പറയാവുന്ന താവോ അനശ്വരമായ താവോയല്ല
Discourse
പറയാവുന്ന താവോ അനശ്വരമായ താവോയല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th April 2012, 12:58 am


അദ്ധ്യായം ഒന്ന്‌

 

പറയാവുന്ന താവോ അനശ്വരമായ താവോയല്ല;

വിളിക്കാവുന്ന പേരുകള്‍ ശാശ്വതമായ നാമവുമല്ല.

ആകാശഭൂമികളുടെയെല്ലാം ഉറവിടം അജ്ഞാതം;

ജ്ഞാതമായതെല്ലാം സര്‍വ്വതിന്റെയും മാതാവ്.

ആഗ്രഹങ്ങളൊഴിഞ്ഞ ബോധം ആ നിഗൂഢതയറിയുന്നു;

ആഗ്രഹങ്ങളുള്ള മനസ്സ് അതിന്റെ ആവിഷ്‌ക്കാരങ്ങളേയും.

ഉറവിടം ഏകമെങ്കിലും പല പേരുകളാല്‍ വിളിക്കപ്പെടുന്നു;

ഇതുതന്നെ മായ; അന്ധ തമസ്സ്.

എല്ലാ നിഗൂഢതകളിലേയ്ക്കുമുള്ള വാതായനം.

Drawings of Tao, Caricature of Tao

 

ആസ്വാദനം:

 

ജീവിതത്തിന്റെ പൊരുളന്വേഷിച്ച് യാത്ര ചെയ്ത സുകൃതികള്‍ക്കെല്ലാം തെളിഞ്ഞു കിട്ടിയ ദര്‍ശനങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യന്‍ ഉള്‍പ്പടെ എല്ലാ ജീവജാലങ്ങളും ആ പൊരുളിന്റെ അംശങ്ങളാണെന്നും സ്വയം സമര്‍പ്പിക്കാമെങ്കില്‍ ആ പൊരുളിലമര്‍ന്നു ജീവിക്കാമെന്നും മനസ്സിലാകും. അതോടൊപ്പം നാം എത്ര നിസ്സാരരാണെന്നും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കോ മനസ്സിനോ അറിയാനോ അറിയിക്കാനോ കഴിയാത്ത സത്യത്തെയാണു നാം അന്വേഷിക്കുന്നതെന്നും ബോദ്ധ്യമാകും. അതോടെ എല്ലാ അന്വേഷണങ്ങളും അവസാനിക്കുകയും ആ പരംപൊരുളിനു മുമ്പില്‍ ആശ്ചര്യത്തോടെ മൗനമായി നില്‍ക്കുകയേ നിവൃത്തിയുള്ളൂ എന്നുമറിയും.

ആ മൗനാത്മകമായ നിശ്ചലത നമ്മെ ആ പൊരുളിലേക്കു, താവോയിലേക്കു നയിക്കും. ആ സത്യമനുഭവിച്ച മഹത്തുക്കള്‍ അന്വേഷകരോടു എന്നും പറഞ്ഞിട്ടുള്ളതു അതു വാക്കുകള്‍ കൊണ്ടു വിവരിക്കാനാവാത്ത മഹാ മൗനമാണെന്നാണു. ബ്രഹ്മമെന്നും ആത്മാവെന്നും ദൈവമെന്നും ശൂന്യതയെന്നും തുടങ്ങി പല വാക്കിലൂടെയും ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ച ആ പൊരുളിനെ താവോ എന്നാണു ലാവോത്സു വിളിക്കുന്നതു. അദ്ദേഹവും പറയുന്നത് പറയാവുന്ന താവോ അനശ്വരമായ താവോയല്ല എന്നാണ്.

