| Tuesday, 19th December 2017, 5:17 pm

നികുതി വെട്ടിപ്പ്; ചോദ്യം ചെയ്യലിനു അമലാ പോളും ഫഹദ് ഫാസിലും ഹാജരായില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിനു ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസിസും അമലാ പോളും ഹാജരായില്ല. മൊഴിയെടുക്കുന്നതിനു തിരുവനന്തപുരത്തുള്ള ഓഫീസില്‍ എത്തണമെന്നായിരുന്നു ഇരുവരോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അമല പോള്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെടുകയായിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അമല പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തണമെന്നാവശ്യപ്പെട്ടായിരുന്നു അമലാ പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നത്. സമാന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ അടുത്ത ദിവസം ചോദ്യം ചെയ്യും.

ഇരുവരും കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി വെട്ടിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം, വാഹന രജിസ്ട്രേഷന്‍ കേസില്‍ ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ചോദ്യം ചെയ്യലിനു ചൊവ്വാഴ്ച ഹാജരാകണമെന്നു ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ. ബുധനാഴ്ചയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞിരുന്നു. എന്നാല്‍, 21 നു 10.15ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സുരേഷ് ഗോപി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more