താഴ്‌വരത അനശ്വരം
Discourse
താഴ്‌വരത അനശ്വരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th July 2012, 11:49 pm

Taoyude Pusthakam

അദ്യായം ആറ്‌

സ്പിരിച്വല്‍/ഷൗക്കത്ത്

താഴ്‌വരത അനശ്വരം.

നിഗൂഢമായ സൈ്ത്രണത;

ആകാശഭൂമികളുടെയെല്ലാം പ്രഭവസ്ഥാനം.

മൂടുപടത്താല്‍ മറയ്ക്കപ്പെട്ടതുപോലെ അവ്യക്തം.

അവളെ പുല്കുക; എല്ലാം ശുഭമായ് വരും.

താഴ്‌വാരം ഇല്ലായ്മയാണ്. ഇല്ലായ്മ ഒരിക്കലും ഇല്ലാതാവുകയില്ല. ഉള്ളതെല്ലാം ഒരുനാള്‍ ഇല്ലാതായേ മതിയാവൂ. ഉള്ളതിനെയെല്ലാം വഹിച്ചു നില്ക്കുന്നതു ഇല്ലായ്മയാണ്. അതുകൊണ്ടാണ് പറയുന്നത് താഴ്‌വരത അനശ്വരമാണെന്ന്.

ആസ്വാദനം

ഔന്നത്യങ്ങളിലാണ് നമ്മുടെ നോട്ടമെങ്കിലും ജീവിതത്തിന്റെ എല്ലാ ആനന്ദവും രൂഢമൂലമായിരിക്കുന്നത് താഴ്‌വരതയിലാണ്. ജീവിതത്തോടു വിശ്വാസവും സ്നേഹവും ഉള്ളവരില്‍ സംഭവിക്കുന്നതാണ് താഴ്‌വരത്വം. താഴ്മയും ആര്‍ദ്രതയുംനിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്നവരില്‍ മാത്രം സംഭവിക്കുന്ന ഈ ഒഴിവ് അനശ്വരമായ ഒരനുഗ്രഹമാണ്.

[]

താഴ്‌വാരം ഇല്ലായ്മയാണ്. ഇല്ലായ്മ ഒരിക്കലും ഇല്ലാതാവുകയില്ല. ഉള്ളതെല്ലാം ഒരുനാള്‍ ഇല്ലാതായേ മതിയാവൂ. ഉള്ളതിനെയെല്ലാം വഹിച്ചു നില്ക്കുന്നതു ഇല്ലായ്മയാണ്. അതുകൊണ്ടാണ് പറയുന്നത് താഴ്‌വരത അനശ്വരമാണെന്ന്.

ലാവോത്സു തുടര്‍ന്നു പറയുന്നു; “ആ താഴ്‌വരത നിഗൂഢമായ സൈ്ത്രണതയാണ്.”

നാം മനുഷ്യര്‍ സ്ത്രീയായാലും പുരുഷനായാലും പൊതുവെ പൗരുഷമുള്ളവരാണ്. പൗരുഷം പരുഷമാണ്. അത് സംഘര്‍ഷങ്ങളുടെ ഭൂമികയാണ്. വാദങ്ങളുടെയും തര്‍ക്കങ്ങളുടെയും കടുംപിടുത്തങ്ങളുടെയും തട്ടകമാണ്. അവിടെ അനശ്വരമായ താഴ്‌വരത അനുഭവിക്കുക അസാദ്ധ്യമാണ്. ഹൃദയവിമലീകരണത്തിലൂടെ സൈ്ത്രണതയെ പ്രാപിച്ചാല്‍ മാത്രമെ അനശ്വരമായ വിശുദ്ധി നമുക്ക് അനുഭവമാകുകയുള്ളൂ.

അഹന്തയുടെ അഭാവമാണ് സൈ്ത്രണം. പരിപൂര്‍ണ്ണമായ വഴങ്ങിക്കൊടുക്കലാണത്. എന്തിനെയും അതിന്റെ തനിമയില്‍ സ്വീകരിക്കാനുള്ള ഹൃദയവിശാലത. അതു നിഗൂഢമാണ്. ജലം ഭൂമിക്കടിയില്‍ വിശ്രമിക്കുന്നതുപോലെ നമ്മില്‍ വിലീനമായിരിക്കുന്ന നനവാര്‍ന്ന കനിവാണത്. അല്ലാതെ അതു് സ്ത്രീയുടെ ഗുണമല്ല. സൈ്ത്രണവും മാതൃത്വവും സ്ത്രീയിലും പുരുഷനിലുമുണ്ട്. അല്ലാതെ സ്ത്രീയില്‍ സ്വാഭാവികമായുള്ളതോ പുരുഷന്‍ ആര്‍ജ്ജിക്കേണ്ടതോ അല്ല. ഇതുതന്നെയാണ് “ഒരു പുരുഷനേയുള്ളൂ, ബാക്കിയെല്ലാം സ്ത്രീയായലും പുരുഷനായാലും സ്ത്രീകള്‍ മാത്രമാണു് “എന്നു് മീര വിളിച്ചുപറഞ്ഞത്.

