ആലപ്പുഴ: നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ ഫഹദ് ഫാസിലിന് ആലപ്പുഴ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫഹദിനോട് ചോദ്യം ചെയ്യലിന് ഹാജരാവാനും കോടതി നിര്‍ദ്ദേശിച്ചു.
ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിനു ചൊവ്വാഴ്ച ഹാജരാകണമെന്നു ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ.മൊഴിയെടുക്കാന്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നായിരുന്നു നോട്ടീസ്.
സമാന കേസില്‍ നടി അമല പോളിനോടും നടനും എംപിയുമായ സുരേഷ് ഗോപിക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി.നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞിരുന്നു.
അതേസമയം, അമല പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് ജനുവരി 5ന് പരിഗണിക്കാനായി കോടതി മാറ്റിയിരിക്കുകയാണ്.കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി വെട്ടിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.