ആകാശഭൂമികള്‍ എന്നെന്നും നിലനില്ക്കും
Discourse
ആകാശഭൂമികള്‍ എന്നെന്നും നിലനില്ക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th July 2012, 1:40 pm

സ്പിരിച്വല്‍/ഷൗക്കത്ത്


അദ്ധ്യായം ഏഴ്‌

ആകാശഭൂമികള്‍ എന്നെന്നും നിലനില്ക്കും.
ആകാശഭൂമികള്‍ നിലനില്ക്കുന്നതെന്തുകൊണ്ട്?

അവ ജനിച്ചതല്ല, അതിനാല്‍ നിത്യം.

ജ്ഞാനികള്‍ പിറകില്‍ നില്ക്കുന്നു; തന്മൂലം അവര്‍ മുമ്പിലാകുന്നു.

നിസ്സംഗതയോടെ എല്ലാറ്റിലും വര്‍ത്തിക്കുന്നു.

നിഷ്‌ക്കാമജീവിതത്തിലൂടെ പൂര്‍ണ്ണത പ്രാപിക്കുന്നു.

ആസ്വാദനം

ആകാശത്തില്‍നിന്നാണ് സര്‍വ്വതിന്റെയും ആരംഭം. ഉണ്ടായതെല്ലാം നിലനിന്ന് ഇല്ലാതായിപ്പോകും. എന്നാല്‍ ഏതില്‍നിന്നാണോ എല്ലാം ഉത്ഭവിച്ചുവന്നത്, അത് അനുസ്യൂതമായി തുടരും. എന്തുകൊണ്ടെന്നാല്‍ സര്‍വ്വതും സംസൃഷ്ടമാകുന്നതിന് കാരണമായത് എന്തില്‍നിന്നെങ്കിലും സംഭവിച്ചതല്ല. ഉണ്ടാവാത്തതൊന്നും ഇല്ലാതാകുകയില്ല. അത് നിത്യമാണ്. അതുകൊണ്ടു പറയുന്നു, ആകാശഭൂമികള്‍ എന്നെന്നും നിലനില്ക്കും. ഇവിടെ ഭൂമിയെന്നു പറയുമ്പോള്‍ മനുഷ്യരുള്‍പ്പെടുന്ന സകലജീവജാലങ്ങളും വസിക്കുന്ന ഇടമായ ഭൂമിമാത്രമെന്ന് ധരിക്കരുത്.[]

സൂര്യചന്ദ്രനക്ഷത്രഗണങ്ങള്‍ ഉള്‍പ്പെടുന്ന സര്‍വ്വപ്രപഞ്ചത്തെയും നാം ഭൂമിയായി കാണണം. ഇവയെല്ലാം ഉണ്ടായിരിക്കുന്നതായും ഇല്ലാതായിപ്പോകുന്നതായും നമുക്കു തോന്നുമെങ്കിലും സൂക്ഷ്മമായി അറിയുമ്പോള്‍ അവയെല്ലാം ആകാശങ്ങളാണെന്ന് മനസ്സിലാവും. ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമായിരിക്കുന്നതിനെ ഉള്ളതെന്നും അഗോചരമായിരിക്കുന്നതിനെ ഇല്ലാത്തതെന്നും നാം വിളിക്കുന്നുവെന്നേയുള്ളൂ. ആകാശത്തില്‍നിന്നുവേറെയായി നമുക്കുതോന്നുന്ന ഭൂമി ആകാശത്തില്‍നിന്നുണ്ടായ ആകാശം തന്നെയാണെന്ന് അറിയുമ്പോഴാണ് ആകാശഭൂമികള്‍ എന്നെന്നും നിലനില്ക്കുമെന്ന് ലാവോത്സു പറയുന്നത് മനസ്സിലാവുകയുള്ളൂ. അത്തരത്തിലുള്ള സമഗ്രാവബോധത്തില്‍മാത്രമെ, കാണപ്പെടുന്നതും കാണുന്നവനും, ഇതിനുരണ്ടിനും ഇരിപ്പിടമായിരിക്കുന്നതും അഭിന്നമല്ലെന്ന് നാം അറിയൂ.

