സ്പിരിച്വല്‍/ഷൗക്കത്ത്
അദ്യായം അഞ്ച്
ആകാശഭൂമികള്‍ നിഷ്പക്ഷമാണ്.
അത് സൃഷ്ടികളെയെല്ലാം
വൈക്കോല്‍നായ്ക്കളായാണ് കാണുന്നത്.
ജ്ഞാനികളും നിഷ്പക്ഷരാണ്.
അവര്‍ മനുഷ്യരെ വൈക്കോല്‍നായ്ക്കളായേ ഗണിക്കുന്നുള്ളൂ.
ആകാശഭൂമികള്‍ക്കിടയിലുള്ള ഇടം ഉലപോലെയാണ്.
ആകൃതികള്‍ മാറുന്നു, മൂലപ്രകൃതി മാറുന്നില്ല;
അതെത്ര ചലിക്കുന്നുവോ അത്ര വിളയുന്നു.
അമിതഭാഷണം നിഷ്ഫലം;
അതിനാല്‍ സമയംകളയാതെ
ഹൃദയഗേഹത്തില്‍ സ്വസ്ഥനാവുക.
ആസ്വാദനം
ദൈവം കരുണാമയനാണ്, പ്രകൃതി ദയാമയിയാണ് തുടങ്ങിയ ഉല്‍കൃഷ്ട ചിന്തകള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ ദാര്‍ശനികമണ്ഡലം. എന്നാല്‍ സത്യത്തെ കണ്ണു തുറന്നു കാണാന്‍ നാം പലപ്പോഴും തയ്യാറാവുന്നില്ല. അല്ലെങ്കില്‍ അതിനുള്ള ധൈര്യം നമുക്കില്ല. കാരണം കാര്യങ്ങളെ അതിന്റെ തനിമയില്‍ കാണാന്‍ തുടകൂന്നതോടെ നാം സങ്കല്പിച്ചു വച്ചിരിക്കുന്ന സര്‍വ്വ വിശ്വാസങ്ങളും തകര്‍ന്നുവീഴുന്നതു കാണാം. ആ തകര്‍ച്ച താങ്ങാനുള്ള കെല്പില്ലാത്തതിനാല്‍ പഴയ വിശ്വാസങ്ങളില്‍ തൂങ്ങിനില്ക്കാന്‍ തന്നെയാണ് നമുക്കിഷ്ടം. അതിനെ ചോദ്യംചെയ്യുന്ന ദര്‍ശനങ്ങളെ നിഷേധം എന്നുപറഞ്ഞ് അവഗണിക്കുകയാണു് പതിവ്.
ലാവോത്സുവിനെപ്പോലെയുള്ളവര്‍ ആളെക്കൂട്ടി സന്തോഷിപ്പിക്കുന്നതില്‍ തല്പരരല്ല. ആരുടെയും നമസ്‌ക്കാരവും ആദരവും അവര്‍ കാംക്ഷിക്കുന്നുമില്ല. അറിഞ്ഞ സത്യം ഇടംവലം നോക്കാതെ വിളിച്ചുപറയുവാന്‍ അവര്‍ക്കു് യാതൊരു മടിയുമില്ല. അദ്ദേഹം പറയുന്നു; “ആകാശഭൂമികള്‍ നിഷ്പക്ഷമാണ്. അവര്‍ സൃഷ്ടികളെയെല്ലാം വൈക്കോല്‍നായ്ക്കളെപ്പോലെയാണ് കാണുന്നത്.” ചൈനയില്‍ യജ്ഞത്തിന് വൈക്കോല്‍കൊണ്ട് നായ്ക്കളുടെ രൂപമുണ്ടാക്കി ഹോമിക്കാറുണ്ട്. പ്രകൃതിയുടെ അഗ്‌നിയില്‍ ഇന്നല്ലെങ്കില്‍ നാളെ ഒടുങ്ങേണ്ടവരാണ് സമസ്ത സൃഷ്ടികളും. വേണമെങ്കില്‍ അതിനെ തെരുവുനായ്ക്കളെന്നും പറയാം. ആര്‍ക്കും എന്തും ചെയ്യാവുന്ന ജീവിയാണല്ലോ തെരുവുനായ്ക്കള്‍. ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥനജന്തുക്കള്‍. ഒരര്‍ത്ഥത്തില്‍ സര്‍വ്വസൃഷ്ടികളുടെയും ഗതി അതുതന്നെയല്ലോ?…
യാതൊരു മൂല്യവുമില്ലാത്ത ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നത്. മൂല്യങ്ങളെല്ലാം മനുഷ്യന്‍ കല്പിച്ചുണ്ടാക്കിയതാണ്. കൊടുങ്കാറ്റിലും പേമാരിയിലും ഭൂകമ്പത്തിലും ഒക്കെ മനുഷ്യനുള്‍പ്പടെ ലക്ഷോപലക്ഷങ്ങള്‍ ചത്തൊടുങ്ങൂമ്പോള്‍ ഒരു കാരുണ്യവും അവതരിച്ച് ആ വിപത്തിനെ തടയാറില്ല. അവതാരങ്ങള്‍ എന്നവകാശപ്പെടുന്നവരും നിസ്സഹായരായി നോക്കിയിരിക്കുന്നേയുള്ളൂ. മാറാരോഗങ്ങളോടെ പിറക്കുന്ന പിഞ്ചോമനകളെ നോക്കി മുന്‍ജന്മകര്‍മ്മഫലം എന്നു നാം ആശ്വസിക്കുമ്പോഴും ദൈവം എത്ര ക്രൂരനാണു് എന്നു നാം ഉള്ളില്‍ പറയുകയും ചെയ്യും. ഇങ്ങനെ സംശയത്തിനുമേല്‍ സംശയവും വിശ്വാസത്തിനകത്തു് അവിശ്വാസവും ജനിപ്പിച്ചു് ആശ്വാസത്തിനു പകരം അസ്വാസ്ഥ്യം നിറയ്ക്കുന്ന ദൈവസങ്കല്പമാണ് നാം കാലാകാലങ്ങളിലായി പേറിനടക്കുന്നത്. കാരുണ്യവാനോ ക്രൂരനോ ആയ ഒരു ദൈവം എവിടെയും ഇരിക്കുന്നില്ല എന്ന വസ്തുത അറിയുന്നതിലൂടെ മാത്രമേ ഇത്തരം അസ്വസ്ഥചിന്തകളില്‍നിന്നും നമുക്കു് രക്ഷ ലഭിക്കുകയുള്ളൂ. അല്പം സൂക്ഷ്മതയോടെ ലോകത്തെ നോക്കിക്കാണുന്നവന് ഇവിടെ മൂല്യമോ മൂല്യമില്ലായ്മയോ ഒന്നും കാണാനാവില്ല. ഒരു നിഷ്പക്ഷതയില്‍ എത്തിച്ചേരുകയേയുള്ളൂ.
പ്രകൃതിയുടെ വഴി അപ്രവചനീയമാണ്. മനുഷ്യന്‍ അവന്റെ മാത്രം നിലനില്പുമായി ബന്ധപ്പെടുത്തിയുണ്ടാക്കിയ നിയമങ്ങളുമായി അതിനെ തട്ടിച്ചു നോക്കുമ്പോള്‍ നിയമരാഹിത്യങ്ങളാണ് അധികവും കാണാനാവുക. മനുഷ്യകേന്ദ്രീകൃത നിയമങ്ങളിലൂടെ നോക്കുമ്പോഴാണ് മൂല്യരാഹിത്യത്തിന്റെ ലോകം കാണാനാവുന്നത്. പ്രപഞ്ചകേന്ദ്രീകൃതമായി അറിയുമ്പോള്‍ മൂല്യമോ മൂല്യരാഹിത്യമോ കാണാനാവില്ല. ഓരോ നിമിഷവും ഈ പ്രകൃതിയില്‍ കോടാനുകോടി ജിവികള്‍ ഉണ്ടാവുന്നുണ്ട്. അതേപോലെ ഇല്ലാതാവുന്നുമുണ്ട്. അവിരാമമായി തുടരുന്ന ഈ പ്രക്രിയയില്‍ നാം അസ്വസ്ഥരാവാറില്ല. എന്നാല്‍ നമ്മെ ബാധിക്കുന്ന എന്തെങ്കിലും സംഭവിക്കുമ്പോഴാണ് കാരുണ്യവും ക്രൂരതയും ഒക്കെ വിഷയമായി വരുന്നത്.
ആരോഗ്യത്തിന് സസ്യാഹാരം മാംസാഹാരത്തേക്കാള്‍ ഗുണകരമാണ് എന്നതു സത്യമായിരിക്കാം. അല്ലാതെ കാരുണ്യമാണ് സസ്യാഹാരിയായതിനു പിന്നിലെന്നു കരുതുന്നെങ്കില്‍ അതു അസംബന്ധമാണ്.
ജീവന്‍ നിലനിറുത്താനായി രക്തം കുടിക്കുന്ന കൊതുകിനെ ആഞ്ഞടിച്ചു കൊല്ലുമ്പോള്‍ എന്തെങ്കിലും ക്രൂരത ചെയ്യുന്നതായി നമുക്കു തോന്നുന്നില്ല. എത്രായിരം ജീവികളെ ചവിട്ടിക്കൊന്നാണ് ഓരോ അടിയും നാം മുമ്പോട്ടു വയ്ക്കുന്നത്. സിംഹം പതിഞ്ഞിരുന്ന് നിഷ്‌ക്കളങ്കയായ മാന്‍പേടയെ വേട്ടയാടാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്? വിശപ്പടക്കാനുള്ള സിംഹത്തിന്റെ പ്രാര്‍ത്ഥനയെ അവഗണിച്ചിട്ട് മാന്‍പേടയെ രക്ഷിക്കണമോ? നിഷ്പക്ഷമായി ലോകത്തെ നോക്കിക്കാണുന്നവനു് എല്ലാ നിര്‍വ്വചനങ്ങളെയും വിശ്വാസങ്ങളെയും ഉപേക്ഷിച്ചിട്ട് മൗനമായി എല്ലാം നോക്കിയിരിക്കാനേ കഴിയുകയുള്ളൂ. തന്റെ നിലനില്പിന്നും തുടര്‍ച്ചയ്ക്കും അവശ്യംവേണ്ടതുമാത്രംചെയ്ത് കഴിയുന്നത്ര മറ്റു ജീവികളെ വേദനിപ്പിക്കാതിരിക്കാന്‍ നമ്മുക്കു ശ്രമിക്കാനാവും. എന്നാല്‍ തീരെ വേദനിപ്പിക്കാതിരിക്കാനാവില്ല. അങ്ങനെയാണു് സൃഷ്ടിക്രമം. ഒന്നു് മറ്റൊന്നിന് വളമാകാതെ വയ്യ! അതു പ്രകൃതിയിലെ പ്രതിഭാസം!