അഹന്തയുടെ അഭാവമാണ് സൈ്ത്രണം. പരിപൂര്‍ണ്ണമായ വഴങ്ങിക്കൊടുക്കലാണത്. എന്തിനെയും അതിന്റെ തനിമയില്‍ സ്വീകരിക്കാനുള്ള ഹൃദയവിശാലത

എന്നാല്‍ സ്ത്രീപുരുഷന്മാരുടെ ജീവിതം പരിശോധിച്ചാല്‍ സൈ്ത്രണതയുടെ സ്പന്ദനങ്ങള്‍ അതിന്റെ എല്ലാ നിറവോടുകൂടിയും കാണാന്‍ കഴിയുക ഏറെയും സ്ത്രീകളില്‍തന്നെയാണ്. അവര്‍ അത്രയ്ക്കും വഴക്കമുള്ളവരാണ്. കൊച്ചുകൊച്ചു കാര്യങ്ങളില്‍പോലും സന്തോഷിക്കാന്‍ കഴിയുന്നവരും ധൃതിയില്ലാത്തവരുമാണ്. അതിനാല്‍ പുരുഷനേക്കാള്‍ എളുപ്പത്തില്‍ ആ കനിവില്‍ നിറയാന്‍ കഴിയുക സ്ത്രീകള്‍ക്കുതന്നെയാണ്. പുരുഷന് ആ സാഗരത്തില്‍ ലയിച്ചുചേരാന്‍ അല്പം പ്രയാസപ്പെടേണ്ടിവരും. കാരണം നമ്മെ സഹജനിലയില്‍നിന്നും അകറ്റിക്കൊണ്ടുപോകുന്ന തത്ത്വചിന്താവിചിന്തനങ്ങളുടെ ഊരാക്കുടുക്കുകളില്‍ നാം സ്വയം ബന്ധനസ്ഥരാണു്.

സ്ത്രീ നേരേ തിരിച്ചാണ്. ഹൃദയമാണ് അവളുടെ മേച്ചില്‍പ്പുറം. അവിടെ ചിന്തകള്‍ക്ക് പ്രാധാന്യമില്ല. ശുദ്ധമായ വൈകാരികതയാണ് ഹൃദയത്തിന്റെ താളം. അത് നിഗൂഢമായ സൈ്ത്രണതയുടെ ഇരിപ്പിടമാണ്. പുരുഷന്‍ അഹന്തയാല്‍ സൃഷ്ടിച്ച ചിന്താഭാരങ്ങളില്‍നിന്നും നിവര്‍ത്തിച്ച് ഹൃദയത്തില്‍ സ്വസ്ഥനായതിനുശേഷമേ ഈ നിഗൂഢതയിലേക്കു പ്രവേശിക്കാന്‍ കഴിയൂ.

സ്ത്രീ നേരേ തിരിച്ചാണ്. ഹൃദയമാണ് അവളുടെ മേച്ചില്‍പ്പുറം. അവിടെ ചിന്തകള്‍ക്ക് പ്രാധാന്യമില്ല. ശുദ്ധമായ വൈകാരികതയാണ് ഹൃദയത്തിന്റെ താളം. അത് നിഗൂഢമായ സൈ്ത്രണതയുടെ ഇരിപ്പിടമാണ്