ഭൗതികശാസ്ത്രത്തിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍, നമ്മുടെ അറിവില്‍, കാണപ്പെടുന്നതെല്ലാം പരമാണുക്കളുടെ സംഘാതമാണ്. മൂന്ന് ആടിസ്ഥാന കണങ്ങള്‍ ചേര്‍ന്നതാണ് പരമാണു. അണുകേന്ദ്രത്തില്‍ അഥവാ ന്യൂക്ലിയസ്സില്‍ ഞെരുങ്ങിക്കഴിയുകയാണ് പ്രോട്ടോണും ന്യൂട്രോണും. ഇലക്ട്രോണുകള്‍ അതിനുചുറ്റും പാഞ്ഞുനടക്കുന്നു. പരമാണുവിന്റെ വലിയൊരു പങ്ക് ശൂന്യതയാണ്.

നമ്മളീ കാണുന്ന ഘനവും ദാര്‍ഢ്യവുമെല്ലാം ഏറെക്കുറെ തോന്നലാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാവും. എന്നാല്‍ അതാണ് സത്യമെന്ന് സൂക്ഷ്മമായി നോക്കിയാല്‍ അറിയാന്‍ കഴിയും.

നമ്മളീ കാണുന്ന ഘനവും ദാര്‍ഢ്യവുമെല്ലാം ഏറെക്കുറെ തോന്നലാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാവും. എന്നാല്‍ അതാണ് സത്യമെന്ന് സൂക്ഷ്മമായി നോക്കിയാല്‍ അറിയാന്‍ കഴിയും. ശാസ്ത്രം, സൂക്ഷ്മമാപിനിയിലൂടെ വസ്തുക്കളെ നോക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് ശൂന്യമായ ഇടങ്ങളാണ്. ആരും അതിക്രമിച്ചു കടക്കാതിരിക്കാനായി നാം വീടിനുചുറ്റും തീര്‍ത്ത മതിലുകളുടെ മുക്കാല്‍ ഭാഗവും യഥാര്‍ത്ഥത്തില്‍ ശൂന്യമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഒരാള്‍ക്ക് അതിലൂടെ അകത്തു പ്രവേശിക്കാനാവാത്തത്?

മൂന്നു ലീഫുകളുള്ള ഫാന്‍ ശക്തിയായി കറകൂമ്പോള്‍ എല്ലായിടത്തും ചിറകുകളുള്ളതുപോലെ നമുക്കു തോന്നാറില്ലേ? കുറച്ചുകൂടി വേഗത്തില്‍ കറക്കിയാല്‍ വട്ടത്തിലുള്ള നിശ്ചലമായ ഒരു തകിടായിരിക്കും നാം കാണുക. ഒന്നും ചലിക്കുന്നതായി നമുക്കു തോന്നുകയില്ല. അനുവദിക്കപ്പെട്ട ഭ്രമണപഥത്തിന്റെ മുഴുവന്‍ സ്ഥലത്തും ഒരേ സമയം തന്നെ അവ നിറയുന്നു. എന്നാല്‍ ഫാന്‍ ഓഫാക്കിയാലാണ് നാം അറിയുക, മുക്കാല്‍ ഭാഗവും ശൂന്യമായിരുന്നെന്ന്.

ഇനി ആ ലീഫിലേക്ക് സൂക്ഷ്മമായി നോക്കിയാല്‍ അതിലും മുക്കാല്‍ഭാഗം ശൂന്യതയാണെന്ന് അറിയാന്‍ കഴിയും. അങ്ങനെ സൂക്ഷ്മമായി നോക്കുംതോറും ശൂന്യതയുടെ മഹാപ്രപഞ്ചമാണ് നമുക്കു മുമ്പില്‍ വിടര്‍ന്നു വരിക. ഫാനിന്റെ ലീഫ് എല്ലായിടത്തും ഉള്ളതുപോലെ നമുക്കു തോന്നുകയാണ് ചെയ്യുന്നത്. എന്നാല്‍ പരമാണുവില്‍ ഇലക്ട്രോണുകള്‍ യഥാര്‍ത്ഥത്തില്‍ ഒരേസമയം എല്ലായിടത്തും എത്തുന്നുണ്ട്. ഒരേ സമയം ഇലക്ട്രോണുകള്‍ എല്ലായിടത്തും നിറഞ്ഞിരിക്കുന്നതിനാലാണ് മതിലിനുള്ളിലൂടെ നമുക്ക് കടന്നുപോകാനാവാത്തത്.

