ചളിയൂറുന്നതുവരെ ശാന്തമായി കാത്തിരിക്കുവര്‍
Discourse
ചളിയൂറുന്നതുവരെ ശാന്തമായി കാത്തിരിക്കുവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th January 2013, 12:38 am

ജീവിതത്തെ മുന്‍വിധികള്‍കൊണ്ട് വ്യാഖ്യാനിക്കുന്നവര്‍ക്ക് താവോയെ മനസ്സിലാക്കാന്‍ പ്രയാസമാണ്. അത് പ്രണയം പോലെയാണ്. അനുഭവിച്ച ശേഷമാണ് നാമതറിയുക. എന്തുകൊണ്ട് പ്രേമിച്ചു എന്നു ചോദിച്ചാല്‍ ഒരു പ്രണയിനിക്കും ഇന്നതുകൊണ്ടാണ് പ്രേമിച്ചതെന്നു പറയാനാവില്ല.


tao


ദര്‍ശനം /ഷൗക്കത്ത്


Shoukathപതിനഞ്ച്

പൗരാണിക ഗുരുക്കന്മാര്‍ സൂക്ഷ്മതയുള്ളവരും ഗൂഢാത്മാക്കളും

ഗംഭീരരും പ്രതികരിക്കുന്നവരുമായിരുന്നു.

അവരുടെ അറിവിന്റെ ആഴം അളക്കാനാവാത്തതാണ്.

അവരുടെ രൂപഭാവാദികളെ വര്‍ണ്ണിക്കാന്‍ മാത്രമെ നമുക്കാകൂ.

തണുണുത്തുറഞ്ഞ അരുവി മുറിച്ചു കടക്കുന്നവരെപ്പോലെ ശ്രദ്ധാലുക്കള്‍.

അപകടം മണത്തവരെപ്പോലെ ജാഗരൂകര്‍.

അതിഥിയെപ്പോലെ മാന്യര്‍.

ഉരുകുന്ന മഞ്ഞുപോലെ വഴക്കമുള്ളവര്‍.

കൊത്തുവേല ചെയ്യാത്ത തടിക്കഷണംപോലെ ലാളിത്യമാര്‍ന്നവര്‍.

ഗുഹപോലെ പൊള്ളയായവര്‍.

കലങ്ങിയ ജലാശയംപോലെ നിഗൂഢര്‍.

ചളിയൂറുന്നതുവരെ ശാന്തമായി കാത്തിരിക്കുവാനാര്‍ക്കാകും?

കര്‍മ്മനിരതമാകേണ്ട നിമിഷംവരെ നിശ്ചലരായി തുടരാനാര്‍ക്കാകും?

താവോയെ അറിയുന്നവര്‍ പൂര്‍ണ്ണത തേടുകയില്ല.

മാറ്റത്തിനായി ആഗ്രഹിക്കുകയുമില്ല.



പൗരാണിക ഗുരുക്കന്മാര്‍ കാഴ്ചയിലും പ്രവൃത്തിയിലും വാക്കുകളിലും ചിന്തകളിലും അസാധാരണത്വം നിറഞ്ഞവരോ ആന്തരികതയില്‍ മൂല്യം കുറഞ്ഞവരോ ആയിരുന്നില്ല. അവര്‍ സൂക്ഷ്മതയുള്ളവരായിരുന്നു.

ജീവിതത്തിലെ ബാഹ്യമായ പ്രതലങ്ങളില്‍ വ്യവഹരിക്കുന്നവരായിരുന്നില്ല. അവരുടെ ശ്രദ്ധ ആന്തരിക സ്വച്ഛതയിലായിരുന്നു. ആളും തരവും നോക്കി പ്രതികരിക്കുന്നവരായിരുന്നില്ല അവര്‍. മന്‍സൂര്‍ ഹല്ലാജിനെയും ജോണ്‍ ഓഫ് ആര്‍ക്കിനെയും ഓര്‍ക്കുക. സോക്രട്ടീസിനെ കാണുക. അക്ക മഹാദേവിയെയും മീരയെയും റാബിയയെയും അറിയുക.[]

ആത്മാവിന്റെ ആഴങ്ങളില്‍ അനുഭവിച്ച സത്യം എവിടെയും വിളിച്ചു പറയാന്‍ അവര്‍ മടിച്ചില്ല. അവരുടെ ശ്രദ്ധ സ്വച്ഛമായ ജീവധാരയിലായിരുന്നു. മരണം അവര്‍ക്ക് ഭയക്കേണ്ടതായ അനുഭവല്ല. ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത മരണത്തെ എന്തിനു ഭയക്കണം എന്നാണ് സോക്രട്ടീസ് ചോദിച്ചത്.

സത്യത്തോടു ചേര്‍ന്നു നില്‍ക്കുക എന്നതിനേക്കാള്‍ സത്യം തന്നെയായി മാറിയവരായിരുന്നു അവര്‍. അതുകൊണ്ടാണ് അവരുടെ പ്രതികരണങ്ങള്‍ നമ്മെ ഇന്നും ഇത്രമാത്രം ഉള്‍പുളകിതരാക്കുന്നത്. ജീവിതത്തിന്റെ തനിമയെ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമായിരിക്കുന്നത്.

