അദ്ധ്യായം രണ്ടു്
സൗന്ദര്യം ദര്‍ശിക്കുന്നത് വൈരൂപ്യമുള്ളതിനാലാണ്
നന്മ കാണുന്നത് തിന്മയുള്ളതിനാലുമാണ്.
ഉണ്മയും ഇല്ലായ്മയും ഒന്നിച്ചുണരും.
ആയാസതയും അനായാസതയും പരസ്പരപൂരകം.
നീണ്ടതും കുറിയതും പരസ്പരബന്ധിതം.
ഉയര്‍ച്ചയും താഴ്ചയും പരസ്പരാശ്രിതം.
സ്വരവും ശബ്ദവും പരസ്പരം ലയിക്കുന്നു.
മുന്‍പും പിന്‍പും പരസ്പരം പിന്തുടരുന്നു.
അതിനാല്‍,
ജ്ഞാനി നിഷ്‌ക്രിയനായി വര്‍ത്തിക്കുന്നു.
മൗനത്തിലൂടെ പഠിപ്പിക്കുന്നു.
എണ്ണമറ്റ സംഭവങ്ങള്‍ അവിരാമമുണ്ടായി, ഇല്ലാതാകുന്നു;
സൃഷ്ടിക്കുന്നു, ഒന്നും സ്വന്തമാക്കുന്നില്ല;
പ്രവര്‍ത്തിക്കുന്നു, അംഗീകാരം തേടുന്നില്ല.
നിയതമായതു് ചെയ്യുന്നു, പിന്നെയതു വിടുന്നു.
അതിനാലതു് എന്നെന്നും നിലനില്ക്കുന്നു.
ആസ്വാദനം
അതെ, നാം ഇങ്ങനെയാണു്. ഭാഗികമായി മാത്രം കാര്യങ്ങള്‍ കാണാനും മനസ്സിലാക്കാനും വിധിക്കപ്പെട്ടവര്‍. ആ ഒരൊറ്റ കാരണത്താല്‍മാത്രം ദു:ഖമനുഭവിച്ചു കഴിയേണ്ടി വരുന്നവര്‍. ജീവിതത്തെ സമഗ്രമായി കാണാനും ഉള്‍ക്കൊള്ളാനും കഴിയാത്തിടത്തോളം നമ്മുടെ വിധി അധോഗതിയാണെന്നാണു് ലാവോത്സു പറയുന്നതു്.
പ്രാണനുതുല്യം സ്നേഹിച്ചവരുമായി നിസ്സാര കാര്യത്തിനു പിണങ്ങിയാല്‍ പിന്നെ അവര്‍ ഏറ്റവും വെറുക്കപ്പെട്ടവരാകുന്നു. ആരോടു സഹകരിച്ചാലും അവരുമായി ഇനി സഹകരിക്കുന്ന പ്രശ്‌നമില്ലെന്നു് ഉറപ്പിക്കുന്നു. ആഗ്രഹിച്ചാല്‍പ്പോലും അവരുമായി ഇണങ്ങാന്‍ നമുക്കു കഴിയാതെ പോകുന്നു. സ്നേഹം കൂടുന്നതിനനുസരിച്ചു് ഉള്ളില്‍ നാംപോലുമറിയാതെ വെറുപ്പിന്റെ വേരുകള്‍ ശക്തമായ്‌ക്കൊണ്ടിരിക്കുന്നു.
അവളുടെ അല്ലെങ്കില്‍ അവന്റെ സൗന്ദര്യത്തിലും സൗമ്യതയിലും ആകൃഷ്ടരായി ഇനിയും ജന്മങ്ങള്‍ ഉണ്ടെങ്കില്‍ അതിലെല്ലാം ഞങ്ങള്‍ ഇണകളായിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണു് ജീവിതം തുടങ്ങിയതു്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതോടെ വൈരൂപ്യവും ക്രൗര്യവും വിരസതയും ഉണര്‍ന്നു വരികയായി. പ്രതീക്ഷകളെല്ലാം കീഴ്‌മേല്‍ മറിയുന്നു. ജീവിതം ദുസ്സഹമായി മാറുന്നു. ലാവോത്സു നമുക്കു് താക്കീതു തരുന്നു;
“സൗന്ദര്യം ദര്‍ശിക്കുന്നതു്
വൈരൂപ്യമുള്ളതുകൊണ്ടാണു്.