നിങ്ങളൊരു കസേരയിലിരിക്കുമ്പോള്‍ വാസ്തവത്തില്‍ അതിലിരിക്കുകയല്ല, കസേരയ്ക്ക് അല്പം മുകളില്‍ അങ്ങനെ പൊങ്ങിക്കിടക്കുകയാണ്. അല്പം മുകളില്‍ എന്നു പറഞ്ഞാല്‍ ഒരു ആങ്‌സ്‌ട്രോം (ഒരു സെന്റീമീറ്ററിന്റെ പത്തുകോടിയിലൊരംശം) മുകളില്‍.

ബില്‍ബ്രൈസണ്‍ എന്ന ശാസ്ത്രസാഹിത്യകാരന്‍ തുടര്‍ന്നു പറയുന്നു; രണ്ടു വസ്തുക്കള്‍ ബില്യാര്‍ഡ്‌സ് ബോളാണ് സാധാരണ ഉദാഹരണമായെടുക്കാറ് അടുത്തടുത്ത് വരുമ്പോള്‍ യഥാര്‍ത്ഥത്തിലവ കൂട്ടിയിടിക്കുന്നില്ല. തിമോത്തി ഫെരീസിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ രണ്ടു പന്തിന്റെയും നെഗറ്റിവ് ചാര്‍ജ്ജുകള്‍ പരസ്പരം വികര്‍ഷിക്കുകയാണ് ചെയ്യുന്നത്. വൈദ്യുതചാര്‍ജ്ജില്ലായിരുന്നെങ്കില്‍ രണ്ടു ഗാലക്‌സികള്‍ കടന്നുപോകുമ്പോലെ തമ്മിലിടിക്കാതെ ഒന്നു മറ്റൊന്നിന്റെ ഉള്ളിലൂടെ കടന്നു പോകുമായിരുന്നു.

നിങ്ങളൊരു കസേരയിലിരിക്കുമ്പോള്‍ വാസ്തവത്തില്‍ അതിലിരിക്കുകയല്ല, കസേരയ്ക്ക് അല്പം മുകളില്‍ അങ്ങനെ പൊങ്ങിക്കിടക്കുകയാണ്. അല്പം മുകളില്‍ എന്നു പറഞ്ഞാല്‍ ഒരു ആങ്‌സ്‌ട്രോം (ഒരു സെന്റീമീറ്ററിന്റെ പത്തുകോടിയിലൊരംശം) മുകളില്‍. അതിലുമടുത്തു വരാന്‍ നിങ്ങളുടെ ശരീരത്തിലെ ഇലക്ട്രോണിന്റെയും കസേരയിലെ ഇലക്ട്രോണിന്റെയും വികര്‍ഷണം സമ്മതിക്കില്ല. അല്ലായിരുന്നെങ്കില്‍ നാം കസേരയ്ക്കുള്ളിലൂടെ ഊര്‍ന്നുവീണേനെ!

ഉണ്ടെന്നു തോന്നുന്നതായ നമ്മുടെ ശരീരവും കസേരയുമെല്ലാം അടുത്തുപരിശോധിക്കുമ്പോള്‍ മഹാശൂന്യതയാണ്. ദാര്‍ശനികലോകവും ശാസ്ത്രലോകവും ഒരേ കാര്യംതന്നെ രണ്ടു ഭാഷയില്‍ പറയുന്നുവെന്നേയൂള്ളൂ. ശരീരവും കസേരയും ബില്യാര്‍ട്‌സ് ബോളും എല്ലാം സത്യത്തില്‍ പരമാണു സംഘാതം മാത്രമാണെന്നും ആ പരമാണുവില്‍ മഹാശൂന്യതയാണധികമെന്നും അറിയുമ്പോള്‍ ഒന്നും ജനിക്കുകയോ നശിക്കുകയോ ചെയ്യുന്നില്ലെന്ന പരമാര്‍ത്ഥം നമുക്കു ബോദ്ധ്യമാകും. നിത്യമായ ശൂന്യതയുടെ നിത്യമായ ആവിഷ്‌ക്കാരമാണ് ഇക്കാണായതെല്ലാം. മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും പരിമിതികളാണ് ലോകത്തെ പലതായി അനുഭവിപ്പിക്കുന്നതെന്ന സത്യം അറിയുന്നതോടെ ആകാശഭൂമികളെല്ലാം എന്നെന്നും നിലനില്ക്കുമെന്നും അതു നിത്യമാണെന്നും ബോദ്ധ്യമാകും.