അഹിംസ എന്നത് വെറും സങ്കല്പം മാത്രമാണ്. ഒരിക്കലും ആര്‍ക്കും ജീവിക്കാനാവാത്ത സങ്കല്പം. അഹിംസയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാള്‍ ഇറച്ചിയും മത്സ്യവും എല്ലാം ഭക്ഷണത്തില്‍നിന്നും ഒഴിവാക്കും. ഒരു ജീവിയെയും വേദനിപ്പിച്ചുകൊണ്ട് തനിക്ക് അന്നം വേണ്ട എന്നാണ് നിലപാട്. മാംസവും മത്സ്യവും കഴിക്കുന്നവരെ ക്രൂരരായാണ് അവര്‍ നോക്കിക്കാണുക. എന്നാല്‍ മത്തനും ചീരയും മുരിങ്ങയും കിഴങ്ങുവര്‍ഗ്ഗങ്ങളും എല്ലാം നാം കാരുണ്യത്തോടെ വെട്ടി വിഴുങ്ങുമ്പോള്‍ അവയെല്ലാം അനുഭവിച്ച വേദന നാം അറിയുന്നില്ലന്നേയുള്ളൂ. തന്നെ നുള്ളിയെടുക്കാന്‍ വരുമ്പോള്‍ അരുതേ അരുതേ എന്നു വിലപിക്കുന്ന ചീരയുടെ കണ്ണുനീര്‍ നാം കാണുന്നില്ലന്നേയുള്ളൂ. അതുകൊണ്ടാണു് യാതൊരു ഹിംസയും ചെയ്യാത്തവരായി, ഒരു കുറ്റബോധവുമില്ലാതെ എല്ലാം അകത്താക്കാന്‍ നമുക്കു കഴിയുന്നത്. അജ്ഞത ഒരു മഹാഭാഗ്യമാണെന്നു പറയുന്നത് എത്ര സത്യം!
ആരോഗ്യത്തിന് സസ്യാഹാരം മാംസാഹാരത്തേക്കാള്‍ ഗുണകരമാണ് എന്നതു സത്യമായിരിക്കാം. അല്ലാതെ കാരുണ്യമാണ് സസ്യാഹാരിയായതിനു പിന്നിലെന്നു കരുതുന്നെങ്കില്‍ അതു അസംബന്ധമാണ്. ഒരിക്കല്‍ ഒരു സത്യാന്വേഷി സൂഫിവര്യനെ കാണാന്‍ പോയി. സൂഫിയും ശിഷ്യന്മാരും കോഴി ബിരിയാണി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അഹിംസാവാദിയും സസ്യാഹാരിയുമായ ആ സത്യാന്വേഷകന് അതുകണ്ട് സഹിക്കാനായില്ല. എങ്കിലും ആ സൂഫിയില്‍ അദ്ദേഹത്തിന് വളരെ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ട മാത്രയില്‍തന്നെ എന്തെന്നില്ലാത്ത സന്തോഷം അനുഭവപ്പെട്ടു. കണ്ണുകളില്‍ വാത്സല്യവും കരുണയും നിറഞ്ഞു നില്ക്കുന്നതായി തോന്നി. എങ്കിലും യാതൊരു സങ്കോചവുമില്ലാതെ ഇറച്ചി അകത്താക്കുന്നത് സഹിക്കാനായില്ല. സത്യാന്വേഷിയുടെ വേവലാതി കണ്ടപ്പോള്‍ നേരിയ പുഞ്ചിരിയോടെ സൂഫി ചോദിച്ചു: “”എന്താ സുഹൃത്തേ, വെള്ളരിക്ക പിടയാത്തതുകൊണ്ടാണോ?””
എവിടെയാണ് അഹിംസ? തന്റെ കുഞ്ഞിനെയും മറ്റൊരാളുടെ കുഞ്ഞിനെയും മുന്‍പില്‍ കൊണ്ടുനിറുത്തി രണ്ടിലൊരാളെ കൊല്ലണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍, ഒരാളെ കൊല്ലാതെ നിവൃത്തിയില്ലെന്ന അവസ്ഥ വരികയാണെങ്കില്‍, നമ്മുടെ കുഞ്ഞിനെയാവില്ല നാം കൊല്ലാന്‍ തീരുമാനിക്കുക. അതുപോലെ നാം അരുമയായി വളര്‍ത്തുന്ന പ്രിയപ്പെട്ട ആട്ടിന്‍ക്കുഞ്ഞിനെയും ഏതോ നാട്ടിലുള്ള ഒരു മനുഷ്യക്കുഞ്ഞിനെയും മുന്‍പില്‍ കൊണ്ടുവന്നു് രണ്ടിലൊന്നിനെ കൊല്ലേണ്ടി വന്നാല്‍ ഒരു സംശയവുമില്ലാതെ നാം ആട്ടിന്‍ക്കുഞ്ഞിനെ കൊന്നിരിക്കും. ഇനി നമ്മുടെ പ്രിയ ആട്ടിന്‍ക്കുഞ്ഞിനെയും വേറൊരു ആട്ടിന്‍ കുഞ്ഞിനെയുമാണ് കൊണ്ടു നിറുത്തുന്നതെങ്കില്‍ തീര്‍ച്ചയായും നാം നമ്മുടെ ആട്ടിന്‍ക്കുഞ്ഞിനെ കൊല്ലില്ല. ഇനി ഒരാട്ടിന്‍ക്കുഞ്ഞിനെയും നാം വീട്ടില്‍ നട്ടു വളര്‍ത്തിയ മത്തനുമാണ് മുമ്പില്‍ വരുന്നതെങ്കില്‍ ഒരു വേദനയുമില്ലാതെ നമുക്കു വെട്ടാന്‍ കഴിയുക മത്തനായിരിക്കും.