പ്രശസ്തിയുടെയും പണത്തിന്റെയും അധികാരത്തിന്റെയും സുഖലോലുപതയുടെയും വാതായനങ്ങള്‍ രഹസ്യമായി അന്വേഷിക്കുന്നവര്‍ക്ക് ഇവര്‍ അജ്ഞാതരാണ്. ഗൂഢാത്മകമായ പൊരുളിന്റെ സാരള്യത്തേക്കാള്‍ വാഗ്വിലാസങ്ങളുടെ മായാപ്രപഞ്ചമാണ് ജീവിക്കുന്നുവെന്ന തോന്നല്‍ അവര്‍ക്കു നല്കുന്നത്. ചുറ്റും ആളുകള്‍ കൂടിയില്ലെങ്കില്‍ നഷ്ടപ്പെട്ടു പോകുന്ന ആത്മാനുഭൂതിയാണ് അവരുടെ ആത്മീയത.

ജീവിതത്തെ മുന്‍വിധികള്‍കൊണ്ട് വ്യാഖ്യാനിക്കുന്നവര്‍ക്ക് താവോയെ മനസ്സിലാക്കാന്‍ പ്രയാസമാണ്. അത് പ്രണയം പോലെയാണ്. അനുഭവിച്ച ശേഷമാണ് നാമതറിയുക. എന്തുകൊണ്ട് പ്രേമിച്ചു എന്നു ചോദിച്ചാല്‍ ഒരു പ്രണയിനിക്കും ഇന്നതുകൊണ്ടാണ് പ്രേമിച്ചതെന്നു പറയാനാവില്ല.

എല്ലാ കാരണങ്ങള്‍ക്കുമപ്പുറം കാരണാന്തരമായ ചിലതുണ്ട്. താവോയോടു ചേര്‍ന്നിരിക്കുക മാത്രമാണ് ഏകവഴി. അങ്ങനെയുള്ളവരാണ് ഗുരുക്കന്മാര്‍.

അതിസങ്കീര്‍ണ്ണവും ദുര്‍ബലവുമായ ബുദ്ധികൊണ്ട് അവരെ അളക്കാമെന്നു കരുതരുത്. എല്ലാ ബുദ്ധിയും ദുര്‍ബലമായിത്തീരുന്ന പ്രണയലോകം പോലെ നിഗൂഢമായൊരു പ്രപഞ്ചമാണ് ഗുരുക്കന്മാരെയും വലയം ചെയ്തു നില്‍ക്കുന്നത്. ചില ഉപമകളിലൂടെ അല്ലെങ്കില്‍ വര്‍ണ്ണനകളിലൂടെ അവരുടെ ആന്തരികതയിലേക്ക് വെളിച്ചം വീശാനായേക്കാം.

തണുത്തുറഞ്ഞ അരുവി മുറിച്ചു കടക്കുന്നവരെപ്പോലെ ശ്രദ്ധാലുക്കളാണവര്‍. തണുത്തുറഞ്ഞ അരുവി അലസമായി മുറിച്ചു കടക്കാനാവില്ല. അതിന് അതീവജാഗ്രത ആവശ്യമാണ്. ശ്രദ്ധ അല്പമൊന്നു തെറ്റിയാല്‍ കാലുതെന്നി അഗാധതയില്‍ നിപതിച്ചേക്കും.

അത്തരം യാത്രകളില്‍ പ്രാണന്‍ എത്രമാത്രം നിശ്ചലമായിരിക്കുമെന്നു അനുഭവിച്ചുതന്നെ അറിയണം. മൗനാത്മകമായ ഒരന്തരംഗം സ്വാഭാവികമായി സജീവമാകും. പ്രാണന്റെ നിശ്ചലതയില്‍ ചിന്തകളെല്ലാം ഒഴുകി മറയും. ശരീരം തന്നെ ശ്രദ്ധയായി മാറുന്ന അനുഗ്രഹീത നിമിഷമാണത്. ജീവിക്കുന്ന ഓരോ നിമിഷവും ശ്രദ്ധാന്വിതമായ തപസ്സുണ്ടെങ്കിലേ സമാധാനത്തില്‍ നിന്നും വഴുതിവീഴാതെ ഒഴുകാനാകൂ.

അടുത്ത പേജില്‍ തുടരുന്നു

എന്തിനും ഏതിനും നമുക്കു ധൃതിയാണ്. എല്ലാം പെട്ടെന്ന് ശരിയായിക്കിട്ടണം. അത് ഒരിക്കലും സംഭവിക്കില്ലെന്നു മാത്രമല്ല കൂടുതല്‍ കാലുഷ്യത്തിലേക്ക് നമ്മെ തള്ളിവിടുകയേയുള്ളൂ. കാലമാണ് എല്ലാ രോഗങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഏറ്റവും വലിയ വൈദ്യനെന്ന് നടരാജഗുരു പറഞ്ഞത് എത്ര സത്യം. കാലം ഉണക്കാത്ത മുറിവുകളില്ല. നാം കാത്തിരിക്കാന്‍ തയ്യാറാവണമെന്നു മാത്രം.


