കൊച്ചി: കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന തീരദേശവാസികള്‍ക്ക് ഒന്നര ടണ്‍ കപ്പയെത്തിച്ച് ആലുവ തോട്ടുമുഖം സ്വദേശി ഹസന്‍. വില്‍പ്പനയ്ക്കായി വാങ്ങിവെച്ച കപ്പയാണ് നാല് ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഹസന്‍ വിതരണം ചെയ്തത്.
2018 ലെ പ്രളയകാലത്ത് തങ്ങളെ സഹായിച്ചവരാണ് തീരദേശവാസികളെന്നും അവരുടെ ബുദ്ധിമുട്ട് കണ്ടപ്പോള്‍ സഹായിക്കണമെന്ന് തോന്നിയെന്നും ഹസന്‍ പറയുന്നു.
മഴക്കെടുതികളില്‍ ശനിയാഴ്ച സംസ്ഥാനത്ത് 4 പേര്‍ മരിച്ചു. പലയിടത്തും വീടുകളും കൃഷിയും നശിച്ചു. തിരുവനന്തപുരത്ത് ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് പൂര്‍ണമായി കടലെടുത്തു.
തൃശൂരില്‍ ചാലക്കുടിപ്പുഴയുടെ തെക്കേക്കരയില്‍ മുരിങ്ങൂര്‍ ഭാഗത്തു പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് 4 മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തില്‍ മഴയെ തുടര്‍ന്ന് പല സര്‍വീസുകളും വഴി തിരിച്ചു വിട്ടു.
ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുകയാണ്. ഗോവയിലെ പനാജിയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരയിലേക്ക് കടക്കും.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരം മുഴുവനും ജാഗ്രതയിലാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനം ചൊവ്വാഴ്ച വരെയുണ്ടാകും. കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കാറ്റ് ആഞ്ഞടിക്കുമെന്നതിനാല്‍ അതീവ ജാഗ്രത വേണം.
എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും 19 വരെ ശക്തമായ മഴ തുടരും.
കേരള തീരത്തു നിന്ന് കടലില്‍ പോകുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക