| Monday, 11th April 2016, 9:19 pm

ഡീസല്‍ എന്‍ജിന്‍ വിലക്ക് മറികടക്കാന്‍ ടാറ്റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ശേഷികൂടിയ എന്‍ജിനുകള്‍ക്ക് ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍.സി.ആര്‍) ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാന്‍ ടാറ്റ മോട്ടോഴ്‌സ് നടപടി തുടങ്ങി. ഡീസല്‍ എന്‍ജിനുകളുടെ ശേഷി കുറച്ച് വിലക്കിനെ അതിജീവിക്കാനാണു കമ്പനി തയാറെടുക്കുന്നത്. രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കു കഴിഞ്ഞ ഡിസംബര്‍ മുതലാണ് എന്‍.സി.ആറില്‍ വിലക്ക് നിലവില്‍ വന്നത്. ഇതോടെ ഈ മേഖലയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ മാത്രമല്ല എതിരാളികളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെയും ടൊയോട്ടയുടേയുമൊക്കെ വാഹന വില്‍പ്പന പ്രതിസന്ധിയിലായിരുന്നു.

തുടക്കത്തില്‍ മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ടായിരുന്ന വിലക്ക് ദീര്‍ഘിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചതോടെയാണ് ഇത്തരം വാഹനങ്ങളുടെ നിര്‍മാതാക്കള്‍ വിഷമവൃത്തത്തിലായത്. പോരെങ്കില്‍ ഡീസല്‍ കാര്‍ വില്‍പ്പനയ്ക്ക് അധിക നികുതി ഈടാക്കാനുള്ള സാധ്യത പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.

നിലവിലുള്ള എന്‍ജിനുകള്‍ പരിഷ്‌കരിച്ച് ശേഷി രണ്ടു ലീറ്ററിനു താഴെയാക്കാനാണു കമ്പനി ആലോചിക്കുന്നതെന്നു ടാറ്റ മോട്ടോഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് (പ്രോഗ്രാം പ്ലാനിങ് ആന്‍ഡ് പ്രോജക്ട് മാനേജ്‌മെന്റ്) ഗിരീഷ് വാഗ് സൂചിപ്പിച്ചു. എന്നാല്‍ ഇതിനുള്ള ചെലവ് എത്രയെന്നോ പുതിയ എന്‍ജിനുകള്‍ എപ്പോള്‍ ഉപയോഗസജ്ജമാവുമെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല. പുതിയ എന്‍ജിന്‍ വികസിപ്പിക്കാന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുക്കും. എന്നാല്‍ നിലവിലുള്ളവ പരിഷ്‌കരിക്കാന്‍ അത്രയും സമയമെടുക്കില്ലെന്ന നിലപാടിലാണു വാഗ്.

റീ എന്‍ജിനീയറിംഗ് വഴി ശേഷി കുറച്ച എന്‍ജിനുകള്‍ ടാറ്റ മോഡലുകളില്‍ മാത്രമാവും ഉപയോഗിക്കുകയെന്നും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറില്‍ ഇടംപിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്ക് എന്നു നീങ്ങുമെന്നതു സംബന്ധിച്ച അവ്യക്തത വാഹന നിര്‍മതാക്കള്‍ക്കു കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പോരെങ്കില്‍ നിലവില്‍ എന്‍.സി.ആറിലുള്ള വിലക്ക് ഭാവിയില്‍ രാജ്യവ്യാപകമാക്കാനുള്ള സാധ്യതയും നിര്‍മാതാക്കള്‍ കാണുന്നുണ്ട്. ഈ സാധ്യത കൂടി മുന്നില്‍ കണ്ടാണു കമ്പനികള്‍ ശേഷി കുറഞ്ഞ ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നത്.

We use cookies to give you the best possible experience. Learn more