നീലക്കുറിഞ്ഞിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത് പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്നുവെന്ന പ്രത്യേകതയാണ്. യാതൊരുവിധ മണമോ ഗുണമോയില്ലാത്ത വയലറ്റുനിറത്തിലെ നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂത്തുനില്‍ക്കുന്നുവെന്നതുമാത്രമാണ് ആകര്‍ഷണം.
ശാന്തമ്പാറയ്ക്കടുത്ത് കള്ളിപ്പാറയില്‍ അപ്രതീക്ഷിതമായും ആദ്യമായും നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂത്തതിനാല്‍ ഇപ്പോള്‍ ഇവിടേക്ക് ജനപ്രവാഹമാണ്. യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത ശാന്തമ്പാറയും പൂപ്പാറയുമൊക്കെ ജനത്തിരക്കിനാലും ഗതാഗതക്കുരുക്കിനാലും വീര്‍പ്പുമുട്ടുന്നു. മലമുകളിലേക്ക് കയറുന്ന ആളുകളെ വേണ്ടരീതിയില്‍ നിയന്ത്രിക്കാന്‍ ശ്രമമില്ലാത്തതിനാല്‍ ആ മൊട്ടക്കുന്നുകളിലെ ആവാസവ്യവസ്ഥയും നശിക്കുന്നുണ്ട്. ദീപാവലി അവധി പ്രമാണിച്ച് കള്ളിപ്പാറയിലേക്ക് വരുംദിവസങ്ങളില്‍ വലിയതോതിലുള്ള ജനപ്രവാഹംതന്നെ ഉണ്ടായേക്കാം.
മൂന്നാറും പരിസരങ്ങളുമാണ് നീലക്കുറിഞ്ഞിക്ക് ഏറെ പേരുകേട്ട സ്ഥലം. 2018ല്‍ ഇവിടെ കുറിഞ്ഞി പൂത്തതുമാണ്. പക്ഷേ, പ്രളയത്തെ തുടര്‍ന്നുണ്ടായ അസാധാരണ സാഹചര്യവും മോശം കാലാവസ്ഥയും മൂന്നാറിലെ കഴിഞ്ഞ കുറിഞ്ഞി സീസണിനെ ആകര്‍ഷകമല്ലാത്ത ഒന്നാക്കി മാറ്റി. അതിന്റെ കേടുതീര്‍ത്താണ് ഇപ്പോള്‍ കള്ളിപ്പാറയിലേക്ക് ആളുകളെത്തുന്നത്. 2018ന് നാല് വര്‍ഷത്തിനുശേഷം കള്ളിപ്പാറയില്‍ നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ 12 വര്‍ഷത്തെ കാത്തിരിപ്പെന്ന പഴയ യാഥാര്‍ഥ്യം ഇല്ലാതായി എന്നതാണ് വസ്തുത.
ഒരുപക്ഷേ, വരും വര്‍ഷങ്ങളില്‍ മറ്റേതെങ്കിലുമൊക്കെ മലനിരകളില്‍ കുറിഞ്ഞി ഇതുപോലെ പൂത്തേക്കാം. പലയിടത്തുമങ്ങനെ ഒറ്റയ്ക്കും തെറ്റയ്ക്കും കുറിഞ്ഞി പൂക്കാറുണ്ട്. അങ്ങനെ ആ കൗതുകം ഇല്ലാതായാലേ കുറിഞ്ഞി തേടിയുള്ള ആളുകളുടെ കൂട്ടപ്പാച്ചില്‍ അവസാനിക്കുകയുള്ളൂ.
