ന്യൂദല്‍ഹി: വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. ജി.എസ്.ടി കൗണ്‍സിലിന്റെ 46-ാമത് യോഗമാണ് ദല്‍ഹിയില്‍ ചേര്‍ന്നത്.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ പ്രീ-ബജറ്റ് കൂടിയാലോചനയിലാണ് വിഷയം ചര്‍ച്ചയായത്.
ടെക്സ്റ്റൈല്‍ ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന നികുതി നിരക്കില്‍ പല സംസ്ഥാനങ്ങളും എതിര്‍പ്പ് പ്രകടിപ്പിക്കുകയും നിരക്ക് വര്‍ധന നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ദല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിഷയം ഉന്നയിച്ചിരുന്നത്. ടെക്സ്റ്റൈല്‍സിന്റെ ജി.എസ്.ടി നിരക്ക് ഉയര്‍ത്തുന്നത് 2022 ജനുവരി 1 മുതല്‍ നിലവില്‍ വരുന്നതിനെ അനുകൂലിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കുകയായിരുന്നു.
ടെക്സ്റ്റൈല്‍സിന്റെ നികുതി വര്‍ധനയ്ക്കെതിരെ ദല്‍ഹി സര്‍ക്കാര്‍ പ്രതിഷേധിക്കുമെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സാധാരണക്കാരന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിനെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വസ്ത്രവ്യാപാരികള്‍ ജി.എസ.ടി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെ എതിര്‍ക്കുന്നുണ്ടെന്നും സാധാരണക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അതിനാല്‍ ആം ആദ്മി പാര്‍ട്ടി പ്രതിഷേധവുമായി അവരെ മുന്നോട്ട് കൊണ്ടുപോകുമെന്നും സിളസോദിയ പറഞ്ഞു.
ടെക്സ്റ്റൈല്‍ വര്‍ധന പിന്‍വലിക്കാന്‍ പശ്ചിമ ബംഗാളിലെ മുന്‍ ധനമന്ത്രി അമിത് മിത്ര കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷത്തോളം ടെക്സ്റ്റൈല്‍ യൂണിറ്റുകള്‍ അടച്ചുപൂട്ടാനും 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും നികുതി വര്‍ധിപ്പിക്കുന്നത് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അസംഘടിത മേഖലയ്ക്കും, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ഉയര്‍ന്ന ഉത്പാദന ചെലവ് ചൂണ്ടിക്കാട്ടി സ്ഥാപനങ്ങളും നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് വര്‍ധിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു.
ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം, വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെ ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തുമെന്ന് ഈ വര്‍ഷം ആദ്യമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് പ്രഖ്യാപിച്ചിരുന്നത്. 2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ധനമന്ത്രാലയത്തിലെ കേന്ദ്ര സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കിഷന്റാവു കരാദ് എന്നിവരും ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.