| Tuesday, 8th October 2024, 3:23 pm

ലോകത്തിലെ ഏറ്റവും ധനികയായ വനിതാ ഗായികയായി ടെയ്‌ലര്‍ സ്വിഫ്റ്റ്; മറികടന്നത് റിഹാനയെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും ധനികയായ വനിതാ ഗായികയായി ടെയ്‌ലര്‍ സ്വിഫ്റ്റ്. ഫോര്‍ബ്‌സ് മാഗസിന്റെ കണക്കനുസരിച്ചാണ് ഇത്. ഇത്രനാള്‍ ഏറ്റവും ധനികയായ വനിതാ ഗായികയായിരുന്നത് റിഹാനയായിരുന്നു. ഇപ്പോള്‍ റിഹാനയെ മറികടന്നിരിക്കുകയാണ് ടെയ്‌ലര്‍.

ഫോര്‍ബ്‌സ് മാഗസിന്റെ ശതകോടീശ്വരന്‍മാരുടെ ഔദ്യോഗിക കണക്കനുസരിച്ച് ഇപ്പോള്‍ ടെയ്‌ലറിന്റെ ആകെ ആസ്തി 1.6 ബില്യണ്‍ ഡോളറാണ്. 2023 ഒക്ടോബര്‍ മുതലാണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ആസ്തിയില്‍ 500 മില്യണ്‍ ഡോളറിന്റെ കുതിപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെയ്‌ലറിന്റെ റെക്കോഡ് ബ്രേക്കിങ് ഇന്റര്‍നാഷണല്‍ ഇറാസ് ടൂര്‍ ആരംഭിച്ചതിന് ശേഷമാണ് ഈ മാറ്റമുണ്ടായത്. 2023 മാര്‍ച്ച് 17നായിരുന്നു ഇന്റര്‍നാഷണല്‍ ഇറാസ് ടൂര്‍ ആരംഭിച്ചത്. 149 ഷോകള്‍ക്ക് ശേഷം ഈ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ഇത് അവസാനിക്കുന്നത്.

ഫോര്‍ബ്‌സ് മാഗസിന്റെ കണക്കനുസരിച്ച് ടെയ്‌ലര്‍ റോയല്‍റ്റിയില്‍ നിന്നും ഇന്റര്‍നാഷണല്‍ ഇറാസ് ടൂറില്‍ നിന്നും മാത്രം ഏകദേശം 600 മില്യണ്‍ ഡോളറിനടുത്ത് സമ്പാദിച്ചിട്ടുണ്ട്. മ്യൂസിക് റിലീസിലൂടെയും പെര്‍ഫോമന്‍സിലൂടെയും ഇത്ര വലിയ സാമ്പത്തിക നേട്ടം കൈവരിച്ച ചുരുക്കം ചില ഗായകരില്‍ ഒരാളാണ് സ്വിഫ്റ്റ്.

അതേസമയം 1.4 ബില്യണ്‍ ഡോളറാണ് നിലവില്‍ റിഹാനയെ ആകെ ആസ്തി. ടെയ്‌ലറിന് മുമ്പ് ലോകത്തിലെ ഏറ്റവും ധനികയായ വനിതാ ഗായികയായിരുന്ന അവരുടെ ആസ്തി 1.7 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഈ വര്‍ഷം റിഹാനയുടെ ആസ്തി 1.4 ബില്യണ്‍ ഡോളറായി കുറയുകയായിരുന്നു.

Content Highlight: Taylor Swift Becomes World’s Richest Female Singer

We use cookies to give you the best possible experience. Learn more