| Saturday, 13th April 2019, 7:17 pm

റിപ്പോര്‍ട്ട് വാസ്തവവിരുദ്ധം; അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയതും റഫാല്‍ ഇടപാടും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 ദശലക്ഷം യൂറോയുടെ നികുതിയിളവ് നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളും റഫാല്‍ ഇടപാടും തമ്മില്‍ ബന്ധമില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇടപാട് നടന്ന സമയത്തല്ല കമ്പനിക്ക് നികുതിയിളവ് ലഭിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമാണെന്നും പ്രതിരോധമന്ത്രാലയം വിശദീകരിച്ചു.

റഫാല്‍ കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 ദശലക്ഷം യൂറോയുടെ നികുതി ഇളവ് നല്‍കിയതായി ഫ്രഞ്ച് ദിനപത്രം ‘ലെ മൊണ്‍ഡെ’യാണ് റിപ്പോര്‍ട്ട് ചെയ്തത്. റഫാല്‍ കരാര്‍ നല്‍കിയതിനുള്ള പ്രത്യുപകാരമായി സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് അനില്‍ അംബാനിക്ക് നികുതി ഇളവ് നല്‍കിയതെന്നാണ് പത്രം വിലയിരുത്തുന്നത്.

അനില്‍ അംബാനിയുടെ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ‘റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ലാഗ് ഫ്രാന്‍സ്’ എന്ന ടെലകോം കമ്പനി 2007-2010 കാലഘട്ടത്തില്‍ 60 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയതായി നികുതി വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്ന് അനില്‍ അംബാനി ഏഴു മില്യണ്‍ യൂറോ നല്‍കി കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫ്രഞ്ച് സര്‍ക്കാര്‍ സമ്മതിച്ചില്ല. ഇതേ കമ്പനിയുടെ 2010-2012 കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷച്ചതില്‍ നിന്നും 91 മില്യണ്‍ യൂറോയുടെ നികുതി വെട്ടിച്ചതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. കേസുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ 2015ലെ റഫാല്‍ കരാര്‍ ഒപ്പു വെച്ചതോടെ റിലയന്‍സ് മുന്നോട്ടു വെച്ച 7 മില്യണ്‍ യൂറോയ്ക്ക് കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നുവെന്ന് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതോടെ 151 മില്യണ്‍ യൂറോ നികുതി വെട്ടിച്ച അംബാനിക്ക് 144 മില്യണ്‍ യൂറോയുടെ ഇളവ് ലഭിക്കുകയായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധമന്ത്രാലയത്തിനെ മറികടന്ന് സമാന്തര ഇടപെടലുകള്‍ നടത്തിയതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്തിരുന്നു. റഫാല്‍ കരാറില്‍ 30000 കോടി രൂപയുടെ കരാറാണ് അനില്‍ അംബാനിക്ക് ലഭിക്കുക.

We use cookies to give you the best possible experience. Learn more