അടുത്ത അഞ്ചു വര്‍ഷത്തിനിടെ വാഹന വിപണിയില്‍ 12 പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്. ആല്‍ഫയെന്നും ഒമേഗയെന്നും പേരിട്ട രണ്ടു പുതിയ പ്ലാറ്റ്‌ഫോമുകള്‍ ആധാരമാക്കിയാവും കമ്പനി ഈ മോഡലുകള്‍ അവതരിപ്പിക്കുക.
കമ്പനി വികസിപ്പിച്ച രണ്ടു പുതിയ പ്ലാറ്റ്‌ഫോമുകള്‍ ആധാരമാക്കി വരുന്ന അഞ്ചു വര്‍ഷത്തിനകം പത്തോ പന്ത്രണ്ടോ പുതു മോഡലുകള്‍ നിരത്തിലെത്തിക്കാനാവുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രസിഡന്റ് (പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ്) മയങ്ക് പരീക്ക് പറയുന്നു.
ഈ പുതിയ മോഡലുകളും അവയുടെ വ്യത്യസ്ത വകഭേദങ്ങളുമൊക്കെ ചേരുന്നതോടെ ഇന്ത്യന്‍ കാര്‍ വിപണിയുടെ 90 ശതമാനം മേഖലകളിലും സ്ഥാനം ഉറപ്പാക്കാന്‍ ടാറ്റ മോട്ടോഴ്‌സിനെ സഹായിക്കുമെന്നും പരീക്ക് പറഞ്ഞു.
നിലവില്‍ വാഹന വിപണിയുടെ 70 ശതമാനം വിഭാഗങ്ങളില്‍ ടാറ്റയ്ക്ക് സാനിധ്യമുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ലാഭകരമാക്കുന്നതിനാണ് രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ വാഹനങ്ങള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
പുതിയ പ്ലാറ്റ്‌ഫോമുകളില്‍ വികസിപ്പിച്ച വാഹനങ്ങളില്‍ ആദ്യത്തേതായ ഹാരിയര്‍ എസ്.യു.വി അടുത്ത വര്‍ഷം മാര്‍ച്ചിനകം വില്‍പ്പനയ്‌ക്കെത്തും.
ഭാവിയില്‍ 4.3 മീറ്റര്‍ വരെ നീളമുള്ള കോംപാക്ട് വിഭാഗം മോഡലുകള്‍ ആല്‍ഫ പ്ലാറ്റ്‌ഫോമിലും വലുപ്പമേറിയ എസ്.യു.വികളും മറ്റും ഒമേഗ പ്ലാറ്റ്‌ഫോമിലും വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ ലാന്‍ഡ് റോവറില്‍ നിന്നാണ് ടാറ്റ മോട്ടോഴ്‌സ് ഒമേഗ പ്ലാറ്റ്‌ഫോം കടമെടുക്കുന്നത്.