മരിച്ചു പരലോകത്തെത്തുമ്പോള്‍ ഏഴായി കീറിയ മുടിനാരിഴയുടെ മുകളിലൂടെ ദൈവം നടത്തിക്കുമെന്നും നന്മ ചെയ്തവര്‍ സ്വര്‍ഗ്ഗത്തിലേക്കും തിന്മ ചെയ്തവര്‍ നരകത്തിലേക്കും വീണുപോകുമെന്നും വിശ്വാസികള്‍ പറയുന്നതിനു പിന്നില്‍ സൂക്ഷ്മമായ ഒരന്തരാര്‍ത്ഥമുണ്ട്.

സ്വര്‍ഗ്ഗനരകങ്ങള്‍ ഇവിടെത്തന്നെയാണ്. ഈ ജീവിതത്തില്‍ത്തന്നെ. അറിയാതെ പറഞ്ഞുപോയ ഒരു വാക്ക്, ചെയ്തുപോയ ഒരു പ്രവൃത്തി, ജീവിതത്തെ തീനരകത്തിലേക്ക് വലിച്ചെറിഞ്ഞ അനുഭവം നമ്മില്‍ പലര്‍ക്കുമുണ്ട്.[]

അശ്രദ്ധകൊണ്ടു വന്നുചേര്‍ന്ന ഒരു പിഴവിനെയോര്‍ത്ത് നാമെത്ര പശ്ചാത്തപിച്ചിരിക്കുന്നു. കോപം കൊണ്ട് അകം തിളക്കുമ്പോഴും അകതാരടക്കിയതിന്റെ ഗുണവും നാം അനുഭവിച്ചിട്ടുണ്ട്. നരകത്തിന്റെ വാതായനത്തില്‍നിന്നും സ്വര്‍ഗ്ഗത്തിലേക്ക് ഉണര്‍ന്നുപോയ നിമിഷമായിരുന്നു അത്. അതീവ ശ്രദ്ധയോടെ കഴിഞ്ഞാല്‍ മാത്രമേ ജീവിതം സ്വച്ഛവും ശാന്തവുമാകുകയുള്ളൂ എന്ന് നമ്മോട് ആരും പറഞ്ഞു തരേണ്ടതില്ല.

ഗോമുഖില്‍ നിന്ന് തപോവനത്തിലേക്കുള്ള യാത്രയാണ് ഓര്‍മ്മ വരുന്നത്. സദാ അലിഞ്ഞലിഞ്ഞ് ഇല്ലതായിക്കൊണ്ടിരിക്കുന്ന മഞ്ഞുപാളിക്ക് മുകളിലാണ് കല്ലും മണ്ണും നിറഞ്ഞ വഴി കുത്തനെ ആകാശത്തിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നത്. അടിയിലെ മഞ്ഞുപാളി ഒന്നു പൊട്ടിയാല്‍ അതോടൊപ്പം അഗാധതയില്‍ നിപതിക്കും.

പലയിടങ്ങളിലും ഇടിഞ്ഞുവീണ ഗര്‍ത്തങ്ങള്‍ കാണാം. ശ്വാസമടക്കിയുള്ള യാത്രയാണത്. ഓരോ അടിയും മരണത്തിലേക്കാണെന്നു തോന്നിപ്പോകും. ആകപ്പാടെ നിശ്ചലമായ ഒരവസ്ഥ. യാത്രകള്‍ പലപ്പോഴും യോഗാത്മകമാവുന്നത് ഇത്തരം നിമിഷങ്ങളിലാണ്. ജീവിക്കുന്ന ഓരോ നിമിഷങ്ങളിലും നാം ശ്രദ്ധാന്വിതരാവേണ്ടതുണ്ടെന്ന് ഇത്തരം അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കും.

ഓരോ അടിയും എത്ര കരുതലോടെയാണ് നാം വെക്കേണ്ടതെന്നും അതു പറഞ്ഞുതരും. അപകടം മണത്തവരെപ്പോലെ ജാഗരൂകരായിരിക്കും നാം. യാത്ര നല്‍കുന്ന തൃപ്തിയില്‍ ആ ജാഗരൂകത അനായാസമായ അന്തര്‍ധാരയായേ നമുക്കനുഭവപ്പെടുകയുള്ളൂ.

അതിഥി എന്നും നല്ലവനായിരുന്നേ പറ്റൂ. ആതിഥേയന് അവന്റേതായ സ്വാതന്ത്ര്യമുണ്ട്. വീട്ടിലേക്കു കയറിവന്നവരെ ആദരിക്കുകയോ അനാദരിക്കുകയോ ചെയ്യാം. എന്നാല്‍ അതിഥി അങ്ങനെയല്ല. വേറൊരാളുടെ ഇടത്തേക്ക് അവന്‍ ചെല്ലുകയാണ്. മര്യാദയോടെയും സൗമ്യതയോടെയും പെരുമാറുകയെന്നത് അവന്റെ ഉത്തരവാദിത്തമാണ്. എത്ര വികലമായ സ്വഭാവത്തോടു കൂടിയവനാണെങ്കിലും അതിഥിയായിരിക്കുമ്പോള്‍ സ്വാഭാവികമായും അവന്‍ വിനയാന്വിതനായിത്തീരും.