നമ്മുടെ ബോധാകാശത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. എത്രയെത്ര അനുഭവങ്ങളിലൂടെയാണ് നാം ദിവസവും കടന്നു പോകുന്നത്. ഇതോടെ എല്ലാം അവസാനിച്ചു എന്നു കരുതി നിരാശയുടെ പടുകുഴിയിലേക്ക് ആണ്ടുപോയ നാം എത്രയോ പ്രാവശ്യം നാം പോലുമറിയാതെ അതില്‍നിന്നും നിവര്‍ത്തിച്ച് സ്വസ്ഥിയിലേക്കു തിരിച്ചെത്തിയിരിക്കുന്നു.

പഞ്ചഭൂതാത്മകമാണ് ശരീരം. സ്ഥൂലമായ ഭൂമി മുതല്‍ സൂക്ഷ്മമായ ആകാശംവരെ നാം ശരീരത്തില്‍ അനുഭവിക്കാറുണ്ട്. ചിന്തകള്‍ ഒഴിഞ്ഞിരിക്കു മ്പോഴെല്ലാം ശരീരം എന്നൊന്ന് ഉണ്ടെന്നുപോലും നമുക്കു തോന്നുകയില്ല

അനുഭവങ്ങള്‍ക്കു മുകളില്‍ ധ്യാനനിരതമായിരിക്കുന്ന മനസ്സിന് നിലനിന്ന് ഇല്ലാതായിപ്പോകുന്ന വൈകാരികതയെ ക്ഷമാപൂര്‍ണ്ണമായ ഹൃദയത്തോടെ കൈകാര്യം ചെയ്യാനും നിയന്ത്രണാതീതമായ അവസ്ഥയിലേക്ക് വീണുപോകാതിരിക്കാനും കഴിയും. അവസാനം എല്ലാ വൈകാരികതയെയും വഹിച്ചുനില്ക്കുന്ന ബോധാകാശത്തിന്റെ വിശാലതയുമായി പ്രണയബദ്ധമാകുകയും ചെയ്യും. അവിടെയിരുന്ന് നോക്കുമ്പോഴാണ് എല്ലാം പരമ്പൊരുളിന്റെ തിരുവിളയാടല്‍ മാത്രമാണെന്ന് നാം അറിയുക.

പഞ്ചഭൂതാത്മകമാണ് ശരീരം. സ്ഥൂലമായ ഭൂമി മുതല്‍ സൂക്ഷ്മമായ ആകാശംവരെ നാം ശരീരത്തില്‍ അനുഭവിക്കാറുണ്ട്. ചിന്തകള്‍ ഒഴിഞ്ഞിരിക്കുമ്പോഴെല്ലാം ശരീരം എന്നൊന്ന് ഉണ്ടെന്നുപോലും നമുക്കു തോന്നുകയില്ല. അപ്പോള്‍ ശരീരത്തിലെ ആകാശത്തെയാണ് നാം അനുഭവിക്കുന്നത്. ചിന്താകലുഷമായിരിക്കുമ്പോള്‍ ശരീരം ഭാരമേറിയതായി നാം അനുഭവിക്കും. അപ്പോള്‍ നാം ഭൂമിയെയാണ് അനുഭവിക്കുന്നത്. സ്ഥൂലമായ ഭൂമ്യാനുഭവത്തില്‍നിന്നും സൂക്ഷ്മമായ ആകാശാനുഭവത്തിലേക്ക് ഉണര്‍ന്നു പോകുമ്പോഴാണ് ജീവിതം അനായാസമാണെന്ന് നാം അനുഭവിക്കുക. അതിനനുഗുണമായ രീതിയില്‍ ജീവിതത്തെ ക്രമീകരിക്കുന്നിടത്താണ് ഒരുവന്‍ വിവേകിയായിത്തീരുന്നത്.

സ്വാസ്ഥ്യത്തില്‍ മാത്രമാണ് ജനിക്കാത്തതും നിത്യവുമായ ആകാശത്തെ നമുക്ക് അനുഭവിക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെയുള്ള ധാരണയില്‍നിന്നും ഉണര്‍ന്നു വരുന്ന ധ്യാനത്തില്‍ നിമീലിതമായിപ്പോകുന്ന ഹൃദയത്തിന് മുമ്പനാകണമെന്നുണ്ടാകില്ല. എല്ലാ തരത്തിലുള്ള മാത്സര്യത്തില്‍നിന്നും അവന്‍ മുക്തനായിരിക്കും. സ്വാഭാവികമായും അവനെ നമുക്ക് കാണാനാവുക ഏറ്റവും പിറകിലായിരിക്കും. ആ വിനയം അവന്‍ സൃഷ്ടിക്കുന്നതല്ല. സ്വാസ്ഥ്യത്തിന്റെ സ്വാഭാവികപരിണതിയാണത്.