നന്മ കാണുന്നതു്
തിന്മയുള്ളതിനാലാണു്.””
ഇതു സത്യമാണെന്ന അനുഭവം നമുക്കേവര്‍ക്കുമുണ്ടു്. എന്നാല്‍പ്പിന്നെ ആരുമായും ഒന്നുമായും ബന്ധപ്പെടാതിരിക്കണമെന്നാണോ? ആരെയും വിശ്വസിക്കരുതെന്നാണോ? സൗന്ദര്യത്തെ ആസ്വദിക്കരുതെന്നാണോ? പ്രേമത്തിന്റെ മാധുര്യം നുകരേണ്ടെന്നാണോ? പിന്നെ ജീവിതത്തിനു് എന്താണു് രസം? എന്താണു് അര്‍ത്ഥം? അല്ലെങ്കില്‍ പിന്നെ എങ്ങനെയാണു് ജീവിക്കേണ്ടതു്?
വഴിയുണ്ട്. പക്ഷേ, ഇത്രയും കാലത്തെ ശീലങ്ങള്‍, രീതികള്‍, സ്വഭാവങ്ങള്‍, മുന്‍വിധികള്‍, മനസ്സിലാക്കലുകള്‍, എല്ലാം ഒന്നു പുന:ക്രമീകരിക്കേണ്ടി വരുമെന്നാണ് അറിഞ്ഞവര്‍ പറയുന്നത്. പലതും എന്നന്നേയ്ക്കുമായി ഉപേക്ഷിക്കേണ്ടിയും വരും. കാലങ്ങളായി നാം ഏറ്റി നടക്കുന്ന വിശ്വാസങ്ങള്‍! അത് ഒരു ആശ്വാസവും നമുക്കു നല്കിയിട്ടില്ലെങ്കിലും പരമ്പരാഗതമായി കിട്ടിയതിനാല്‍ വിട്ടു കളയാന്‍ മടിച്ചുകൊണ്ട് നാം ചുമന്നു നടക്കുകയാണ്. അങ്ങനെ ഒത്തിരി ഒത്തിരി ക്ലാവു പിടിച്ച ധാരണകള്‍ അഴിഞ്ഞു പോകേണ്ടതുണ്ട്. നാം മനുഷ്യര്‍ക്ക് അതിത്തിരി പ്രയാസം തന്നെയാണ്. കാരണം എന്നും നമുക്ക് നാം ശരിയും മറ്റുള്ളവരെല്ലാം തെറ്റും ആണല്ലൊ! അതിനാല്‍ എന്റെ ശരികളെ ഞാന്‍ എങ്ങനെ വിട്ടുകളയും? എങ്കിലും നാം മനുഷ്യരില്‍ മാത്രമെ ഈ സമഗ്രദര്‍ശനത്തിനു് സാദ്ധ്യതയുള്ളൂ എന്നു നാം മറക്കാതിരിക്കണം. ഇത്രയുംനാള്‍ കൊണ്ടുനടന്നത് അബദ്ധജഢിലങ്ങളാണെന്നറിഞ്ഞാലും അതു വിട്ടു കളയുക എന്നത് വേദനാജനകം തന്നെയാണ്. ഇത്രയും നാളത്തെ ജീവിതം അതിന്റെ അടിസ്ഥാനത്തിലായിരുന്നല്ലോ! അതുമായി നാം അത്രയ്ക്കു തന്മയീഭവിച്ചു പോയിട്ടുണ്ടാവും. പക്ഷേ, വിട്ടേ മതിയാവൂ. അല്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യത്തിന്റെ മാധുര്യമാണ്. ജീവിതത്തിന്റെ അനായാസതയാണ്.
