സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി
തിരുവനന്തപുരം: സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. നികുതി സെപ്റ്റംബര്‍ ഒന്നു മുതല്‍ ഈടാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.
100 രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും ആയിരിക്കും നികുതി.
ഇ ടിക്കറ്റിംഗ് നിലവില്‍ വരുന്നതുവരെ ടിക്കറ്റുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യേണ്ട ആവശ്യമില്ല. പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തിയ്യതിക്കകം പിരിച്ച നികുതി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അടച്ചാല്‍ മതിയാകും.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും സിനിമ രംഗത്തെ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുമാണ് നേരത്തെയിറക്കിയ ഉത്തരവ് ഭേദഗതി വരുത്തിയത്.