ഒരിക്കല്‍ ഒരു സൂഫിയുടെ കൂടെ കുറച്ചുദിവസം താമസിക്കുകയുണ്ടായി. രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് അദ്ദേഹം കുളിച്ച് വസ്ത്രം മാറി. ശുഭ്രവസ്ത്രധാരിയായി സുഗന്ധദ്രവ്യങ്ങളെല്ലാംപൂശി മുടിചീകിയൊതുക്കി വൃത്തിയുള്ള പായയിലിരുന്നു. കണ്ണുകളില്‍ എന്തെന്നില്ലാത്ത ഒരാഹ്ലാദം.

എവിടേക്കെങ്കിലും പോകാനായിരിക്കുമെന്നു കരുതി. എന്നാല്‍ എവിടെയും പോകുന്ന ലക്ഷണമൊന്നും കണ്ടില്ല. ക്ഷമ കെട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോടതു ചോദിച്ചു. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “”ഞാന്‍ എവിടെയും പോകുന്നില്ല. പക്ഷെ എന്നെ കാണാന്‍ ഒരാള്‍ വന്നേക്കാം. ഞാന്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണ്. അദ്ദേഹം എന്റെ അതിഥിയല്ല. ഞാനാണ് അദ്ദേഹത്തിന്റെ അതിഥി. അദ്ദേഹം ആതിഥേയനാണ്. അതുകൊണ്ട് ഞാന്‍ എന്നെ തയ്യാറാക്കി നിറുത്തുകയാണ്.”” ആരാണയാള്‍? ഒന്നുകൂടി അടുത്തേക്ക് നീങ്ങിയിരുന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: “”ഞാന്‍തന്നെയാണത്.””

എന്തിനും ഏതിനും നമുക്കു ധൃതിയാണ്. എല്ലാം പെട്ടെന്ന് ശരിയായിക്കിട്ടണം. അത് ഒരിക്കലും സംഭവിക്കില്ലെന്നു മാത്രമല്ല കൂടുതല്‍ കാലുഷ്യത്തിലേക്ക് നമ്മെ തള്ളിവിടുകയേയുള്ളൂ.

കാലമാണ് എല്ലാ രോഗങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഏറ്റവും വലിയ വൈദ്യനെന്ന് നടരാജഗുരു പറഞ്ഞത് എത്ര സത്യം. കാലം ഉണക്കാത്ത മുറിവുകളില്ല. നാം കാത്തിരിക്കാന്‍ തയ്യാറാവണമെന്നു മാത്രം.

ഒരാള്‍ ഒരു ഗുരുവിന്റെ അടുത്തെത്തി ചോദിച്ചു. ഗുരോ, എനിക്ക് കോപം അടക്കാന്‍ കഴിയുന്നില്ല. ഉള്ളില്‍നിന്നും ഇരച്ചുപൊന്തിവരുന്ന വൈകാരികതകളെ എങ്ങനെയാണ് ഞാന്‍ കൈകാര്യം ചെയ്യേണ്ടത്?

ഗുരു അദ്ദേഹത്തോട് ഒരു പാത്രം നിറയെ വെള്ളം എടുത്തുകൊണ്ടു വന്ന് ആ പാത്രത്തിലേക്കു് ഒരു കല്ലെടുത്തിടാന്‍ പറഞ്ഞു. നിശ്ചലമായിരുന്ന ജലം ഇളകി ഓളങ്ങളുണ്ടാക്കി.

ഗുരു അയാളോടു ചോദിച്ചു: “”ഈ തരംഗങ്ങള്‍ എങ്ങനെ വീണ്ടും നിശ്ചലമാക്കാനാവും?””

അദ്ദേഹം പറഞ്ഞു: “”അതിന് കുറച്ചുനേരം കാത്തിരുന്നാല്‍ മതി.””

ഗുരു ചിരിച്ചുകൊണ്ടു പറഞ്ഞു: “”അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം അറിയാം. ഇനി എന്റെ സഹായം ആവശ്യമില്ല. നിങ്ങള്‍ക്കു പോകാം.””

എത്ര സൗമ്യമായാണോ മഞ്ഞുരുകി ജലമായി മാറുന്നത് അതുപോലെയാണ് വഴിയിലായവര്‍ നിയതിയുടെ നിശ്ചയത്തിന് സ്വയം വഴങ്ങിക്കൊടുക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു

പൊങ്ങച്ചത്തിന്റെയും ദുരഭിമാനത്തിന്റെയും വചോവിലാസങ്ങള്‍ കൊണ്ട് നാം നമ്മെത്തന്നെ ചതിച്ചു കൊണ്ടിരിക്കും. ഇങ്ങനെയിങ്ങനെ നമ്മുടെ ആന്തരിക സാരള്യത്തെ അമ്പേ തകര്‍ത്തുകളയുന്ന കൊത്തുവേലകള്‍ കൊണ്ട് ആനുഗ്രഹമായി ലഭിച്ച സഹജനിലയെ അവഗണിക്കുന്നവരാണു നാം. എന്നാല്‍ ഉള്ളുണര്‍ന്ന ഗുരുക്കന്മാര്‍ അങ്ങനെയായിരുന്നില്ല.