ഒരു സിനിമ കാണുകയോ ഒരു നോവല്‍ വായിക്കുകയോ ചെയ്യുമ്പോള്‍ നാം എങ്ങനെയാണ്?! കണ്ണുനീരിന്റേയും പുഞ്ചിരിയുടേയും എത്രായിരം ഏറ്റക്കുറച്ചിലുകളിലൂടെയാണു് അതു നമ്മെ കൊണ്ടു പോകുന്നത്. എത്ര ഏകാഗ്രമായാണ് യാതൊരു പരാതിയുമില്ലാതെ നാം അതിലൂടെ കരഞ്ഞും ചിരിച്ചും സഞ്ചരിക്കുന്നത്! ആ യാത്രയില്‍ നമ്മുടെ പ്രാണന്‍ എത്ര മൗനാത്മകമായാണ് സാക്ഷിയായി വര്‍ത്തിച്ചത്. അവസാനത്തെ അദ്ധ്യായവും വായിച്ചു തീര്‍ത്ത് നാം അനന്തതയിലേക്കുംനോക്കി ചുമ്മാ ഇരിക്കും. ഉള്ളിന്റെയുള്ളിലേക്ക് ആഴ്ന്നുപോകുന്ന അനുഭവം. വല്ലാത്തൊരു ശാന്തി. എന്തൊക്കെയോ ഉള്ളില്‍നിന്നും കൊഴിഞ്ഞു പോയതുപോലുള്ള ലാഘവത്വം. സത്യത്തില്‍ നമ്മുടെ ജീവിതവും ഇങ്ങനെയല്ലേ? പക്ഷെ നമുക്ക് ഒരു നോവല്‍ വായിക്കുന്നതുപോലെ ഏകാഗ്രമായി അതിലൂടെ കടന്നു പോകാനാവുന്നില്ല. അതുകൊണ്ടുതന്നെ ആ മൗനാത്മകത അനുഭവിക്കാനുമാവുന്നില്ല.
നമ്മുടെ ജീവിതത്തിലൊഴികെ പ്രപഞ്ചത്തിലുള്ള എല്ലാ മാറ്റത്തേയും അറിഞ്ഞോ അറിയാതെയോ പരാതിയില്ലാതെ നാം സ്വീകരിക്കുന്നുണ്ട്. വേനലില്‍ ചുട്ടുപൊള്ളുമ്പോഴും അതു സഹിച്ചുകൊണ്ട് മഴയ്ക്കായി കാത്തിരിക്കാന്‍ നാം തയ്യാറാണ്. എന്നാല്‍ നമ്മുടെ ജീവിതത്തെ നമുക്ക് അങ്ങനെ കാണാനാവുന്നില്ല. എല്ലാം നാം ആഗ്രഹിക്കുന്ന പടി തുടരണം. എപ്പോഴും ഹൃദയം ഉദിച്ചു നില്ക്കണം. സദാ സന്തുഷ്ടരായിരിക്കണം. അതൊന്ന് ഇത്തിരി മങ്ങിയാല്‍ ആധിയായി.
പ്രകൃതിയില്‍ മാറ്റം എന്നത് ഒഴിവാക്കാനാവാത്ത സത്യമാണ്. ആ പ്രകൃതിയുടെ ഭാഗമായിരിക്കുന്ന നാമും മാറിക്കൊണ്ടേയിരിക്കും. നമ്മിലുള്ളതും മാറിക്കൊണ്ടിരിക്കും. കുഞ്ഞായി, കുമാരനായി, യുവാവായി, മദ്ധ്യവയസ്‌ക്കനായി, വൃദ്ധനായി പിന്നെ നാം എന്നന്നേയ്ക്കുമായി ഇല്ലാതാവുകയും ചെയ്യും. ഇതൊക്കെ ബുദ്ധിപരമായി അറിയാമെങ്കിലും ഒന്നും മാറരുതെന്നാണ് നമ്മുടെ ആഗ്രഹം. ഒരിക്കലും മരിക്കില്ല എന്നു തന്നെയാണ് നമ്മുടെ വിശ്വാസം. നമ്മുടെയൊക്കെ ചെയ്തികളും ആധികളും കണ്ടാല്‍ ഒരിക്കലും മരിക്കാന്‍ സാദ്ധ്യതയില്ലെന്ന് ഉറപ്പിച്ച മട്ടാണ്.
ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മെല്ലെമെല്ലെ തെളിഞ്ഞു കിട്ടുന്ന ഉള്‍വെളിച്ചമാണ് മാറ്റത്തെ പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കാനുള്ള മനോഭാവത്തിലേക്ക് അയാളെ നയിക്കുന്നത്. വന്നു ചേരുന്നതും ഒഴുകി മറയുന്നതും അയാള്‍ പരാതിയില്ലാതെ അനുഭവിക്കുന്നു. വന്നു ചേര്‍ന്നതു് ഒഴുകി മറയുമെന്നും വരാതിരിക്കുന്നതു് വന്നു ചേരുമെന്നും അയാള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇനി അതു ഉറച്ചു കിട്ടുകയേ വേണ്ടൂ. ആ ഉറപ്പ് സ്വാനുഭവങ്ങള്‍ക്കു മേലുള്ള നിത്യനിരന്തരമായ നിരീക്ഷണത്തിലൂടെ വന്നു ചേരേണ്ടതാണ്.
സ്വന്തമാക്കാനായി സ്വരൂപിക്കുന്നതെല്ലാം ഒരുനാള്‍ ഒഴുകി മറയുമെന്നറിയുന്നതോടെ ആധിയും വ്യാധിയും നിറയ്ക്കുന്ന സ്വാര്‍ത്ഥതയെ അവര്‍ വെടിയുന്നു. അംഗീകാരത്തിനായി ചെയ്തുകൂട്ടുന്നതെല്ലാം ഒരുനാള്‍ അപവാദത്തിലേക്കു നയിയ്ക്കുമെന്നറിയുന്നതോടെ അവശ്യംവേണ്ട കര്‍മ്മങ്ങളനുഷ്ഠിച്ച് മൗനമായി കഴിയാന്‍ തീരുമാനിക്കുന്നു. ഒന്നിലും പറ്റില്ലാതെ എല്ലാറ്റിലും വര്‍ത്തിക്കുന്നവരായി ആ അറിവ് നമ്മെ മാറ്റുന്നു.
ശരീരത്തിന്റെ നിലനില്പിനുവേണ്ടതുമാത്രം മതി. തന്റെ ഹൃദയത്തിനു പാരസ്പര്യപ്പെടാവുന്നതുമായിമാത്രം ഇടപെട്ടാല്‍മതി. അവശ്യംവേണ്ട ബന്ധങ്ങള്‍ മതി. ഒത്തിരി വാചാലരാവേണ്ടതില്ല. അതു ഊര്‍ജ്ജനഷ്ടം മാത്രമേ സമ്മാനിക്കൂ. ലാവോത്സു പറയുന്നു:
“ജ്ഞാനി നിഷ്‌ക്രിയനായി വര്‍ത്തിക്കുന്നു;
മൗനത്തിലൂടെ പഠിപ്പിക്കുന്നു.
എണ്ണമറ്റ സംഭവങ്ങള്‍ അവിരാമം
ഉണ്ടായി, നിലനിന്നു്, ഇല്ലാതായിപ്പോകുന്നു.
സൃഷ്ടിക്കുന്നു; ഒന്നും സ്വന്തമാക്കുന്നില്ല.
പ്രവര്‍ത്തിക്കുന്നു; അംഗീകാരം തേടുന്നില്ല.
നിയതമായതു് ചെയ്യുന്നു, പിന്നെ അതു വിടുന്നു.
അതിനാല്‍ അതു് എന്നന്നേയ്ക്കുമായി നിലനില്ക്കുന്നു.””
ഇങ്ങനെ ജീവിതത്തെ അതിന്റെ സ്വാഭാവികതയോടെ സ്വീകരിക്കാന്‍ ഒരുവനെ പ്രാപ്തനാക്കുന്ന അറിവ് അദ്ദേഹം നേരത്തെ സൂചിപ്പിക്കുന്നുണ്ട്. അതിതാണ്:
“ഉണ്മയും ഇല്ലായ്മയും ഒന്നിച്ചുണരും.
ആയാസതയും അനായാസതയും പരസ്പരപൂരകം.
നീണ്ടതും കുറിയതും പരസ്പരബന്ധിതം.
ഉയര്‍ച്ചയും താഴ്ചയും പരസ്പരാശ്രിതം.
സ്വരവും ധ്വനിയും പരസ്പരം ലയിക്കുന്നു.
മുന്‍പും പിന്‍പും ഒന്നൊന്നിനെ പിന്തുടരുന്നു.””