ഇന്ന് സ്ത്രീയും പുരുഷനും ഏതാണ്ട് ഒരുപോലെയാണ്. രണ്ടുപേരും സൈ്ത്രണതയില്‍നിന്നും ഏറെ അകന്നുപോയിരിക്കുന്നു. പാരുഷ്യത്തിന്റെയും മാത്സര്യത്തിന്റെയും അസ്വസ്ഥതകളില്‍ കുരുങ്ങിക്കിടക്കുകയാണു് നാം. ഇതില്‍നിന്നും ഒരു മതത്തിനും ദര്‍ശനത്തിനും നമ്മെ രക്ഷിക്കാനാവില്ല. കാരണം, എല്ലാ മതങ്ങളും ദര്‍ശനങ്ങളും പുരുഷന്‍ സൃഷ്ടിച്ചതാണ്. അവന്റെ നിര്‍ബന്ധബുദ്ധിയും കാര്‍ക്കശ്യങ്ങളും, ആ മതങ്ങളിലും അവന്‍ സൃഷ്ടിച്ച ദൈവങ്ങളിലും ആവേശിച്ചിട്ടുണ്ട്. അവിടെ താഴ്‌വരയേക്കാള്‍ കൊടുമുടികള്‍ക്കാണ് പ്രാധാന്യം. കീഴടക്കലിലാണ് അവര്‍ക്കു പ്രിയം. വഴങ്ങിക്കൊടുക്കല്‍ അവിടെ വാക്കില്‍ മാത്രമേയുള്ളൂ. യുദ്ധങ്ങളും വരുതികളുമാണ് അവര്‍ കൂടുതലായും നമുക്കു നല്കിയത്. അതുകൊണ്ടുതന്നെ സഹജനിലയിലേക്കു ഒഴുകിയെത്തുകയെന്നത് അവിടെ അസാദ്ധ്യമാണ്.

തനിമയിലേക്കു യാത്ര തിരിച്ചവര്‍ക്കൊക്കെ അവര്‍ പേറിക്കൊണ്ടു നടന്ന മതങ്ങളെയും ദര്‍ശനങ്ങളെയും യാത്രയില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. യാത്രയില്‍ ഒരു ഘട്ടംവരെ ആശ്വാസമായിരുന്ന അവയെല്ലാം അതിനപ്പുറം താങ്ങാനാവാത്ത ഭാരമായിത്തീരുകയാണുണ്ടായത്. മിസ്റ്റിക്കുകളെ നോക്കുക. അവരുടെ മുഖങ്ങളില്‍ സൗമ്യമായ സൈ്ത്രണത വശ്യതയാര്‍ന്നു പരിലസിക്കുന്നതു നമുക്കു കാണാനാകും. അവരുടെ യാത്ര തനിച്ചായിരുന്നു. അലിഞ്ഞലിഞ്ഞ് ഇല്ലാതാവുകയായിരുന്നു അവര്‍. അങ്ങനെയാണ് അവര്‍ നിഗൂഢമായ സൈ്ത്രണതയെ പുല്കിയത്. മറ്റുള്ളവരെ നന്നാക്കിയെടുക്കുക ഒരിക്കലും ലക്ഷ്യമായിരുന്നില്ല. നിഗൂഢമായ ആ പൊരുളിനെ സാക്ഷാത്ക്കരിക്കാനായി അവര്‍ എല്ലാം വിട്ടിറങ്ങിപ്പോയിട്ടുണ്ട്. അവരുടെ സാന്നിദ്ധ്യത്തില്‍ പലരിലും ശുദ്ധിക്കായുള്ള വെമ്പല്‍ ഉണര്‍ന്നു വന്നിട്ടുമുണ്ട്.

മതപുരോഹിതന്മാരുടെ മുഖങ്ങളില്‍ വിരസതയുടെയും സുഖാലസ്യത്തിന്റെയും കാരുണ്യരാഹിത്യമാണ് നാം കാണുന്നത്. അവര്‍ക്ക് അവരുടെ ആന്തരികശുദ്ധീകരണത്തേക്കാള്‍ മറ്റുള്ളവരെ ശുദ്ധീകരിക്കുന്നതിലാണ് താല്പര്യം. സംഘബലം വര്‍ദ്ധിപ്പിക്കലാണ് പരമലക്ഷ്യം. അതുകൊണ്ടാണ് ഭയവും വിരസതയുംനിറഞ്ഞ സാന്നിദ്ധ്യമായിമാത്രം നമുക്ക് അവരെ അനുഭവിക്കേണ്ടിവരുന്നത്.

എന്നാല്‍ മതപുരോഹിതന്മാരുടെ മുഖങ്ങളില്‍ വിരസതയുടെയും സുഖാലസ്യത്തിന്റെയും കാരുണ്യരാഹിത്യമാണ് നാം കാണുന്നത്. അവര്‍ക്ക് അവരുടെ ആന്തരികശുദ്ധീകരണത്തേക്കാള്‍ മറ്റുള്ളവരെ ശുദ്ധീകരിക്കുന്നതിലാണ് താല്പര്യം. സംഘബലം വര്‍ദ്ധിപ്പിക്കലാണ് പരമലക്ഷ്യം. അതുകൊണ്ടാണ് ഭയവും വിരസതയുംനിറഞ്ഞ സാന്നിദ്ധ്യമായിമാത്രം നമുക്ക് അവരെ അനുഭവിക്കേണ്ടിവരുന്നത്. താഴ്‌വരതയെയും അതിലേക്കു നയിക്കുന്ന നിഗൂഢമായ സൈ്ത്രണതയെയും ജീവിതത്തില്‍നിന്നും അകറ്റിയതുകൊണ്ടാണ് അവര്‍ ഹൃദയത്തില്‍നിന്നും അകന്നുപോയത്. വഴിയിലായ ഒരുവന്‍ ബുദ്ധനെയും ക്രിസ്തുവിനെയും മീരയെയും റാബിയയെയുംപോലെയുള്ള നിഗൂഢാത്മാക്കളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ധ്യാനിക്കുമ്പോഴും അവരുടെ പിന്‍ഗാമികളായി വന്നവരെ പൂര്‍ണ്ണമായും അകറ്റിനിറുത്തേണ്ടിവന്നത് അതുകൊണ്ടാണ്.