ഒരു സെന്‍കഥ ഓര്‍മ്മ വരുന്നു. ഒരു ഗ്രാമത്തില്‍ തനിച്ചു കഴിഞ്ഞൊരു സെന്‍ ഗുരുവുണ്ടായിരുന്നു. ഇടയ്ക്കിടെ അദ്ദേഹത്തെ സഹായിക്കാനായി ഒരു പെണ്‍കുട്ടി വരുമായിരുന്നു. അവള്‍ ഗര്‍ഭിണിയായി. ഗ്രാമക്കാര്‍ അവളോട് ആളാരാണെന്നു ചോദിച്ചപ്പോള്‍ അവള്‍ ഗുരുവിന്റെ പേരുപറഞ്ഞു.

നാട്ടുകാരിളകി. അവര്‍ ഗുരുവിനടുത്തെത്തി. ഇതിനുത്തരവാദി താനാണെന്നും ഇന്നുമുതല്‍ ഇവള്‍ നിങ്ങളോടൊപ്പം ഇവിടെ കഴിയുമെന്നും പറഞ്ഞു.[]

അദ്ദേഹം സൗമ്യമായി പറഞ്ഞു: “”അങ്ങനെയോ.””

മാസങ്ങള്‍ കൊഴിഞ്ഞുവീണു. കുറ്റബോധം കൊണ്ട് നീറിയെരിഞ്ഞ ആ പെണ്‍കുട്ടി അവസാനം ഗ്രാമക്കാരോട് സത്യം തുറന്നുപറഞ്ഞു.

ഗുരു നിരപരാധിയാണെന്ന് അറിഞ്ഞതോടെ ഗ്രാമക്കാര്‍ ഗുരുവിനടുത്തെത്തി. ഗര്‍ഭത്തിനുത്തരവാദി വേറൊരാളാണെന്നും അങ്ങൂ നിരപരാധിയാണെന്നും തെറ്റിദ്ധരിച്ചതില്‍ ഞങ്ങളോടു പൊറുക്കണമെന്നും പറഞ്ഞു.

അപ്പോഴും നിസ്സംഗനായി അദ്ദേഹം മൊഴിഞ്ഞു: “”അങ്ങനെയോ?””

പ്രാര്‍ത്ഥനാന്വിതമായ ഹൃദയത്തോടെ ദൈവാര്‍പ്പിത ജീവിതം നയിക്കുന്ന ഒരു സാധകന്‍ ഗുരുവിനെ കാണാനെത്തി. തന്നില്‍ നിന്ന് വളരെ അകലെയായിരിക്കുന്ന ദൈവത്തെ സാക്ഷാത്ക്കരിക്കാനുള്ള വഴി പറഞ്ഞു തരണമെന്ന് അപേക്ഷിച്ചു. എത്ര സാധനചെയ്തിട്ട് തന്നില്‍നിന്നും അന്യമല്ലാത്തവിധം ദൈവത്തെ അനുഭവിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്ന പ്രശ്‌നം.

ഗുരു സൗമ്യമായി അദ്ദേഹത്തോടു പറഞ്ഞു. ഒരു പാത്രം വെള്ളത്തില്‍ ഒരു ഐസുകട്ട ഇടുക. വെള്ളവും ഐസുകട്ടയും ജലം തന്നെയാണെങ്കിലും അതു രണ്ടായിതന്നെ കിടക്കും. എന്നാല്‍ ക്ഷമയോടെ കാത്തിരുന്നാല്‍ മെല്ലെമെല്ലെ ഐസുരുകി വെള്ളത്തില്‍ ലയിച്ചു കൊണ്ടിരിക്കും. അവസാനം ഐസുകട്ട ഇല്ലാതാവുകയും വെള്ളംമാത്രം അവശേഷിക്കുകയും ചെയ്യും.

കഥ കേട്ടു കഴിഞ്ഞതോടെ സാധകന്‍ ഗുരുവിനു നമസ്‌ക്കാരം പറഞ്ഞ് തിരിച്ചുപോയി. എല്ലാ തരത്തിലുള്ള വ്യഗ്രതകളില്‍ നിന്നും മുക്തമായ ആ ഹൃദയം താമസംവിനാ പരംപൊരുളിന്റെ അനന്യത അനുഭവിച്ചറിഞ്ഞു.

അസാധാരണത്വങ്ങളില്‍ തല്പരരായ നാം കൃത്രിമങ്ങളില്‍ മനസ്സുടക്കി കിടക്കുന്നവരാണ്. എന്തെങ്കിലും പ്രത്യേകതയുള്ളവര്‍ ആകണമെന്നാണ് നമ്മുടെ ആഗ്രഹം. നമ്മുടെ തനിമയില്‍ കഴിയുവാന്‍ നാം ആഗ്രഹിക്കുന്നതേയില്ല.

ലോകര്‍ക്കു മുമ്പില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ വേണ്ടി ഏതറ്റംവരെ പോകാനും നാം തയ്യാറാണ്. ജീവിതത്തെ അതിന്റെ സ്വാഭാവികതയില്‍ അനുഭവിക്കുക എന്നതൊന്നുമല്ല നമ്മുടെ ലക്ഷ്യം. ആന്തരികമായുള്ള ഈ വൈകല്യത്തിന്റെ പ്രതിഫലനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ എവിടെയും കാണാന്‍ കഴിയും.

ഒരു ചെടി സ്വാഭാവികമായി വളര്‍ന്നു വികസിക്കുമ്പോള്‍ നം അത് ചെത്തിമിനുക്കി നമ്മുടെ മനസ്സിനിണങ്ങിയ രൂപത്തിലാക്കും. കൃത്രിമമായ രൂപങ്ങളില്‍ സൗന്ദര്യത്തെ ദര്‍ശിക്കാന്‍ ശീലിച്ചവരാണു നാം. നമ്മോട് ഏറ്റവും അടുത്തിടപഴകുന്ന ആത്മമിത്രങ്ങളോടു പോലും സത്യസന്ധമായി നമ്മെ വെളിപ്പെടുത്താന്‍ നമുക്ക് കഴിയാറില്ല.

പൊങ്ങച്ചത്തിന്റെയും ദുരഭിമാനത്തിന്റെയും വചോവിലാസങ്ങള്‍ കൊണ്ട് നാം നമ്മെത്തന്നെ ചതിച്ചു കൊണ്ടിരിക്കും. ഇങ്ങനെയിങ്ങനെ നമ്മുടെ ആന്തരിക സാരള്യത്തെ അമ്പേ തകര്‍ത്തുകളയുന്ന കൊത്തുവേലകള്‍ കൊണ്ട് ആനുഗ്രഹമായി ലഭിച്ച സഹജനിലയെ അവഗണിക്കുന്നവരാണു നാം. എന്നാല്‍ ഉള്ളുണര്‍ന്ന ഗുരുക്കന്മാര്‍ അങ്ങനെയായിരുന്നില്ല.

അവര്‍ കൊത്തുവേല ചെയ്യാത്ത മരംപോലെ സാരള്യമുള്ളവരായിരുന്നു. ആ സാരള്യത്തെയാണ് നാം സ്വാഭാവികജീവിതത്തിലൂടെ ആര്‍ജ്ജിക്കേണ്ടത്.

സഹജനിലയിലായവരെല്ലാം ഗുഹപോലെ പൊള്ളയായവരാണ്. നിറഞ്ഞിരിക്കുന്നതിനേക്കാള്‍ ഒഴിഞ്ഞിരിക്കലാണ് നല്ലത്. നിറവുകളുടെ ലോകത്തു വ്യാപരിക്കുന്ന നമുക്ക് ഒഴിവിനെ ഉള്‍ക്കൊള്ളാന്‍ പ്രയാസം തന്നെയാണ്.

മുളന്തണ്ടിലേക്ക് തെന്നല്‍ ഒഴുകിയെത്തുമ്പോള്‍ അതു സംഗീതാത്മകമാകുന്നത് അതിനകം പൊള്ളയായതിനാലാണ്. ജീവിതത്തിന്റെ സുഗമമായ പ്രവാഹത്തിന് അനുഗുണമല്ലാത്ത ചിന്തകളാലും പ്രവൃത്തികളാലും അകം കലുഷമാക്കി ജീവിതത്തെ അസ്വാസ്ഥ്യത്തിന്റെ ഇരുളിലേക്ക് വലിച്ചെറിയുകയാണ് നാം ചെയ്യുന്നത്.

അനാവശ്യമായ സാധനസാമഗ്രികളാല്‍ നിറഞ്ഞു കവിഞ്ഞിരിക്കയാണ് നമ്മുടെ അന്തരംഗം. അതുകൊണ്ടാണ് അകത്തുനിന്നും സംഗീതം ഒഴുകിവരാത്തത്. അതു പൊള്ളയാക്കി മാറ്റേണ്ടതുണ്ട്. പൊള്ളയാവുകയെന്നത് നിരര്‍ത്ഥകമാണെന്ന ധാരണ മാറാത്തിടത്തോളം നാം നിറച്ചുകൊണ്ടിരിക്കുന്നതു തുടരുകയേയുള്ളൂ.

