ന്യൂദല്‍ഹി: ആദായ നികുതിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാതെ കേന്ദ്ര ബജറ്റ്. ആദായ നികുതി സ്ലാബുകള്‍ പഴയത് പോലെ തുടരും. പുതിയ ഇളവുകളില്ലെന്ന് ധനമന്ത്രി അറിയിച്ചു.
ആദായ നികുതി റിട്ടേണിലെ പിശകുകള്‍ തിരുത്താന്‍ നികുതിദായകര്‍ക്ക് അവസരം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
പരിഷ്‌കരിച്ച റിട്ടേണ്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതി. മറച്ചുവച്ച വരുമാനം വെളിപ്പെടുത്താനും ഇതുവഴി സാധിക്കും. അസസ്മെന്റ് വര്‍ഷത്തെ അടിസ്ഥാനമാക്കി വേണം പരിഷ്‌കരിച്ച റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.
അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താന്‍ രണ്ട് വര്‍ഷം അനുവദിക്കും. വെര്‍ച്വല്‍, ഡിജിറ്റല്‍ സ്വത്തുകളുടെ കൈമാറ്റത്തിലെ ആദായത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തും.
സ്റ്റാര്‍ട്പ്പുകളുടെ ആദായ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി 2023 വരെ നീട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍.പി.എസ് നിക്ഷേപങ്ങള്‍ക്ക് 14 ശതമാനം വരെ നികുതി ഇളവ് നല്‍കും. സഹകരണ സംഘങ്ങളുടെ മിനിമം നികുതി 15 ശതമാനമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി വരുമാനം വര്‍ധിച്ചതായും മന്ത്രി വ്യക്തമാക്കി. ജനുവരിയില്‍ മാത്രം 1.4 ലക്ഷം കോടി നേടാനായി. കൊവിഡ് കാലത്ത് ഇത് മികച്ച നേട്ടമാണെന്നും ധനമന്ത്രി പറഞ്ഞു.
വരുന്ന സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ രൂപ അവതരിപ്പിക്കും. ബ്ലോക്ക് ചെയിന്‍, മറ്റു സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുക. റിസര്‍വ് ബാങ്കിനാണ് ഇതിന്റെ ചുമതല. ഡിജിറ്റല്‍ രൂപ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നും ധനമന്ത്രി പറഞ്ഞു.
പുതിയ കേന്ദ്ര ബജറ്റ് പ്രകാരം മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയ്ക്ക് തീരുവ കുറയ്ക്കും.
വജ്രത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു. വജ്രം, രത്‌നം, ആഭരണത്തില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും. അതേസമയം കുടകള്‍ക്ക് വില കൂടും.
പ്രതിരോധമേഖലകളില്‍ സ്വയം പര്യാപ്തത കൈവരിക്കും. പ്രതിരോധ മേഖലയിലെ 68 ശതമാനം ഉപകരണങ്ങളും ആഭ്യന്തര മേഖലയില്‍ നിന്ന് സംഭരിക്കും. പ്രതിരോധ ഗവേഷണ – വികസനത്തില്‍ സ്വകാര്യ മേഖലയെ അനുവദിക്കും. ആയുധങ്ങള്‍ക്ക് അനുമതി നല്‍കാനും നിലവാരം പരിശോധിക്കാനും പ്രത്യേക സമിതി രൂപീകരിക്കും. ആയുധങ്ങള്‍ സ്വന്തമായി നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ മാറ്റം വരുത്തും. ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കും. ഇതിനായി സ്പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി അറിയിച്ചു.
ഭൂപരിഷ്‌കരണം സാധ്യമാക്കാന്‍ ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ നടപ്പാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്പെഷ്യല്‍ മൊബിലിറ്റി സോണുകള്‍ ആരംഭിക്കും. ഇ പാസ്പോര്‍ട്ട് പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കമിടുമെന്നും അവര്‍ അറിയിച്ചു. ചിപ്പുകള്‍ ഘടിപ്പിച്ച ഇ പാസ്പോര്‍ട്ടുകളാണ് ലഭ്യമാക്കുക.
പി.എം. ഇ-വിദ്യയുടെ ഭാഗമായ വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ പരിപാടി വിപുലീകരിക്കും. നിലവില്‍ പന്ത്രണ്ട് ചാനലുകളാണ് ലഭിക്കുന്നത്. ഇത് 200 ചാനലുകളായി ഉയര്‍ത്തും. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പരിപാടി. പ്രാദേശിക ഭാഷയില്‍ കൂടിയും സംസ്ഥാനങ്ങള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.