മാധ്യമപ്രവര്‍ത്തകരേയും കൂട്ടി ഈ വസതി സന്ദര്‍ശിച്ചിരുന്നു. രാജകീയപ്രൗഢിയില്‍ പണിത കൊട്ടാരമാണ് ഇതെന്നും രാജകീയമായ വസ്തുക്കളാണ് കെട്ടിടത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ബീച്ച് വ്യൂ കൊട്ടാരം എന്ന് വേണം വസതിയെ വിശേഷിപ്പിക്കാനെന്നും ടി.ഡി.പി ആരോപിച്ചിരുന്നു.

കുന്നിന്‍ മുകളിലെ ആഢംബര വസതിയില്‍ 200 നിലവിളക്കുകള്‍ വരെ ഘടിപ്പിച്ചിട്ടുണ്ടെന്നും ഓരോന്നിനും 15 ലക്ഷം രൂപ വരെ വിലവരുമെന്നുമാണ് ടി.ഡി.പി പറയുന്നത്. ഇന്റീരിയര്‍ ഡിസൈനിന് മാത്രം 33 കോടി രൂപ ചെലവായതായും ഇവര്‍ പറയുന്നു.

നൂതന സൗണ്ട് സിസ്റ്റം, വലിയ ഹോം തിയറ്റര്‍ സ്‌ക്രീന്‍, 12 കിടപ്പുമുറികള്‍, പൂന്തോട്ടത്തിനായി ഇറക്കുമതി ചെയ്ത ചെടികള്‍, മള്‍ട്ടി-ഹ്യൂഡ് ലൈറ്റിംഗ് എന്നിവ വസതിയില്‍ ഉണ്ടെന്നുമാണ് ടി.ഡി.പി അവകാശപ്പെടുന്നത്.

അതേസമയം, വീട് റെഡ്ഡിയുടേതാണെന്ന് ടി.ഡി.പി പ്രചരിപ്പിക്കുന്നുവെന്നും ഇത് ശരിയല്ലെന്നും വൈ.എസ്.ആര്‍.സി.പി നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ ജി. അമര്‍നാഥ് ആരോപിച്ചു.

‘അവര്‍ (ടി.ഡി.പി) ഇപ്പോള്‍ അധികാരത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്. രാഷ്ട്രപതി, ഗവര്‍ണര്‍ അല്ലെങ്കില്‍ മറ്റ് പ്രധാന വ്യക്തികള്‍ എന്നിവരെപ്പോലുള്ള ആളുകള്‍ക്ക് ഇത്തരം വസതികളും സൗകര്യങ്ങളും എങ്ങനെ നല്‍കാമെന്ന് ചിന്തിക്കുന്നതിന് പകരം ഈ വീട് ജഗന്റെ വീടായി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല,’ അമര്‍നാഥ് പറഞ്ഞു.

കെട്ടിടങ്ങള്‍ റെഡ്ഡിയുടെയോ വൈ.എസ്.ആര്‍.സി.പിയുടെയോ അല്ല, അത് സര്‍ക്കാരിന്റേതാണ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സ്വത്തുക്കളായി അവ ഉയര്‍ത്തിക്കാട്ടുന്നത് ക്രൂരമാണെന്നും അമര്‍നാഥ് പറഞ്ഞു.

2024 ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് താന്‍ വിശാഖപട്ടത്തിലേക്ക് താമസം മാറുമെന്നും ഇനിയുള്ള പ്രവര്‍ത്തനം അവിടെയായിരിക്കുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞിരുന്നു.

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) വന്‍ വിജയം നേടിയതോടെ ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി യുഗത്തിന് അന്ത്യമായിരിക്കുകയാണ്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞിരുന്നു.

കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിയിട്ടും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നും അദ്ദേഹം ആശ്ചര്യപ്പെട്ടിരുന്നു.

പരാജയം അംഗീകരിക്കുന്നെന്നും ധൈര്യത്തോടെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നുമായിരുന്നു തോല്‍വിക്ക് പിന്നാലെ ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികരിച്ചത്.

Content Highlight: TDP alleges Jagan splurged Rs 500 crore on hilltop mansion in Vizag