പഞ്ചസാരയുടെ മധുരത്തെക്കുറിച്ചും ഹിമാലയത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും എത്ര വര്‍ണ്ണിച്ചാലും അതു നേരിട്ട് അനുഭവിക്കാത്തിടത്തോളം എത്രത്തോളം സത്യമല്ലയോ അതുപോലെയാണു താവോയും. പറച്ചിലുകളെല്ലാം നിറുത്തി സ്വയം അതിലേക്കു യാത്ര തുടങ്ങൂകയാണു വേണ്ടത്. ആ യാത്രയ്ക്ക് വേണ്ട പൊരുളുകള്‍ ആരായുകയാണു ചെയ്യേണ്ടത്. താവോ എന്ന പദത്തിന് വഴി എന്നും അര്‍ത്ഥം പറയാറുണ്ട്. ആ വഴി നാം സ്വയം കണ്ടെത്തേണ്ടതാണ്. ചില സൂചനകള്‍ തരാനാവും എന്നല്ലാതെ വഴി കാണിച്ചു തരാന്‍ ആര്‍ക്കുമാവില്ല. അതു നാം അന്വേഷിച്ചന്വേഷിച്ചു കണ്ടെത്തേണ്ടതല്ല. ജീവിച്ചു ജീവിച്ചു തെളിഞ്ഞു കിട്ടേണ്ടതാണ്. അല്ലെങ്കില്‍ അതു തനിയെ വന്നു ചേരേണ്ടതാണ്.

ഇന്നുവരെ ആരും ജീവിച്ചിട്ടില്ലാത്തതും ഇനി ആരും ജീവിക്കാന്‍ ഇടയില്ലാത്തതുമായ നമ്മുടേതു മാത്രമായ വഴിയാണത്. അതിനാല്‍ ആരെങ്കിലും സഞ്ചരിച്ച വഴി അനേഷിക്കാതെ നമ്മുടേതു മാത്രമായ, നമ്മില്‍ വന്നു ഭവിക്കേണ്ട ആ വഴി അറിയുകയാണു വേണ്ടത്. ആ വഴി സ്വയം കണ്ടെത്താനുള്ള വഴികളാണു ലാവോത്സു പറയുന്നത്. നാം സ്വതന്ത്ര്യമാണ് അന്വേഷിക്കുന്നത്. എല്ലാ തരത്തിലുള്ള ദുഃഖാനുഭവങ്ങളില്‍ നിന്നുമുള്ള മുക്തിയാണ് നാം തേടുന്നത്. സ്വാതന്ത്ര്യം എന്നത് ജീവിതം നമുക്കായി നിശ്ചയിച്ചു വെച്ചിട്ടുള്ള സന്ദര്‍ഭങ്ങളോട് മുന്‍വിധി ഏതുമില്ലാതെ ഉത്തരവാദിത്തത്തോടെ പെരുമാറലാണ്.

ജീവിതം തനിക്കായി നിര്‍ണ്ണയിച്ച ഭാഗധേയം പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിച്ച് ജീവിച്ചുജീവിച്ചു പോകുമ്പോള്‍ പൊടുന്നനെ നാം വഴിയില്‍ വീണുപോകും. അതിനിടയില്‍ വഴിതെറ്റിയും മന:പൂര്‍വ്വം തെറ്റിച്ചും ഒക്കെ നാം ഒഴുകിയേക്കാം. കാരണം വളരെ കുറച്ചുമാത്രം അറിയാവുന്നതും ഏറിയകൂറും അജ്ഞാതവുമായിരിക്കുന്ന എത്രയായിരം കോപ്പുകളുമായാണു നാം പിറന്നു വീണിരിക്കുന്നത്. അതൊക്കെ അങ്ങനെയേ ആകൂ. പെട്ടെന്ന് ഇല്ലാതായിപ്പോവുകയൊന്നുമില്ല. പറയാവുന്ന വഴികളൊന്നും സത്യമായ വഴിയല്ലെന്നു ലാവോത്സു പറയുമ്പോള്‍ ആരില്‍ നിന്നും സ്വീകരിക്കാനാവാത്തതും ആര്‍ക്കും പകര്‍ന്നു കൊടുക്കാന്‍ ആവാത്തതുമായ നൂതനമായ ആ പൊരുള്‍ നാം ഓരോരുത്തരില്‍ നിന്നും ഉണര്‍ന്നു വരേണ്ടതാണെന്നു മനസ്സിലാക്കണം.