അടുത്ത പേജില്‍ തുടരുന്നു

ജീവിതത്തെ സമഗ്രമായി മനസ്സിലാക്കുമ്പോള്‍ താന്‍ ഇപ്പോള്‍ എന്തായിരിക്കുന്നുവോ അതില്‍ തൃപ്തിയോടെ തുടരലാണ് അഭികാമ്യമെന്ന് ഒരാള്‍ അറിയും. അതോടെ “ആയിത്തീരാ”നുള്ള വെമ്പല്‍ അവസാനിക്കുകയും “ആയിരിക്കുക” എന്നതില്‍ തൃപ്തി അനുഭവിക്കാന്‍ തുടങ്ങൂം. അങ്ങനെ ഒരവസ്ഥയിലേക്ക് ജീവിതം സ്വാഭാവികമായി പരിണമിക്കുമ്പോള്‍ അവരെ താവോയിലായവര്‍ എന്നു പറയാം.


കലങ്ങിയ ജലാശയംപോലെ നിഗൂഢരാണ് ജ്ഞാനികള്‍. കലങ്ങിമറിഞ്ഞു ഇരുള്‍മൂടി കിടക്കുന്ന ബോധത്തോടെ അവരെ നാം കാണുന്നതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്.

തെളിമയാര്‍ന്ന ജലാശയങ്ങളാണവര്‍. എന്നാല്‍ നിറംപിടിപ്പിച്ച മനസ്സോടെ നോക്കുന്ന നമുക്ക് അതു കലങ്ങിയ ജലാശയമായേ അനുഭവിക്കാനാവൂ. നിഗൂഢതകളുടെ മഹാപ്രപഞ്ചമെന്നു തോന്നുന്നത് നാം അതിശയോക്തിയുടെ ലോകത്ത് ജീവിക്കുന്നതുകൊണ്ടാണ്.[]

വളരെ ലളിതമാണ് അവരുടെ ലോകം. ആര്‍ക്കും എളുപ്പത്തില്‍ കാണാവുന്നത്ര സുവ്യക്തമാണ് അവരുടെ ആന്തരികത. എന്നാല്‍ അതിശയോക്തിയുടെ ലോകങ്ങളില്‍ വ്യാപരിക്കുന്ന നമുക്ക് ലളിതമായ സത്യങ്ങളേക്കാള്‍ അയഥാര്‍ത്ഥവും അപ്രാപ്യവുമായ കൈലാസങ്ങളിലാണല്ലോ താല്പര്യം.

നമ്മുടെ എല്ലാ അസ്വസ്ഥതകളുടെയും മൂലകാരണം വേണ്ടത് വേണ്ടതുപോലെ വേണ്ടസമയത്ത് ചെയ്യാന്‍ കഴിയാതെ പോകുന്നതാണ്. ആകപ്പാടെ എന്തെങ്കിലും കാട്ടിക്കൂട്ടുകയെന്നതാണ് നമ്മുടെ സഹജസ്വഭാവം. എടുത്തുചാട്ടമാണ് നമ്മുടെ പ്രകൃതം.

ഉള്ളം കലുഷമാകുന്നതിനുപിന്നില്‍ നമുക്കറിയാവുന്നതും അറിയാത്തതുമായ അനേകം കാരണങ്ങളുണ്ട്. അറിഞ്ഞറിഞ്ഞു വരുംതോറും അറിയാനാവാത്ത കാരണങ്ങളാണ് ഏറെയെന്നു നാമറിയും. പിന്നെ ആകെ ചെയ്യാനുള്ളത് എല്ലാം കണ്ടുകൊണ്ടിരിക്കുക മാത്രമാണ്.

അത് അത്ര സുഖകരമായ ഏര്‍പ്പാടല്ല. ഉള്ളില്‍ കോപം ഇരച്ചുകയറി വരുമ്പോള്‍ അതു പ്രകടിപ്പിക്കാതെ ക്ഷമയോടെ കണ്ടുകൊണ്ടിരിക്കാന്‍ പറഞ്ഞാല്‍ നടപ്പുള്ള കാര്യമാണോ?! എന്നാല്‍ അതു നടപ്പാക്കാത്തിടത്തോളം നമ്മുടെ കാര്യം കഷ്ടമായിരിക്കുമെന്നാണ് ലാവോത്സു പറയുന്നത്.

ഇളകിപ്പൊന്തിയ വൈകാരികതകള്‍ മെല്ലെമെല്ലെ ഊറുന്നതും നോക്കി ക്ഷമയോടെ കാത്തിരിക്കാമെങ്കില്‍ ജീവിതത്തിന്റെ പല രഹസ്യങ്ങളും നമുക്കു തെളിഞ്ഞു കിട്ടാതാരിക്കില്ല. അല്ലാതെ നാമം ചൊല്ലിയതു കൊണ്ടോ വിശുദ്ധഗ്രന്ഥങ്ങള്‍ പഠിച്ചതുകൊണ്ടോ മാത്രം അകം സ്വച്ഛമാകില്ല. സമാധാനം ലഭിക്കുകയുമില്ല.

ഇനി അങ്ങനെ കാത്തിരിക്കാന്‍ നമുക്കു കഴിഞ്ഞെന്നു കരുതുക. ഉള്ളില്‍ ശാന്തിയുടെ പ്രസാരണം അനുഭവിച്ചു തുടങ്ങിയെന്നു വയ്ക്കുക. ഉടനതു ആര്‍ക്കെങ്കിലും പകര്‍ന്നുകൊടുക്കാന്‍ ധൃതിയായി.