യാതൊന്നുണ്ടാകുമ്പോഴും അതോടൊപ്പംതന്നെ അതിന്റെ വിനാശവും ഉണരുന്നുണ്ട്. എന്നാല്‍ ഉണ്മയുടെ നിറവില്‍ അഭിരമിക്കുന്ന നമ്മുടെ മനസ്സിനു് അതില്‍ ലീനമായിരിക്കുന്ന ഇല്ലായ്മയുടെ സന്ദേശത്തെ വായിച്ചെടുക്കാന്‍ കഴിയാറില്ല. ഒരു കുഞ്ഞ് ജനിച്ചു വരുമ്പോള്‍ ഒപ്പം മരണവും സഹചാരിയായുണ്ട്. കുഞ്ഞ് വളര്‍ന്നു വരുമ്പോള്‍ മരണം കൂടുതല്‍ സജീവമാവുകയാണെന്ന് നാം അറിയാറില്ല. വളര്‍ച്ച മരണത്തിലേക്കാണെന്നുള്ള യാഥാര്‍ത്ഥ്യം നാം മറന്നുപോകുന്നു. എന്നാല്‍ ജ്ഞാനികള്‍ക്ക് അതറിയാം. സുഗന്ധംപരത്തി വിരിഞ്ഞുനില്ക്കുന്ന പൂവിനുമുമ്പില്‍ ആഹ്ലാദത്തോടെ നില്ക്കുന്ന ജ്ഞാനി അടുത്തനിമിഷം അതില്ലാതായിപ്പോകുമെന്ന യാഥാര്‍ത്ഥ്യംകൂടി അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ പൂവിന്റെ കൊഴിയല്‍ അവന്റെ ഹൃദയത്തെ നോവിപ്പിക്കുമെങ്കിലും ആ വേദനയില്‍ അവന്‍ വേദനിക്കുകയില്ല. അനിവാര്യമായ ഇല്ലായ്മയാണ് അതെന്നു് അവനറിയാം. അത് പൊടുന്നനെ സംഭവിച്ചതല്ലെന്നും സജീവതയില്‍ നിര്‍ജീവത ലീനമായിരുന്നെന്നും അവന്‍ നേരത്തെ അറിഞ്ഞിട്ടുണ്ട്. എല്ലാ വൈരുദ്ധ്യങ്ങള്‍ക്കും അധിഷ്ഠാനമായിക്കുന്ന പൊരുളിനെ കണ്ടുകൊണ്ടിരിക്കാനുള്ള കാഴ്ച അവന്‍ ആര്‍ജ്ജിച്ചിട്ടുണ്ട്. അതുകൊണ്ടാണു് അവന് നിഷ്‌ക്രിയനായി വര്‍ത്തിക്കാന്‍ കഴിയുന്നത്.
ഒഴിവാക്കാനാവാത്ത ഈ മാറ്റങ്ങളെ അറിഞ്ഞ് ജീവിതത്തെ അതിന്റെ സ്വാഭാവികതയില്‍ ഒഴുകാനനുവദിച്ചാല്‍ എല്ലാം അതിന്റെ വഴിയില്‍ ശരിയായി വന്നുചേരും. കടുംപിടുത്തങ്ങള്‍ വേണ്ട. നിലപാടുകളും വേണ്ട. എല്ലാ ന്യൂനതകളോടെയും നമുക്കൊഴുകാം. വേണ്ടാത്തതെല്ലാം ആ ഒഴുക്കില്‍ അലിഞ്ഞില്ലാതായേ്ക്കാള്ളും. വേണ്ടതെല്ലാം നമ്മില്‍ പറ്റിച്ചേര്‍ന്നോളും. നമുക്കാകെ ചെയ്യാനാവുന്നതു് ആ മഹത്തായ താവോയോടൊപ്പം കനിവോടെ ഒഴുകുക മാത്രം. അതു കരുതിവെച്ചിരിക്കുന്നതൊക്കെ പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കുക മാത്രം. ജീവിതമേ, അതിനുള്ള ക്ഷമയും വഴക്കവും എന്നില്‍ സംഭവിക്കണേ എന്ന പ്രാര്‍ത്ഥനയോടെ നമുക്കലിയാം…