ഉള്ളിന്റെയുള്ളില്‍ വഴിയിലാവാനുള്ള വിങ്ങല്‍ ധാരമുറിയാതെ ഒഴുകുന്നുണ്ടെങ്കില്‍, ഒന്നിനെയും പിന്‍പറ്റാതെയും എന്നാല്‍ പൂര്‍ണ്ണ ഹൃദയത്തോടെയുമാണു നാം സഞ്ചരിക്കുന്നതെങ്കില്‍, തീര്‍ച്ചയായും നാം വഴിയില്‍ പതിക്കുക തന്നെ ചെയ്യും. അതോടെ നാം നയിക്കുന്ന ജീവിതം അസ്തമിക്കുകയും ജീവിതം നയിക്കുന്ന വഴിയില്‍ നാം അകപ്പെടുകയും ചെയ്യും. എല്ലാം നമുക്കു വെളിപ്പെട്ടു കിട്ടിയിരിക്കുന്നു എന്നഹങ്കരിക്കാതെ, നാം മനുഷ്യര്‍ നിസ്സാരരും അറിവില്ലാത്തവരുമാണെന്ന സത്യം വിനയത്തോടെ ഉള്‍ക്കൊള്ളാം.

അറിഞ്ഞു, അറിയാം എന്നൊക്കെ പറയുന്നതിനേക്കാള്‍ എത്രയോ വിനീതമാണു ആകാശഭൂമികളുടെയെല്ലാം തുടക്കം അജ്ഞാതമാണ് എന്നറിയുന്നത്. അജ്ഞാതമായ ലോകങ്ങള്‍ അനേകമുണ്ടെന്ന് അറിയുമ്പോഴും നമുക്കു മുമ്പില്‍ അറിയാവുന്ന തരത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു പ്രപഞ്ചമുണ്ടല്ലൊ. അതിനെ എങ്ങനെയാണ് കാണേണ്ടത് എന്നു ചോദിച്ചാല്‍ ലാവോത്സു പറയുന്ന മറുപടി; ആ നിഗൂഢതയുടെ മാതൃഭാവങ്ങളായി ഇതിനെ അനുഭവിക്കുക എന്നാണ്. അല്ലാതെ ഇതു വെറും പ്രതീതിയാണെന്നും മായയാണെന്നും പറഞ്ഞു അവഗണിക്കാനല്ല.

ബോധത്തെ എല്ലാറ്റില്‍ നിന്നും നിവര്‍ത്തിപ്പിച്ച് ശാന്തസുന്ദരമായ ആ മൗനത്തിലേക്ക് ഇത്തിരി നേരം സ്വയം ഇല്ലാതാവാന്‍ അനുവദിക്കാമെങ്കില്‍ ആ നിഗൂഢതയുടെ തേനിമ നമുക്കു നുകരാനാവുമെന്നും അദ്ദേഹം പറയുന്നു. അങ്ങനെ കഴിഞ്ഞില്ലെന്നു കരുതി വേവലാതിപ്പെടേണ്ടതില്ല. നമ്മില്‍ വിരിയുന്ന ചിന്തകളും വികാരങ്ങളും വെളിയില്‍ വിടര്‍ന്നു നില്‍ക്കുന്ന പ്രപഞ്ചവും എല്ലാം ആ പൊരുളിന്റെ മാതൃഭാവങ്ങള്‍ തന്നെയാണെന്ന കാര്യം മറക്കാതിരുന്നാല്‍ മതി.

ഒഴിവാക്കേണ്ടതായി ഒന്നുംതന്നെയില്ല. ഒഴിവായിപ്പോകുന്നില്ലല്ലോ എന്നു കരുതി പശ്ചാത്തപിക്കേണ്ടതുമില്ല. ഇതു പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഹൃദയത്തിലെ പ്രശാന്തിയില്‍ മൗനമായിരുന്നു ശാന്തിയനുഭവിക്കുന്നതും ലോകത്തു വ്യവഹരിക്കേണ്ടി വരുന്നതും രണ്ടും രണ്ടു തന്നെയാണ്. തികച്ചും വ്യത്യസ്തമായ അനുഭവം. വിരുദ്ധമായ അനുഭവം. അല്ലലും അലട്ടലും കൊണ്ട് ശബ്ദമുഖരിതമാണ് ലോകം. അതിന് മാതൃഭാവമല്ല പ്രേതഭാവമാണ്. ഇട്ടെറിഞ്ഞ് ഓടിപ്പോവാനെ തോന്നുകയുള്ളൂ. വെളിച്ചത്തേക്കാള്‍ ഇരുള്‍ നിറഞ്ഞതാണ് ലോകജീവിതം.

ജ്ഞാനികളെല്ലാം ഈ ലോകത്തെ വിട്ട് ഓടിപ്പോവുകയാണല്ലോ ചെയ്തിട്ടുള്ളത്. ബുദ്ധന്റെയും ശങ്കരന്റെയുമെല്ലാം കഥകള്‍ ഈ പലായനത്തിന്റേതു കൂടിയാണു. അതിനാല്‍ അവ്യക്തമായതിനെ കൂടുതല്‍ അവ്യക്തമാക്കുന്നേയുള്ളൂ, കേള്‍ക്കാന്‍ സുന്ദരമെങ്കിലും പ്രയോഗത്തില്‍ വരുത്താന്‍ കഴിയാത്ത ഈ ദര്‍ശനം. ലോകം താവോയുടെ മാതൃഭാവമാണെങ്കില്‍ എന്തിനാണ് ഇതിനെ വിഷം പോലെ ത്യജിച്ച് അവരെല്ലാം ഓടിയൊളിച്ചത്? അതെ. തികച്ചും വിരുദ്ധമായ ദര്‍ശനം.

വിരുദ്ധമായ ലോകങ്ങള്‍. എന്നാല്‍ ഇതെല്ലാം ഒരേ പൊരുളിന്റെ വ്യത്യസ്ത ഭാവങ്ങളാണെന്ന് അറിയാന്‍ നാം ഈ വഴിയില്‍ സഞ്ചരിച്ചേ മതിയാവൂ. മുകളില്‍ പറഞ്ഞ മഹാന്മാരെല്ലാം ഈ വഴി താണ്ടി തന്നെയാണ് അവരവരുടെ വഴിയിലായത്. വഴി സ്വയം വെട്ടിത്തെളിച്ച് സഞ്ചരിക്കണം. അതു മാത്രമാണ് വഴി. ഈ വൈരുദ്ധ്യങ്ങളിലൂടെ തന്നെയാണ് ആ ഉറവിടത്തിലേക്ക് സഞ്ചരിക്കേണ്ടത്. അകവും പുറവുമായി നിറഞ്ഞിരിക്കുന്ന വൈരുദ്ധ്യങ്ങളുടെ ഊരാക്കുടുക്കുകള്‍! ഇതു തന്നെയാണ്, അല്ലെങ്കില്‍ ഇതു മാത്രമാണ് അങ്ങോട്ടുള്ള വാതായനം. ഏകവും ശാശ്വതവുമായ വഴി. നമ്മുടേതു മാത്രമായ വഴി.

ഒന്നില്‍ നിന്നും ഓടിയൊളിക്കാതെയും ഒന്നിനേയും വാരിപ്പുണരാതെയും വേണം നാം യാത്ര തുടരാന്‍. അവിടെ ആരും ഗുരുവോ ശിഷ്യനോ അല്ല. അടിമയോ ഉടമയോ അല്ല. ആരും ആരെയും അനുസരിക്കുകയോ അനുസരിപ്പിക്കുകയോ ചെയ്യേണ്ടതില്ല. നീ മാത്രം. നീയും നിന്റെ വഴിയും മാത്രം. അതാണ് താവോ. തികച്ചും സ്വതന്ത്രമായ വഴി. ആ വഴിയിലേക്കു പ്രവേശിക്കാന്‍ സഹായിക്കുന്ന തെളിമയുള്ള ദര്‍ശനങ്ങളാണ് തുടര്‍ന്നു നാം പരിചയിക്കാന്‍ പോകുന്നത്.