ഒന്നും തന്നില്‍നിന്നും അന്യമല്ലെന്നറിയുന്ന ആ ബോധത്തിന് പിന്നെ എന്തെങ്കിലും സ്വന്തമാക്കണമെന്നു തോന്നുകയില്ല. നിസ്വാര്‍ത്ഥയില്‍നിന്നും സംഭവിച്ചുപോകുന്നതാണ് പറ്റില്ലായ്മ.

ഒന്നും തന്നില്‍നിന്നും അന്യമല്ലെന്നറിയുന്ന ആ ബോധത്തിന് പിന്നെ എന്തെങ്കിലും സ്വന്തമാക്കണമെന്നു തോന്നുകയില്ല. നിസ്വാര്‍ത്ഥയില്‍നിന്നും സംഭവിച്ചുപോകുന്നതാണ് പറ്റില്ലായ്മ. പറ്റില്ലായ്മ ഏതില്‍നിന്നെങ്കിലുമുള്ള ഒരകല്‍ച്ചയല്ല, മാറിനില്ക്കലല്ല. പരിപൂര്‍ണ്ണമായ സ്വീകാര്യതയുടെ ലക്ഷണമാണ്. ആ ബോധത്തില്‍ നിരന്തരമായി തുടരുന്ന മനുഷ്യരുടെ ജീവിതത്തെ വേണമെങ്കില്‍ പൂര്‍ണ്ണമെന്നു വിളിക്കാം. കാരണം അവരില്‍ എന്തെങ്കിലും ആയിത്തീരണമെന്ന ആഗ്രഹം അവശേഷിക്കുന്നില്ല.

അവര്‍ ഇവിടെ ഇപ്പോള്‍ ഈ നിമിഷത്തില്‍ ജീവിക്കുകയാണ്. ഭൂതവര്‍ത്തമാനഭാവികള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ് ഈ നിമിഷം എന്നനുഭവിക്കുന്ന ബോധത്തിന് പിന്നെ ഭാവിയും ഭൂതവുമില്ല. വര്‍ത്തമാനവുമില്ല. ജീവിതം മാത്രമേയുള്ളൂ. ജീവിതത്തില്‍നിന്ന് അന്യമായ ഒരു ജീവിതം അവര്‍ക്കില്ല. ജീവിതം മാത്രമുള്ളവന് അപൂര്‍ണ്ണത അനുഭവിക്കാനാവില്ല. കാരണം അവിടെ എന്തെങ്കിലും ആയിത്തീരണമെന്നുള്ള ഇച്ഛയുടെ നേരിയ ചലനംപോലുമില്ല. അത്രയ്ക്കും ആ ജീവിതം തേജസ്സുറ്റതായിരിക്കും. സ്നേഹമസൃണവും സഹാനുഭൂതി നിറഞ്ഞതുമാണത്. ആഴത്തിലുള്ള ഒരു ഉത്തരവാദിത്തബോധത്താല്‍ പ്രകാശമാനമാണത്. എന്തിനോടെങ്കിലുമുള്ള ഉത്തരവാദിത്തമല്ല. സ്വയം ഉത്തരവാദിത്തമായി മാറിയ അനായാസമായ ബോധമായിരിക്കും അവിടെ വര്‍ത്തിക്കുക.

ഷൗക്കത്തിന്റെ “താവോയുടെ പുസ്തകം” എന്ന ഈ പംക്തിയിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കുക:

ആമുഖം : താവോയുടെ പുസ്തകം

അദ്ധ്യായം ഒന്ന്‌ :പറയാവുന്ന താവോ അനശ്വരമായ താവോയല്ല

അദ്ധ്യായം രണ്ടു്: സൗന്ദര്യം ദര്‍ശിക്കുന്നത് വൈരൂപ്യമുള്ളതിനാലാണ്

അദ്യായം മൂന്ന്: സ്തുതിക്കാതിരുന്നാല്‍ മാത്സര്യമില്ലാതാകും

അദ്യായം നാല്: താവോ ഒരു ഒഴിഞ്ഞ പാത്രം

അദ്യായം അഞ്ച്: ആകാശഭൂമികള്‍ നിഷ്പക്ഷമാണ്

അദ്യായം ആറ്‌: താഴ്‌വരത അനശ്വരം