ദര്‍ശനം /ഷൗക്കത്ത്
അദ്ധ്യായം പതിനാല്
നോക്കിയാലതു കാണാനാവില്ല അതു രൂപാതീതം.
ശ്രദ്ധിച്ചാലതു കേള്‍ക്കാനാവില്ല അതു വാഗതീതം.
ശ്രമിച്ചാലതു ഗ്രഹിക്കാനാവില്ല അതു ദുര്‍ഗ്രാഹ്യം.
ഇവയെല്ലാം ഒന്നില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ഇത് അനിര്‍വ്വചനീയം തന്നെ.
അത് പ്രകാശമാനമോ
അന്ധകാരമയമോ അല്ല:
വര്‍ണ്ണനാതീതമായ ഒരു മുറിയാചരട്.
ശൂന്യതയില്‍ വിലയം പ്രാപിക്കുന്നു.
രൂപമില്ലാത്തതിന്റെ രൂപം.
ബിംബമില്ലാത്തതിന്റെ ബിംബം.
അനിര്‍വ്വചനീയമെന്നും ഭാവനാതീതമെന്നും
അതിനെ പറയാം.
അതിന്റെ മുന്‍പില്‍ നില്ക്കുക, അവിടെ തുടക്കമില്ല.
അതിനെ പിന്‍പറ്റുക, അവിടെ ഒടുക്കവുമില്ല.
താവോയോടൊപ്പം ചേര്‍ന്നുനില്ക്കുക.
വര്‍ത്തമാനത്തില്‍ ചരിക്കുക.
ആദിമപ്രഭവകേന്ദ്രം അറിയുന്നതാണ് താവോയുടെ കാതല്‍!
നാം, മനുഷ്യന്‍ എന്ന നിലയില്‍ പൂര്‍ണ്ണരാണെന്നൊക്കെ പറയാറുണ്ടെങ്കിലും പ്രപഞ്ചവുമായി തട്ടിച്ചു നോക്കിയാല്‍ ഒരു മണ്‍തരി പോലുമല്ലെന്നതാണ് സത്യം. ജീവന്റെ പ്രവാഹത്തിനിടയില്‍ പരിണാമപരമായി നമ്മില്‍ സംഭവിച്ച ഇന്ദ്രിയങ്ങളും നാം ഏറ്റവും ഉണര്‍വ്വുള്ളതെന്നു കരുതുന്ന ബുദ്ധിയും പരിമിതിയുടെ കിളിക്കൂടുകള്‍ മാത്രമാണ്.
നമുക്കു കാണാന്‍ കഴിയാത്തതും കേള്‍ക്കാന്‍ കഴിയാത്തതും സ്പര്‍ശിക്കാനാവാത്തതും അറിയാനാവാത്തതുമായ ലോകങ്ങളാണ് ഈ പ്രപഞ്ചത്തിലധികവും. അങ്ങനെയുള്ള പരിമിതികളുടെ വാതായനങ്ങളിലൂടെ സര്‍വ്വപ്രപഞ്ചങ്ങള്‍ക്കും കാരണമായ ആദിമപ്രഭവകേന്ദ്രത്തെ അറിയാനാവില്ലെന്ന സത്യമാണ് ഈ വചനങ്ങളിലൂടെ ലാവോത്സു നമ്മോടു പറയുന്നത്. അനിര്‍വ്വചനീയമെന്നും അത്യാശ്ചര്യമെന്നും ഒക്കെയാണ് അതിനെ സ്പര്‍ശിച്ചവര്‍ പറഞ്ഞിട്ടുള്ളത്.[]
അത്യുന്നതങ്ങളില്‍ മഹാപ്രകാശത്തോടെയും നമുക്കൊപ്പം ഇരുള്‍മൂടിയും അതു ഇരിക്കുന്നുവെന്നു നാം കരുതരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ ഒരു മേലെയോ താഴെയോ ഒന്നുമില്ല. എല്ലാം നമ്മുടെ കല്പനകള്‍ മാത്രം. ഉള്ളതെന്നോ ഇല്ലാത്തതെന്നോ പറയാനാവാത്ത ഒരു പ്രതിഭാസമാണത്. നിഗൂഢതയാണത്. എന്നാല്‍ എല്ലാറ്റിനെയും കോര്‍ത്തിണക്കിക്കൊണ്ട് നമുക്കു കാണാനാവാത്ത തരത്തില്‍, അറിയാനാവാത്ത വിധത്തില്‍, വര്‍ണ്ണനാതീതമായ ഒരു മുറിയാചരട് സൂക്ഷ്മബുദ്ധികള്‍ക്ക് ദര്‍ശനീയമായിട്ടുണ്ട്.