ഇക്കാണായ സര്‍വ്വപ്രപഞ്ചങ്ങളുടെയും മൂലം ആ അനശ്വരമായ താഴ്‌വരതയാണെന്ന് ലാവോത്സു പറയുന്നു. അമ്മയില്‍നിന്നാണ് കഞ്ഞുങ്ങളെല്ലാം പിറന്നുവരുന്നത്. ആ മാതൃത്വത്തെ ഉപമയായി സ്വീകരിച്ചുകൊണ്ട് പറയുന്നു, “നിഗൂഢമായ സൈ്ത്രണതയാണു് ആകാശഭൂമികളുടെയെല്ലാം പ്രഭവസ്ഥാനം.” അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ചുരുണ്ടുകിടക്കുന്ന പൈതല്‍പോലെ മറഞ്ഞിരിക്കയാണവള്‍. സ്വര്‍ണ്ണപ്പാത്രംകൊണ്ട് വിണ്ണിലെ ശാശ്വതസത്യം മൂടപ്പെട്ടിരിക്കുന്നുവെന്ന് ഉപനിഷദ് ഋഷി പറയുന്നതും മൂടുപടത്താല്‍ മറയ്ക്കപ്പെട്ടപോലെ അവ്യക്തമാണു് ആ ജഗദ്ജനനിയെന്ന് ലാവോത്സു പറയുന്നതും ഒന്നുതന്നെ.

അവ്യക്തമായിരിക്കുന്ന, നിഗൂഢമായിരിക്കുന്ന അവളെ എങ്ങനെയാണ് അറിയുക? ആ മഹനീയതയില്‍ എന്നന്നേക്കമായി ഇല്ലാതായിത്തീരാന്‍ എന്താണു ചെയ്യേണ്ടത്? കാലം, ദേശം മുതലായ മൃദുനൂലുകളാല്‍ നെയ്ത ലീലാപടംകൊണ്ട് ശരീരം മുഴുവന്‍ മറച്ചിരിക്കുന്ന ഭവതിയുടെ തനിസ്വരൂപം എങ്ങനെയാണു് വെളിപ്പെട്ടു കിട്ടുക? എല്ലാ അന്വേഷകരും എന്നും ചോദിച്ചിട്ടുള്ള ചോദ്യം. ഒന്നേയുള്ളൂ മറുപടി. അവളില്‍ വിശ്വസിക്കുക. പരിപൂര്‍ണ്ണ ഹൃദയത്തോടെ അവളെ പുല്കുക. ആ ഒഴുക്കിലേക്ക് എടുത്തുചാടുക. വഴങ്ങിക്കൊടുക്കുക. അവള്‍ നിങ്ങളെ രൂപപ്പെടുത്തുമ്പോള്‍ അകന്നു മാറാതിരിക്കുക. വിനയാന്വിതരായി കീഴൊതുകൂക. പിന്നെ എല്ലാം ശുഭമായ്‌വരും.

ഷൗക്കത്തിന്റെ “താവോയുടെ പുസ്തകം” എന്ന ഈ പംക്തിയിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കുക:

ആമുഖം : താവോയുടെ പുസ്തകം

അദ്ധ്യായം ഒന്ന്‌ :പറയാവുന്ന താവോ അനശ്വരമായ താവോയല്ല

അദ്ധ്യായം രണ്ടു്: സൗന്ദര്യം ദര്‍ശിക്കുന്നത് വൈരൂപ്യമുള്ളതിനാലാണ്

അദ്യായം മൂന്ന്: സ്തുതിക്കാതിരുന്നാല്‍ മാത്സര്യമില്ലാതാകും

അദ്യായം നാല്: താവോ ഒരു ഒഴിഞ്ഞ പാത്രം

അദ്യായം അഞ്ച്: ആകാശഭൂമികള്‍ നിഷ്പക്ഷമാണ്