| Thursday, 29th December 2016, 10:43 am

ബി.കോമിന് പഠിച്ചത് കണക്കും ഫിസിക്‌സും: എം.എല്‍.എയുടെ അബദ്ധം ആഘോഷമാക്കി സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ബി.കോമിന് കണക്കും ഫിസിക്‌സും പഠിച്ചെന്നു പറഞ്ഞ് വെട്ടിലായി എം.എല്‍.എ. ആന്ധ്രയിലെ ഭരണകക്ഷിയായ ടി.ഡി.പി എം.എല്‍.എ ജലീല്‍ ഖാന്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് വിചിത്രമായ ഈ അവകാശവാദമുയര്‍ത്തുന്നത്.

വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോമേഴ്‌സിനോടുള്ള താല്‍പര്യം കൊണ്ടും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാകാനുള്ള ഇഷ്ടം കൊണ്ടുമാണോ ബികോം പറഞ്ഞതെന്നു ചോദിച്ചപ്പോള്‍ തനിക്കു ഫിസിക്‌സും കണക്കുമിഷ്ടമുള്ളതുകൊണ്ടാണ് കോമേഴ്‌സ് പഠിച്ചത് എന്നായിരുന്നു എം.എല്‍.എയുടെ മറുപടി.


Must Read: മോദിയുടെ ഹുങ്ക് ഇവിടെ കാണിക്കണ്ട, കേരളത്തില്‍ ആര് സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് ബി.ജെ.പിയല്ല; തോമസ് ഐസക്ക്


ഫിസിക്‌സും കണക്കും ബി.കോമില്‍ പഠിക്കില്ലെന്ന് പറഞ്ഞ് ഖാനെ താന്‍ തിരുത്തിയിരുന്നെങ്കിലും അദ്ദേഹം ആ അബദ്ധപരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തതെന്ന് അഭിമുഖം നടത്തിയയാള്‍ പിന്നീടു വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

“ആരു പറഞ്ഞു ഇവ രണ്ടും പഠിക്കേണ്ടെന്ന്? അക്കൗണ്ട്‌സ് എന്നു പറഞ്ഞാല്‍ തന്നെ ഫിസിക്‌സും കണക്കുമല്ലേ? ചിലപ്പോള്‍ നിങ്ങള്‍ മറന്നതാകാം?” റിപ്പോര്‍ട്ടര്‍ അബദ്ധം ചൂണ്ടിക്കാട്ടിയപ്പോള്‍ ഖാന്റെ മറുപടി ഇതായിരുന്നു.

“കണക്കില്‍ നൂറില്‍ നൂറുമാര്‍ക്കും നേടിയെന്നും”  കുട്ടിക്കാലത്തേ താന്‍ കണക്കില്‍ മിടുക്കനാണെന്നും ഖാന്‍ അഭിമുഖത്തില്‍ അവകാശപ്പെടുന്നുണ്ട്.


Dont Miss മോദിയുടെ റാലിയില്‍ പങ്കെടുത്താല്‍ പണവും ഭക്ഷണവും നല്‍കാമെന്ന വാഗ്ദാനം നല്‍കി സംഘാടകര്‍ പറ്റിച്ചെന്ന് പരാതി


“എനിക്കൊരു കാല്‍ക്കുലേറ്ററിന്റെ ആവശ്യം പോലുമില്ല” അദ്ദേഹം പറയുന്നു.

ഈ അഭിമുഖത്തിന്റെ വീഡിയോ റിപ്പോര്‍ട്ടര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തതിനു പിന്നാലെ എം.എല്‍.എയുടെ അബദ്ധം സോഷ്യല്‍ മീഡിയകളും ആഘോഷമാക്കുകയാണ്.  വീഡിയോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

എം.എല്‍.എയെ പരിഹസിച്ച് നൂറുകണക്കിന് ട്രോളുകളാണ് സോഷ്യല്‍ മീഡിയിയില്‍ പ്രത്യക്ഷപ്പെട്ടത്. വെസ്റ്റ് വിജയവാഡ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ജലീല്‍ ഖാന്‍.

Latest Stories

We use cookies to give you the best possible experience. Learn more