എല്ലാം ഉണ്ടായി നിലനിന്ന് വീണ്ടും വിലയം പ്രാപിക്കുന്ന പ്രഭവകേന്ദ്രമാണത്. അതില്‍നിന്നും രൂപംപൂണ്ടതും ഭാവമാര്‍ന്നതുമായ ഒരു ലോകമാണ് നമുക്കു മുമ്പില്‍ വിടര്‍ന്നു പരിലസിക്കുന്നത്. എന്നാല്‍ ആ പ്രഭവകേന്ദ്രത്തെ ഇക്കാണുന്നതായ രൂപത്തിലും ഭാവത്തിലും അന്വേഷിക്കേണ്ടതില്ല. അതുകൊണ്ടുതന്നെയാണ് അനിര്‍വ്വചനീയമെന്നും ഭാവനാതീതമെന്നൊക്കെ അതിനെ പറയുന്നത്.
ചിന്തകളാലോ മറ്റുപാധികളിലൂടെയോ ഇനി അതിനു മുമ്പില്‍ ചെന്നുനില്‍ക്കാന്‍ ശ്രമിച്ചാല്‍ എവിടെയാണതിന്റെ തുടക്കമെന്നറിയാതെ വിഷമിക്കുകയേയുള്ളൂ. ഏതെങ്കിലുമൊരു വഴിയിലൂടെ അതിനെ പിന്തുടരാന്‍ ശ്രമിച്ചാല്‍ ഒരിക്കലുമൊടുങ്ങാത്ത ഒരു യാത്രയാവുമത്. കാരണം, തുടക്കമോ ഒടുക്കമോ ഇല്ലാത്ത പ്രഭാവമാണത്. അതിനാല്‍ അവിടെയുമിവിടെയും കറങ്ങിത്തിരിയാതെ നിശ്ചലമായ താവോയോടൊപ്പം ചേര്‍ന്നുനില്‍ക്കുകയെന്നാണ് ജ്ഞാനികള്‍ പറയുന്നത്.
ഇപ്പോള്‍, ഇവിടെ ഈ നിമിഷത്തില്‍ ജീവിക്കുക മാത്രമെ കരണീയമായുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആദിമമായ ആ പ്രഭവകേന്ദ്രം അറിയുക മാത്രമാണ് താവോയുടെ കാതല്‍, അല്ലാതെയുള്ളതെല്ലാം വ്യര്‍ത്ഥമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. താവോയുടെ രഹസ്യം അതിന്റെ എല്ലാം സൂക്ഷ്മതയോടെയും അവതരിപ്പിച്ചിരിക്കുന്ന മന്ത്രമാണിത്. ഹൃദയത്തില്‍വെച്ചു നിരന്തരമായി ധ്യാനിക്കാനുള്ള ഒരമൃതമന്ത്രം… വ്യാഖ്യാനിക്കാന്‍ ശ്രമിക്കുംതോറും മങ്ങിപ്പോകുന്ന നിഗൂഢവചനങ്ങള്‍!
ജനിച്ചനാള്‍ മുതല്‍ കണ്ടും കേട്ടും സ്പര്‍ശിച്ചും രുചിച്ചും മണത്തുമാണ് നാം ലോകത്തെ അനുഭവിച്ചു പോരുന്നത്. നാമരൂപാത്മകമായി വിരിഞ്ഞു നില്‍ക്കുന്ന വൈവിദ്ധ്യവും വൈചിത്ര്യവുമാര്‍ന്ന ഒരു പ്രപഞ്ചമാണ് നമുക്കു മുമ്പില്‍ സദാ വിളങ്ങി നില്‍ക്കുന്നത്. പലതായി വിടര്‍ന്നു നില്‍ക്കുന്ന ഈ വിശ്വവിധാനീയതയ്ക്ക് പൊരുളായിരിക്കുന്ന ഒരു ഏകാത്മകതയുണ്ടെന്ന് പറഞ്ഞാല്‍ അതു യുക്തിപരമായി ശരിയെന്നു തോന്നാമെങ്കിലും അനുഭവത്തിലാവുകയെന്നത് എളുപ്പമല്ല.
പ്രപഞ്ചത്തെ പലതായനുഭവിച്ച് ശീലവിധേയമായിത്തീര്‍ന്ന ഒരു ബോധമാണ് നമ്മുടേത്. ഞാന്‍ എന്നും എന്റേതെന്നും പറയുന്ന ലോകങ്ങളില്‍ വ്യാപരിച്ചുമാത്രം ശീലിച്ചിട്ടുള്ള നമ്മോട് അതിനെല്ലാം അധിഷ്ഠാനമായ പൊരുളിലേക്ക് നിമീലിതമാകാന്‍ പറഞ്ഞാല്‍ വിഷമിച്ചു പോവുകയേയുള്ളൂ. എന്നാല്‍ താവോയുടെ തനിമ അനുഭവിക്കണമെങ്കില്‍ അതല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് ലാവോത്സു ഉള്‍പ്പടെയുള്ള എല്ലാ ഗുരുക്കന്മാരും ഉണര്‍ത്തിച്ചിട്ടുള്ളത്.
ആ ആദിമപ്രഭവകേന്ദ്രത്തിലേക്ക് തിരിച്ചൊഴുകാനുള്ള വഴികളാണ് ഇതിലൂടെ അദ്ദേഹം നമ്മോടു പറയുന്നതും. ശുദ്ധവും ലളിതവുമായ ഈ വഴിയിലൂടെ സൗമ്യമായി സഞ്ചരിക്കാന്‍ നാം തയ്യാറാവുകയാണെങ്കില്‍ ഒരുപക്ഷെ മെല്ലെമെല്ലെ ആ പ്രഭവകേന്ദ്രത്തിന്റെ പ്രകാശവീചികള്‍ നമ്മില്‍ വിളങ്ങിത്തുടങ്ങിയേക്കും.
നമുക്കു പരിചിതമായ ലോകം നാമരൂപാത്മകമായതിനാല്‍ അവയില്‍ പൊരുളന്വേഷിച്ചു സഞ്ചരിച്ചാല്‍ പരാജയപ്പെടുകയേയുള്ളൂ. സുഖദുഖസമ്മിശ്രമായ വൈകാരിക ലോകങ്ങളില്‍ ആ ആശ്ചര്യപരതയുടെ കിരണങ്ങളുണ്ടെങ്കിലും ആ അനിര്‍വ്വചനീയത അനുഭവിക്കാനാവില്ല. എല്ലാ അനുഭവങ്ങളിലും അന്തര്‍ധാരയായി പ്രവഹിക്കുന്ന സൂക്ഷ്മപ്രവാഹമാണത്. അതിനെ ഇന്ദ്രിയങ്ങളിലൂടെ പ്രാപിക്കാനാവില്ലെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.
വിഷയപ്രപഞ്ചത്തില്‍നിന്നും ഇന്ദ്രിയങ്ങളിലേക്കും ഇന്ദ്രിയങ്ങളില്‍ നിന്നും അന്തക്കരണങ്ങളിലേക്കും തിരിച്ചൊഴുകി എല്ലാ ചലനങ്ങളേയും ഉണര്‍ത്തിക്കൊണ്ടുവരുന്ന മൗനാത്മകമായ കേന്ദ്രത്തിലേക്ക് ഉന്മീലിതമാകാനായാലേ ആ മുറിയാച്ചരടിനെ അറിയാനും അനുഭവിക്കാനുമാകൂ. അപ്പോഴേ നാമരൂപാത്മകമായി വിരിഞ്ഞു നില്ക്കുന്നതെല്ലാം താവോയല്ലാതെ മറ്റൊന്നുമല്ലെന്ന് നാമറിയുകയുള്ളൂ.
ചിന്താകലുഷമായ അന്വേഷണങ്ങളില്‍നിന്നും ബോധത്തെ നിവര്‍ത്തിച്ച് ഇപ്പോള്‍ ഇവിടെ സത്യമായിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ സൗമ്യവും ശാന്തവുമായി കഴിയാനായാല്‍ ശിഥിലമായിപ്പോയ ചിന്തകളെല്ലാം സമീകരിക്കപ്പെടും. അകം സ്വസ്ഥമാകുന്നതോടെ ഇന്ദ്രിയങ്ങളുടെ തീക്ഷ്ണത ക്ഷയിക്കും. അകത്തും പുറത്തും ഒരു നിശ്ചലത സജീവമാകും. മെല്ലെമെല്ലെ അതു നമ്മെ കേന്ദ്രത്തോടടുപ്പിക്കും. അതിനുള്ള അനുഗ്രഹം നമ്മില്‍നിന്നു തന്നെ ഉണര്‍ന്നു വരാനായി താവോയോടു പ്രാര്‍ത്ഥിക്കാം.