എന്താണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്? വൈകാരികമായി അടുത്തു നില്ക്കുന്നതിനെ ഇല്ലാതാക്കാന്‍ നമുക്കാവില്ല. നാം മനുഷ്യര്‍ നമ്മോട് ഏറ്റവും അടുത്തിടപഴകുന്ന ജീവനെ കൊല്ലുന്നതില്‍ വേദനിക്കുന്നു. നമുക്കു കൂടുതല്‍ മമത തോന്നാത്തതിനെ ഒരു വേദനയുമില്ലാതെ കൊന്നുതിന്നുന്നു. ഇവിടെ തെറ്റും ശരിയും എല്ലാം നിശ്ചയിക്കുന്നതു് തികച്ചും മനുഷ്യകേന്ദ്രീകൃതമായ, വികാരകേന്ദ്രീകൃതമായ മാനദണ്ഡങ്ങള്‍വെച്ചുകൊണ്ടാണ്. തികച്ചും സ്വാര്‍ത്ഥപരമായ മാനദണ്ഡങ്ങള്‍! എന്നുവെച്ചു് എന്തുമാകാം എന്നല്ല പറഞ്ഞു വരുന്നത്. ഏതിനും ഒരു മറുവശമുണ്ട് എന്നറിയേണ്ടതുണ്ട്. അങ്ങിനെയാണെങ്കില്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനും എന്നാല്‍ നമ്മുടെ മനസ്സിനിണങ്ങിയ രീതിയില്‍ ജീവിക്കാനും അത് കഴിയുന്നത്ര മറ്റുള്ളവര്‍ക്ക് ദോഷമാകാതിരിക്കാന്‍ ശ്രദ്ധിക്കാനും നമുക്കു കഴിയും. ഞാന്‍ ശരി ബാക്കിയെല്ലാം തെറ്റ് എന്ന് നാം ഒരിക്കലും പറയുകയുമില്ല.
ലാവോത്‌സു തുടര്‍ന്നു പറയുന്നു;
“”ജ്ഞാനികളും നിഷ്പക്ഷരാണു്.
അവര്‍ മനുഷ്യരെയെല്ലാം വൈക്കോല്‍നായ്ക്കളായേ ഗണിക്കുന്നുള്ളൂ.””