പൊതുവെ വീതി കുറഞ്ഞതും വളവുകള്‍ നിറഞ്ഞതുമാണ് കുമളി- മൂന്നാര്‍ റോഡ്. അവിടെ കള്ളിപ്പാറയിലേക്ക് കയറുന്നതിന് അപ്പുറവും ഇപ്പുറവുമായി നാലഞ്ചു കിലോമീറ്ററോളമാണ് കഴിഞ്ഞദിവസങ്ങളില്‍ റോഡ് ബ്ലോക്കായത്. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ പ്രത്യേക സ്ഥലമില്ലാത്തതിനാല്‍ റോഡരികാണ് ആശ്രയം. ഇത്തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഒരുവരി ഗതാഗതമേ ഇതുവഴി സാധിക്കൂ. ബസുകളുള്‍പ്പെടെ കുരുക്കില്‍പെട്ടു.
ഇവിടേക്കു വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമുണ്ടായില്ല. ഗതാഗതക്കുരുക്ക് മനസ്സിലാക്കിയ ചിലരെങ്കിലും പൂപ്പാറയിലോ മറ്റോ വാഹനം പാര്‍ക്ക് ചെയ്തശേഷം ലൈന്‍ ബസിലോ ട്രിപ്പ് ജീപ്പുകളിലോ കള്ളിപ്പാറയിലേക്ക് പോകുകയായിരുന്നു. രണ്ട് ദിവസമായി മഴകൂടി പെയ്യാന്‍ തുടങ്ങിയതോടെ നീലക്കുറിഞ്ഞി പൂത്ത മലനിരകളിലേക്കുള്ള വഴി ആകെ കുളമായിട്ടുമുണ്ട്.
പ്രധാന റോഡില്‍ നിന്ന് മണ്‍വഴിയിലൂടെ രണ്ട് കിലോമീറ്ററോളം കയറ്റം കയറിച്ചെന്നാലേ കുറിഞ്ഞിപ്പൂക്കള്‍ കാണാനാകൂ. ഒട്ടേറെ ആളുകളാണ് വീതികുറഞ്ഞ ഈ വഴിയില്‍ തെന്നിവീഴുന്നത്. എന്തെങ്കിലും സംഭവിച്ചാല്‍ തൊട്ടടുത്ത് ഒരാശുപത്രി പോലുമില്ലെന്നോര്‍ക്കണം. തേനിയിലോ കോട്ടയത്തോ എത്തണം വിദഗ്ധ ചികിത്സ ലഭ്യമാകണമെങ്കില്‍. ഇടുക്കി മെഡിക്കല്‍ കോളേജിനേക്കാള്‍ എത്തിച്ചേരാന്‍ എളുപ്പവും തേനി മെഡിക്കല്‍ കോളേജാണുതാനും.
കുറിഞ്ഞി പൂത്തുനില്‍ക്കുന്ന മലനിരകള്‍ വ്യാപകമായാണ് മലിനമാക്കപ്പെടുന്നത്. പ്ലാസ്റ്റിക് കുപ്പികളും സ്നാക്സ് കവറുകളും മറ്റും ചിതറിക്കിടക്കുന്നു. ഇവിടേക്ക് പ്രവേശനം അനുവദിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിനോദസഞ്ചാര- വനം വകുപ്പുകളൊന്നും വേണ്ടത്ര നിയന്ത്രണം ഇക്കാര്യത്തില്‍ കൊണ്ടുവരാത്തതാണ് പ്രശ്നം.
മലമുകളില്‍ ആളുകള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും അങ്ങോട്ട് കൊണ്ടുപോകുന്ന പ്ലാസ്റ്റിക് കുപ്പികളുടേയും മറ്റും കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. ഇത്തരം കേന്ദ്രങ്ങളില്‍ ഏകീകൃതമായി മാനദണ്ഡങ്ങളും നിബന്ധനകളും നിയന്ത്രണങ്ങളും കൊണ്ടുവരേണ്ട ആവശ്യകതയിലേക്ക് തന്നെയാണ് ഇത് വിരല്‍ചൂണ്ടുന്നത്.
Content Highlight: TC Rajesh Sindhu’s fb post about the Neelakurinji tourism that destroys the environment and public life