ടിയാഗോയും ഓട്ടോമാറ്റിക്കാകുന്നു
Daily News
ടിയാഗോയും ഓട്ടോമാറ്റിക്കാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th August 2016, 10:38 pm

ടാറ്റ മോട്ടോര്‍സ് അടുത്തകാലത്ത് വിപണിയില്‍ അവതരിപ്പിച്ച ഹാച്ച്ബാക്കാണ് ടാറ്റ ടിയാഗോ. ചെറുകാര്‍ വിപണിയില്‍ മികച്ച സ്വീകാര്യത ലഭിച്ച ടാറ്റ ടിയാഗോയുടെ എ.എം.ടി വകഭേദം അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

പുറത്തിറങ്ങി രണ്ടു മാസത്തിനുള്ളില്‍ 22000 ബുക്കിങ്ങുകള്‍ ലഭിച്ച ടിയാഗോയുടെ വില്‍പന എ.എം.ടി വകഭേദമെത്തുന്നതോടെ ഇനിയും വര്‍ദ്ധിക്കുമെന്നാണ് ടാറ്റ മോട്ടോര്‍സിന്റെ പ്രതീക്ഷ.

മാരുതി സുസുക്കി സെലേറിയോയുമായി നേരിട്ടൊരു മത്സരത്തിനാണ് ടിയാഗോയുടെ എ.എം.ടി വകഭേദത്തെ പുറത്തിറക്കുന്നതിലൂടെ ടാറ്റ തയ്യാറെടുക്കുന്നത്. ടാറ്റയുടെ കോംപാക്റ്റ് സെഡാന്‍ സെസ്റ്റ്, ഹാച്ച്ബാക്ക് ബോള്‍ട്ട്, നാനോ തുടങ്ങിയ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അതേ എ.എം.ടി ഗിയര്‍ബോക്‌സ് തന്നെയാണ് ടിയാഗോയിലും ഉണ്ടാകുക.

മികച്ച സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പുറമെ ആകര്‍ഷകമായ വിലയും കൊണ്ടാണ് ടിയാഗോ വിപണിയില്‍ നേട്ടം കൈവരിച്ചത്. ഹ്യൂണ്ടായ് ഐ 10, മാരുതി സുസുക്കി സെലേറിയൊ, ഷെവര്‍ലെ ബീറ്റ് എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ടിയാഗോയുടെ പ്രധാന എതിരാളികള്‍.

1.2 ലീറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനും പുതുതായി വികസിപ്പിച്ച 1.05 ലീറ്റര്‍ റെവോടോര്‍ക് ഡീസല്‍ എന്‍ജിനുമായിട്ടായിരുന്നു ടിയാഗോ വിപണിയിലെത്തിയത്.