രമണമഹര്‍ഷിയെയാണു് ഓര്‍മ്മ വരുന്നത്. പറഞ്ഞുകേട്ടതാണ്. സത്യമായാലും അല്ലെങ്കിലും കഥയില്‍ കാര്യമുണ്ടെന്നു തോന്നി. നാട്ടില്‍ മതസ്പര്‍ദ്ധ വര്‍ദ്ധിച്ചു വരുന്നതില്‍ ഹൃദയംനൊന്ത് മഹാത്മഗാന്ധി അന്ന് ഇന്ത്യയില്‍ ജീവിച്ചിരുന്ന എല്ലാ മഹാത്മാക്കളും അവരവര്‍ക്കു കഴിയുന്നതെല്ലാം ദേശത്തിനുവേണ്ടി ചെയ്യണമെന്നു പറഞ്ഞു കത്തെഴുതുകയുണ്ടായത്രെ. അതിനു മറുപടിയായി രമണമഹര്‍ഷി എഴുതിയ മറുപടി; പരിഹരിക്കപ്പെടേണ്ടതായ ഒരു പ്രശ്‌നവും ഞാനിവിടെ കാണുന്നില്ല എന്നായിരുന്നുവത്രെ! എത്ര ക്രൂരമായ മറുപടി. മനുഷ്യക്കൂട്ടത്തിന്റെ മാത്രം നന്മയെ ലാക്കാക്കി ചിന്തിക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ ക്രൂരമായ ഒരു മറുപടി ലഭിക്കാനില്ല. എന്നാല്‍ ഒന്നു ചിന്തിച്ചു നോക്കുക. മനുഷ്യഗണമാണു് സമൂഹമെന്ന തെറ്റായ സങ്കല്പത്തില്‍നിന്നും ഉയര്‍ന്നു് ഈ പ്രപഞ്ചത്തെയും അതിലുള്‍പ്പെടുന്ന സര്‍വ്വതിനെയും സമൂഹമായി കാണുന്ന ഒരു ബോധത്തില്‍ മനുഷ്യക്കൂട്ടത്തിനു് എന്തു പ്രത്യേക സ്ഥാനം?!
കൊതുകുകളും നായ്ക്കളും ഉറുമ്പുകളും പരസ്പരം പോരടിക്കുന്നതിലും തല്ലിച്ചാകുന്നതിലും നാം വേവലാതിപ്പെടാറുണ്ടോ? അനിവാര്യമായും പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമാണ് അതെന്നു നമുക്കു തോന്നാറുണ്ടോ? ഏതെങ്കിലും ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറിയെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും നമുക്കാവുമോ?.. കാടുകയറിയ ചിന്തയാണിതെന്നറിയാം. എന്നാല്‍ ഈ ചിന്തയിലും സത്യമില്ലേ? മനുഷ്യന്‍ മനുഷ്യന്റെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതില്ല എന്നല്ല പറയുന്നത്. മനുഷ്യന്റെ പ്രശ്‌നങ്ങള്‍മാത്രം പ്രശ്‌നമായി കാണുകയും മറ്റെല്ലാം നിസ്സാരമായി കാണുകയും ചെയ്യാമെങ്കില്‍ അതു തിരിച്ചുമാവാം എന്നു തൊട്ടുകാണിക്കുക മാത്രം. അതിനാല്‍ ജ്ഞാനികള്‍ മനുഷ്യരെ വൈക്കോല്‍ നായ്ക്കളായി കാണുന്നെങ്കില്‍ അതു് അവര്‍ മനുഷ്യരെയും അതിവര്‍ത്തിച്ച ബോധത്തിലായതിനാലാണ്. നിഷ്പക്ഷമായേ അവരുടെ ബോധം വര്‍ത്തിക്കുകയുള്ളൂ. എന്നാല്‍ മനുഷ്യബോധത്തിന് അതു ഹൃദയശൂന്യതതന്നെയാണ്.
തുടര്‍ന്ന് ഇക്കാണായ സൃഷ്ടിജാലങ്ങളെല്ലാം ഉണ്ടായി നിലനിന്ന് ഇല്ലതായിപ്പോകുന്ന പ്രക്രിയയെ ലാവോത്സു അവതരിപ്പിക്കുന്നു;
“”ആകാശഭൂമികള്‍ക്കിടയിലുള്ള ഇടം ഉല പോലെയാണു്.
ആകൃതികള്‍ മാറുന്നു, എന്നാല്‍ മൂലപ്രകൃതം മാറുന്നില്ല;
അതെത്ര കൂടുതല്‍ കറകൂന്നുവോ, അത്രയും കൂടുതല്‍ വിളയുന്നു.””
മണ്‍കലമുണ്ടാക്കാനായി നാം മണ്ണു കുഴയ്ക്കും. അതു ചവിട്ടിമെതിച്ചു പാകമാക്കി പല ആകൃതികളില്‍ കലം മെനയും. എത്ര രൂപങ്ങള്‍ വേണമെങ്കിലും കളിമണ്ണില്‍നിന്ന് നാം രൂപപ്പെടുത്തും. ഒരിക്കല്‍ ഉണ്ടാക്കിയത് ഉടഞ്ഞാലും അതുതന്നെ വീണ്ടും പൊടിച്ച് കുഴച്ച് വേറൊരു രൂപത്തില്‍ മെനഞ്ഞെടുക്കും. രൂപങ്ങള്‍ എത്രയെത്ര മാറ്റിയാലും അതിനുപയോഗിക്കുന്നതു മണ്ണുതന്നെ. അതുപോലെത്തന്നെയാണ് ഈ പ്രകൃതിയില്‍ സൃഷ്ടികള്‍ വീണ്ടുംവീണ്ടും ഉണ്ടാകുന്നതും ഇല്ലാതാകുന്നതും എന്നാണ് ലാവോത്സു പറയുന്നത്. ആ പ്രക്രിയ അവിരാമമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
നമ്മുടെ ബോധത്തിന്റെ സ്ഥിതിയും ഇതുതന്നെ. അറിയാതെ ഉണരുന്ന ഒരു ചിന്തയില്‍നിന്നും മെല്ലെമെല്ലെ ചിന്തകളുടെ കണ്ണികള്‍ പടര്‍ന്നു പടര്‍ന്നുയര്‍ന്നു് ആകപ്പാടെ അസ്വസ്ഥമായ പുകമറ സൃഷ്ടിച്ച് നമ്മെ വലച്ചുകൊണ്ടേയിരിക്കുന്നു. ആ രോഗാതുരമായ ചിന്തകള്‍ക്കുമുകളില്‍ വാക്കുകളുടെ വര്‍ണ്ണങ്ങള്‍പൂശി സത്യത്തിന്റെ സ്വരൂപത്തിലേക്കു നടന്നടുക്കാമെന്നു നാം വ്യാമോഹിക്കുന്നു. എന്നാല്‍ ചിന്തയുടെയും അറിവിന്റെയും ലോകം വര്‍ദ്ധിക്കുംതോറും ആ പുകമറ കൂടുതല്‍ കട്ടിയായിത്തീരുന്നേയുള്ളൂ. ഇനിയും ഈ യാത്ര തുടര്‍ന്നാല്‍ ഒരിക്കലും തിരിച്ചു വരാനാവാത്തവിധം അധോമണ്ഡലങ്ങളിലേക്കു് അതു നമ്മെ താഴ്ത്തിക്കൊണ്ടു പോവുകയേയുള്ളൂ. അതിനാല്‍ ഈ പ്രപഞ്ചപ്രതിഭാസത്തെ മനസ്സിലാക്കാനായി മനസ്സു കുഴയ്ക്കാതെ, ചര്‍ച്ചകളില്‍നിന്നും വാദപ്രതിവാദങ്ങളില്‍നിന്നും നിവര്‍ത്തിച്ച്, വാചകക്കസര്‍ത്തുകളെല്ലാം അവസാനിപ്പിച്ചു് ഹൃദയകേന്ദ്രത്തില്‍ സ്വസ്ഥരാവാനാണു് ലാവോത്സു ഉപദേശിക്കുന്നത്. ഒരുപക്ഷെ ആ മൗനം ഈ മഹാപ്രതിഭാസത്തിന്റെ പ്രഹേളികയിലേക്ക് പ്രവേശിക്കാനുള്ള ഉള്‍വെളിച്ചമായി വിടര്‍ന്നുവന്നേക്കാം.
“”അമിതഭാഷണം നിഷ്ഫലം;
അതിനാല്‍ സമയം കളയാതെ
ഹൃദയഗേഹത്തില്‍ സ്വസ്ഥരാവുക.””
ഷൗക്കത്തിന്റെ “താവോയുടെ പുസ്തകം” എന്ന ഈ പംക്തിയിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കുക: