| Wednesday, 29th May 2024, 11:53 am

നികുതി വെട്ടിച്ച കേസ്; സുരേഷ് ഗോപി കോടതിയിൽ ഹാജരായില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നികുതി വെട്ടിച്ച കേസിൽ സുരേഷ്‌ ഗോപി കോടതിയിൽ ഹാജരായില്ല. പോണ്ടിച്ചേരിയിൽ നിന്ന് വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് 30 ലക്ഷം രൂപ നികുതി വെട്ടിച്ച കേസിലാണ് സുരേഷ്‌ഗോപി ഹാജരാവാതിരുന്നത്.

ചൊവ്വാഴ്ച ഹാജരാവാനായിരുന്നു കോടതി നിർദേശം. എന്നാൽ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.

എറണാകുളത്ത് ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയിലാണ് കേസ് വിചാരണക്ക് വച്ചിരുന്നത്. 2010 , 2016 വർഷങ്ങളിലാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്തത്.

കേരളത്തിൽ ആഡംബര കാറുകൾക്കുള്ള 20 % നികുതി വെട്ടിക്കാനാണ് ബി.ജെ.പി നേതാവും നടനുമായ സുരേഷ്‌ഗോപി തന്റെ ആഡംബര വാഹനങ്ങൾ കേന്ദ്ര ഭരണ പ്രദേശത്ത് വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പുതുച്ചേരിയിൽ നികുതി 13 . 75 % ആണ്.

2009 മുതൽ താൻ വാടകക്കെടുത്ത വസ്തുവിന്റെ വിലാസത്തിലാണ് വാഹനങ്ങൾ രജിസ്റ്റർ  ചെയ്‌തെന്നായിരുന്നു സുരേഷ് ഗോപിയുടെ വാദം.

പുതുച്ചേരിയിൽ തനിക്ക് കൃഷിഭൂമിയുണ്ടെന്നും സഹോദരങ്ങൾ ഉൾപ്പെടുന്ന കുടുംബമാണത് പരിപാലിക്കുന്നതിനും സുരേഷ് ഗോപി പറഞ്ഞിരുന്നു.

തനിക്ക് ബെംഗളൂരുവിൽ വീടുണ്ടെന്നും സഹോദരങ്ങൾക്ക് കോയമ്പത്തൂരിലും തൂത്തുക്കുടിയിലും വസതികളുണ്ടെന്നും അതിനാൽ ഈ സംസ്ഥാനങ്ങളിൽ ഉപയോഗിച്ചിരുന്ന വാഹനങ്ങളണ് ഇതെന്നാണ് സുരേഷ്‌ ഗോപി പറയുന്നത്.

Content Highlight: Tax evasion case of Suresh Gopi

We use cookies to give you the best possible experience. Learn more