| Thursday, 6th June 2019, 5:20 pm

'ബംഗാളി യുവാക്കള്‍ കേരളത്തിലടക്കം തറതുടയ്ക്കുന്നവരും സ്ത്രീകള്‍ ബാര്‍ ഡാന്‍സര്‍മാരും'; അധിക്ഷേപ പ്രസ്താവനയുമായി മേഘാലയ ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷില്ലോങ്: ബംഗാളികളെ തറതുടയ്ക്കുന്നവരെന്നും ബാര്‍ ഡാന്‍സര്‍മാരെന്നും അധിക്ഷേപിച്ച് മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്. ബംഗാളികളുടെ ഔന്നത്യം നഷ്ടപ്പെട്ടു. ഇപ്പോഴവര്‍ തൂപ്പുകാരും മുംബൈയിലെ ബാര്‍ ഡാന്‍സര്‍മാരുമായി മാറിയിരിക്കുന്നു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

‘ഈ അതികായരുടെ കാലം കഴിഞ്ഞുപോയെന്ന് ആരാണ് ഇവര്‍ക്കൊന്ന് പറഞ്ഞുകൊടുക്കുക. ബംഗാളിന്റെ ഔന്നത്യവും നഷ്ടപ്പെട്ടു കഴിഞ്ഞെന്നും ആരാണവരെ മനസിലാക്കിക്കുക. ഹരിയാന മുതല്‍ കേരളം വരെ നോക്കൂ, ബംഗാളി യുവാക്കള്‍ അവിടെ തൂപ്പുകാരായി മാറി. ബംഗാളി പെണ്‍കുട്ടികളാകട്ടെ മുംബൈയില്‍ ബാറുകളില്‍ ഡാന്‍സര്‍മാരാണ് ഇന്ന്’, ഇതൊക്കെ മുമ്പ് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. തഥാഗത് റോയ് യുടെ ട്വീറ്റ് ഇങ്ങനെ.

സ്‌കൂളുകളില്‍ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന പുതിയ വിദ്യാഭ്യാസ പരിഷ്‌കരണ നിര്‍ദ്ദേശത്തിനെതിരെ ചില സംസ്ഥാനങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് തഥാഗത് റോയ് ബംഗാള്‍ വിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘ഹിന്ദിക്കെതിരെ വലിയ പ്രതിഷേധമൊന്നും എവിടെയും ഇല്ല. രാഷ്ട്രീയ താല്‍പ്പര്യങ്ങളാലാണ് ചിലര്‍ ഹിന്ദിക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത്. അസം, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ ഹിന്ദി സംസാരിക്കാത്തവരാണ്. അവരാരും ഹിന്ദിയെ എതിര്‍ക്കുന്നുമില്ല. ഹിന്ദിയെ എതിര്‍ക്കുന്നവര്‍ പറയുന്നത് ബംഗാള്‍ വിദ്യാസാഗര്‍, വിവേകാനന്ദന്‍, രബീന്ദ്ര നാഥ് ടാഗോര്‍, നേതാജി മുതലായവരുടെ മണ്ണാണ് എന്നാണ്. ഹിന്ദിയോടുള്ള എതിര്‍പ്പും ഇവരും തമ്മിലുള്ള ബന്ധമെന്താണ്?, ട്വീറ്റില്‍ തഥാഗത് റോയ് ചോദിക്കുന്നു.

ഗവര്‍ണരുടെ ട്വീറ്റുകളെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപ്പേരെത്തിയിട്ടുണ്ട്. മുന്‍ ബി.ജെ.പി നേതാവുകൂടിയായ തഥാഗത് റോയി ഇത്തരം വിവാദ പരാമര്‍ശങ്ങളുടെ കാര്യത്തില്‍ കുപ്രസിദ്ധനാണ്. മുമ്പ് പുല്‍വാമ ഭീകരാക്രമണ സമയത്ത് കശ്മീര്‍ വിരുദ്ധ പ്രസ്താവനകളും ഇദ്ദേഹം നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more