ഹാരിയര്‍ ഏഴു സീറ്റര്‍ പതിപ്പും H7X-ഉം അവിടെ നിക്കട്ടെ; അതിനു മുമ്പേ എസ്.യു.വി പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ടാറ്റ
D'Wheel
ഹാരിയര്‍ ഏഴു സീറ്റര്‍ പതിപ്പും H7X-ഉം അവിടെ നിക്കട്ടെ; അതിനു മുമ്പേ എസ്.യു.വി പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ടാറ്റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2019, 10:17 pm

ഹാരിയര്‍ ഏഴു സീറ്റര്‍ പതിപ്പ്, H7X എന്നീ മോഡലുകളെ ടാറ്റ വിപണിയില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. അതിനു മുമ്പേ എസ്.യു.വി പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമാണ് ടാറ്റ എത്തിയിരിക്കുന്നത്.

രാജ്യത്ത് വന്‍പ്രചാരം നേടുന്നുണ്ടെങ്കിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സും പെട്രോള്‍ എഞ്ചിനും ഹാരിയറിന് ഇപ്പോഴും ലഭിച്ചിട്ടില്ല. എസ്.യു.വി ശ്രേണിയില്‍ ഡീസല്‍ പതിപ്പുകള്‍ക്കാണ് വില്‍പ്പന കൂടുതല്‍. എന്നാല്‍ മോഡലിന് പെട്രോള്‍ എഞ്ചിന്‍ യൂണിറ്റ് നല്‍കാനുള്ള ഒരുക്കങ്ങള്‍ ടാറ്റ തുടങ്ങി.

ഹാരിയര്‍, H7X എസ്.യു.വികള്‍ക്കായി പുത്തന്‍ പെട്രോള്‍ എഞ്ചിനെയാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് ടാറ്റയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ രാജേന്ദ്ര പ്രസാദ് പറയുന്നു.

വ്യത്യസ്ത ട്യൂണിംഗ് നില കാഴ്ച്ചവെക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെയാണ് ടിയാഗൊ, ടിഗോര്‍, ജെ.ടി.പി, നെക്സോണ്‍ മോഡലുകളില്‍ ടാറ്റ ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവില്‍ മൂന്നു സിലിണ്ടറുകള്‍ മാത്രമേ 1.2 ലിറ്റര്‍ എഞ്ചിനിലുള്ളൂ. ഈ അവസരത്തില്‍ നാലാമതൊരു സിലിണ്ടര്‍ കൂടി നല്‍കി 1.6 ലിറ്റര്‍ എഞ്ചിന് രൂപംനല്‍കാനുള്ള സാധ്യത കമ്പനി തേടുകയാണ്. അതേസമയം, പുറമെ നിന്നും എഞ്ചിന്‍ നിര്‍മ്മിച്ച് നേടാനുള്ള ആലോചനയും കമ്പനിക്കുണ്ട്.

Also Read ബൈ.. ബൈ.. ലംബോര്‍ഗിനി ഉറൂസ്; ഇനി വേഗ രാജാവ് ബെന്റ്ലി ബെന്റേഗ സ്പീഡ്

നേരത്തെ ഹാരിയറിനായി ഫിയറ്റിന്റെ 1.4 ടര്‍ബോ പെട്രോള്‍ എഞ്ചിനേയും ടാറ്റ കടമെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവതരണ സമയത്ത് ഡീസല്‍ മോഡല്‍ മാത്രമേ വില്‍പ്പനയ്ക്ക് വന്നുള്ളൂ.

എന്തായാലും ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പ് വന്നതിന് ശേഷം മാത്രം പെട്രോള്‍ മോഡലിനെ വിപണിയില്‍ പ്രതീക്ഷിച്ചാല്‍ മതി. ഹാരിയറും, H7X എസ്.യു.വിയും ഒരേ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സംവിധാനം നിരയില്‍ പങ്കിടും.

2019 ജനീവ മോട്ടോര്‍ ഷോയില്‍ പുത്തന്‍ H7X എസ്.യു.വിയെ കമ്പനി അവതരിപ്പിക്കുമെങ്കിലും എഞ്ചിന്‍, സാങ്കേതിക വിവരങ്ങള്‍ എന്നിവ വെളിപ്പെടുത്തുമോയെന്ന കാര്യം വ്യക്തമല്ല. ഹാരിയറില്‍ നിന്നും ചെറിയ ഡിസൈന്‍ വ്യത്യാസങ്ങളോടെയാവും H7X അവതരിക്കുക.

മൂന്നാംനിരയില്‍ യാത്രക്കാര്‍ക്ക് ഇടമൊരുക്കാനായി ചാഞ്ഞിറങ്ങുന്ന ഡിസൈന്‍ കമ്പനി ഉപേക്ഷിച്ചിട്ടുണ്ട്. ബോക്സി ഘടനയായിരിക്കും H7Xന്. പുതിയ എസ്.യു.വിയെ കൂടാതെ ആള്‍ട്രോസ് ഹാച്ച്ബാക്കും ഇക്കുറി ടാറ്റയ്ക്കൊപ്പം ജനീവയില്‍ അവതരിപ്പിക്കും.