ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച ആദ്യ ടീമായി മാറിയിരിക്കുകയാണ് ഓസ്ട്രേലിയ. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായി റെക്കോര്‍ഡിട്ട കങ്കാരുപ്പട ആറാം കിരീടം തേടിയാണ് ഇന്ത്യയിലെത്തുക. ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യയില്‍ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയും ഓസീസ് കളിക്കുന്നുണ്ട്.
ഈ പരമ്പരയ്ക്കും ലോകകപ്പിനും ഒരേ സംഘത്തെയാണ് അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 18 അംഗ ഓസീസ് സ്‌ക്വാഡിലെ ഏറ്റവും വലിയ സര്‍പ്രൈസ് ഒരു ഇന്ത്യന്‍ വംശജനായ താരമാണ്. പഞ്ചാബിലെ ജലന്ധറില്‍ കുടുംബവേരുകളുള്ള 21കാരനായ ലെഗ് സ്പിന്നര്‍ തന്‍വീര്‍ സങ്കയാണ് ടീമിലേക്ക് നറുക്കുവീണ ഈ താരം.
ഓസ്ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ന്യൂ സൗത്ത് വെയ്ല്‍സിനായി കളിച്ചുകൊണ്ടിരിക്കുന്ന സംഗ 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഓസീസിന്റെ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനുമായിരുന്നു. രണ്ടാം തവണയാണ് അദ്ദേഹം ഓസീസ് സീനിയര്‍ ടീമിന്റെ ഭാഗമാകുന്നത്. 2021ല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയിലായിരുന്നു സംഗ ആദ്യമായി ഓസ്ട്രേലിയന്‍ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് 18 അംഗ ടീമില്‍ താരം ഇടംപിടിക്കുകയായിരുന്നു. ഇതോടെ ഓസീസ് ദേശീയ ടീമിലെത്തിയ രണ്ടാമത്തെ ഇന്ത്യന്‍ വംശജനായും സംഗ മാറിയിരുന്നു.
പക്ഷെ ആ പരമ്പരയില്‍ ഓസീസിസിനായി അരങ്ങേറാന്‍ താരത്തിനു അവസരം ലഭിച്ചില്ല. 2020ല്‍ മുതല്‍ ബിഗ് ബാഷ് ലീഗിലെ സ്ഥിരം സാന്നിധ്യമായ സംഗ ആഭ്യന്തര ക്രിക്കറ്റില്‍ വെറും അഞ്ച് ഏകദിന മത്സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ബി.ബി.എല്ലില്‍ സിഡ്നി തണ്ടേഴ്സിന്റെ കഴിഞ്ഞ സീസണിലെ തുറുപ്പുചീട്ടായിരുന്നു സംഗ. പ്രാഥമിക റൗണ്ടില്‍ ടീമിനായി താരം പിഴുതത് 21 വിക്കറ്റുകളാണ്.
സിഡ്നിയില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ജോഗ് സങ്കയുടെ മകനാണ് തന്‍വീര്‍. താരത്തിന്റെ അമ്മ ഉപ്മീത് ഇവിടെ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ്. 1997ലായിരുന്നു ജലന്ധറിന് സമീപമുള്ള റഹിംപുര്‍ ഗ്രാമത്തില്‍ നിന്നും കുടുംബത്തോടൊപ്പം ജോഗ് സങ്ക സിഡ്നിയിലേക്കു കുടിയേറിയത്. ഇന്ത്യയില്‍ താന്‍ ഇതുവരെ ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടിട്ടില്ലെന്നായിരുന്നു ഒരു അഭിമുഖത്തില്‍ ജോഗ് പറഞ്ഞത്.
‘ഞാന്‍ കബഡിയും വോളിബോളും ഗുസ്തിയുമെല്ലാം കളിച്ചിട്ടുണ്ട്. ഇവിടെ ഓസ്ട്രേലിയയില്‍ വിന്റര്‍ സീസണിന് ഗുസ്തി ടൂര്‍ണമെന്റുകളുണ്ടാവും. തന്‍വീര്‍ പലപ്പോഴും എനിക്കൊപ്പം വരികയും ജൂനിയര്‍ തലത്തില്‍ ഗുസ്തിയില്‍ മത്സരിക്കുകയും ചെയ്തിട്ടുമുണ്ട്.
’10 വയസ്സുള്ളപ്പോഴാണ് തന്‍വീറിനെ ക്രിക്കറ്റ് കളിക്കുന്നതിനായി ഞങ്ങള്‍ ഇഗ്ലെബണ്‍ ആര്‍.എസ്.എല്‍ ക്ലബ്ബില്‍ ചേര്‍ക്കുന്നത്. ദിവസേന വീട്ടില്‍ നിന്നും അവനെ കൂട്ടിയ ശേഷം ഇവിടെ കൊണ്ടുവിട്ടിരുന്നത് ഞാനായിരുന്നു. ഇതു കാരണം എനിക്ക് ചില ടാക്സി സവാരികള്‍ ഒഴിവാക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. മാത്രമല്ല അതിരാവിലെ മുതല്‍ രാത്രി വൈകിയും അന്ന് ജോലി ചെയ്തിരുന്നു,’ ജോഗ് സങ്ക വെളിപ്പെടുത്തി.
ഓസീസിന്റെ മുന്‍ ഇതിഹാസ ക്രിക്കറ്റര്‍മാരായ സ്റ്റീവ് വോയും സഹോദരന്‍ മാര്‍ക്ക് വോയും പഠിച്ചിട്ടുള്ള ഈസ്റ്റ് ഹില്‍സ് ബോയ്സ് ഹൈസ്‌കൂളിലായിരുന്നു തന്‍വീര്‍ സങ്കയും പഠിച്ചത്. പക്ഷെ അതൊരു സ്പോര്‍ട്സ് സ്‌കൂളായിരുന്നില്ല.
ഒരുപാട് പേര്‍ സ്പോര്‍ട്സ് സ്‌കൂളില്‍ പോവണമെന്ന് എന്നോടു പറഞ്ഞിരുന്നു. സ്പോര്‍ട്സ് സ്‌കൂളുകളില്‍ പഠിച്ചിരുന്ന ചില കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നു. അവര്‍ക്കു പഠനത്തിന് മുമ്പും, ശേഷവും ചിലപ്പോള്‍ അതിനിടയ്ക്കുമെല്ലാം പരിശീലനം ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച് മുഴുവന്‍ സമയവും ക്രിക്കറ്റായിരുന്നില്ല. സാധാരണ പബ്ലിക്ക് സ്‌കൂളില്‍ പോവാനായിരുന്നു ഞാന്‍ ഇഷ്ടപ്പെട്ടത്. അവിടെ കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിക്കാനും അതിന് ശേഷം ക്രിക്കറ്റില്‍ ശ്രദ്ധിക്കാനുമായിരുന്നു ആഗ്രഹിച്ചത്,’ തന്‍വീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Tavnveer Singh Indian Citizen Son Of Taxi Driver in Austalian Worldcup Squad