ശാന്തിയും സമാധാനവും അനുഭവിച്ചനുഭവിച്ച് പക്വമാകേണ്ടതുണ്ട്. ചികിത്സ കഴിഞ്ഞാല്‍ നല്ലിരിക്ക വേണമെന്നു ആയുര്‍വ്വേദത്തില്‍ പറയുന്നത് ഇവിടെയും പ്രസക്തമാണ്. ശാന്തിയുടെ ലോകത്തു നിശ്ചലതയോടെ മൗനമായി വര്‍ത്തിക്കലാണ് നല്ലിരിക്ക. അത് ഓരോരുത്തരുടെ ശാരീരിക മാനസിക സ്ഥിതി അനുസരിച്ച് നിശ്ചയിക്കേണ്ടതാണ്.

എന്നാല്‍ തെറ്റായ കാരുണ്യസങ്കല്‍പം നമ്മെ കര്‍മ്മനിരതരാവാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. അനാരോഗ്യകരമായ ആ പ്രവണതയിലേക്ക് വിരല്‍ചൂണ്ടിയാണ് കര്‍മ്മനിരതമാവേണ്ട നിമിഷംവരെ നിശ്ചലമായി തുടരണമെന്നു പറയുന്നത്. ധൃതി എപ്പോഴും അസ്വസ്ഥതയിലേക്കള്ള വാതായനമാണ്.

കരുണയോടെ തുടങ്ങിയ സത്പ്രവര്‍ത്തികള്‍ പിന്നീട് നീരസത്തിലേക്കും നിരാശയിലേക്കും നയിച്ചിട്ടുള്ളത് നമ്മുടെ ഏവരുടേയും അനുഭവമാണ്. ചളിയെല്ലാം ഊറി അകം തെളിമയാര്‍ജ്ജിക്കുന്നതുവരെ കാത്തിരുന്നേ മതിയാവൂ. കലങ്ങിമറിഞ്ഞ ബോധത്തിന്റെ പ്രതികരണങ്ങള്‍ കാലുഷ്യത്തെ വര്‍ദ്ധിപ്പിക്കുകയേയുള്ളൂ എന്ന സത്യം നമുക്കു മറക്കാതിരിക്കാം.

അറിവിന്റെ സുനിശ്ചിതത്വത്തില്‍ നിന്നും ഉണര്‍ന്നു വരുന്ന കരുണ പക്വമായിരിക്കും. ഫലേച്ഛയില്ലാതെയുള്ള കര്‍മ്മമാണ് അവിടെ സംഭവിക്കുക. ഒന്നിനും വേണ്ടിയല്ലാതെയാവും നാം എല്ലാം ചെയ്യുക. അതുവരെ നാം കാത്തിരിക്കണം.

ജീവിതത്തെ സമഗ്രമായി മനസ്സിലാക്കുമ്പോള്‍ താന്‍ ഇപ്പോള്‍ എന്തായിരിക്കുന്നുവോ അതില്‍ തൃപ്തിയോടെ തുടരലാണ് അഭികാമ്യമെന്ന് ഒരാള്‍ അറിയും. അതോടെ “ആയിത്തീരാ”നുള്ള വെമ്പല്‍ അവസാനിക്കുകയും “ആയിരിക്കുക” എന്നതില്‍ തൃപ്തി അനുഭവിക്കാന്‍ തുടങ്ങൂം. അങ്ങനെ ഒരവസ്ഥയിലേക്ക് ജീവിതം സ്വാഭാവികമായി പരിണമിക്കുമ്പോള്‍ അവരെ താവോയിലായവര്‍ എന്നു പറയാം.

അങ്ങനെയുള്ളവരില്‍ മാറ്റത്തിന് വേണ്ടിയുള്ള വെമ്പലുണ്ടാവുകയില്ല. മറിച്ച് ഇപ്പോള്‍ ഉള്ളതെന്തോ അതിനോട് അകൈതവമായ നന്ദിയും സ്‌നേഹവും നിറയുകയാണു ചെയ്യുക. നമ്മുടെ ശരീരത്തെയും മനസ്സിനെയും നാം സ്‌നേഹിച്ചു തുടങ്ങും.

എത്രയോ നാളത്തെ യാത്രയിലൂടെ ആര്‍ജ്ജിച്ചതാണ് ഈ ശരീരവും മനസ്സും എന്നറിയുമ്പോള്‍ അതിനെ എങ്ങനെ സ്‌നേഹിക്കാതിരിക്കും? എന്നാല്‍ ആ സ്‌നേഹം അഹന്തയുടെ ഉണര്‍വ്വുണ്ടാക്കുന്ന തരത്തിലാവരുതെന്നു മാത്രം. കരുണ നിറഞ്ഞ വിനയത്തോടെയാവണം നാം നമ്മെ സ്‌നേഹിച്ചു തുടങ്ങേണ്ടത്.

ഷൗക്കത്തിന്റെ “താവോയുടെ പുസ്തകം” എന്ന ഈ പംക്തിയിലെ മുന്‍ അദ്ധ്യായങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക