| Wednesday, 20th November 2013, 12:10 am

പരസ്യം കാണൂ, ടോക് ടൈം നേടൂ: പുതിയ തന്ത്രവുമായി ടാറ്റ ടെലിസര്‍വീസസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മൊബൈല്‍ പരസ്യ വിപണിയിലേയ്ക്ക് പുതിയ തന്ത്രങ്ങളുമായി ടാറ്റ ടെലിസര്‍വീസസ്. ഹാന്‍ഡ്‌സെറ്റില്‍ നിന്ന് കോള്‍ വിളിക്കുന്നതിന് മുമ്പായി പരസ്യം കണ്ടാല്‍ ടോക് ടൈം സൗജന്യമായി കിട്ടും. ഇതാണ് പദ്ധതി.

പരസ്യം നല്‍കാനായി ചില കമ്പനികളുമായി ടൈ അപ് ഉണ്ടാക്കിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസ്റ്റ്യൂട്ട് സിസ്റ്റംസിന്റെ സഹോദരസ്ഥാപനമായ എം.ആഡ്‌കോള്‍ പ്രൈവറ്റ് ലിമിറ്റഡുമായി കൂട്ടുചേര്‍ന്നാണ് ഈ സര്‍വീസ് അവതരിപ്പിക്കുന്നത്.

ജി.എസ്.എമ്മിലും സി.ഡി.എ.എമ്മിലും (ഡോകോമോയും ഇന്‍ഡികോമും) ഗെറ്റ് എന്ന മൊബൈല്‍ അഡ്വര്‍ടൈസിങ് ആപ്ലിക്കേഷന്‍ ലഭ്യമാകും. ആന്‍ഡ്രോയ്ഡ്, ജാവ, സിംബിയാന്‍, ബ്ലാക്‌ബെറി എന്നിവയിലെല്ലാം ഇത് പ്രവര്‍ത്തിക്കും.

വൈഫൈയിലൂടെയോ ടാറ്റ ഡോകോമോ ഇന്റര്‍നെറ്റിലൂടെയോ ഇത് അക്‌സസ് ചെയ്യാം. ഫോണില്‍ വീഡിയോ പരസ്യങ്ങള്‍ നല്‍കാന്‍ ഈ ആപ്ലിക്കേഷന് കഴിയും. എപ്പോള്‍, എവിടെവെച്ച് ഈ പരസ്യങ്ങള്‍ കാണണമെന്ന്  കസ്റ്റമര്‍ക്ക് തീരുമാനിക്കാം.

രാജ്യത്തൊട്ടാകെ ടാറ്റയ്ക്ക് 63 മില്യണ്‍ വരിക്കാരാണുള്ളത്. “ഡോകോമോ ഡേറ്റാ സൗകര്യമുള്ള ഹാന്‍ഡ്‌സെറ്റില്‍ നിന്നും കാണുന്ന ഓരോ പരസ്യത്തിനും കസ്റ്റമര്‍ക്ക് സൗജന്യമായി ടോക് ടൈം നല്‍കും” കമ്പനി അധികൃതര്‍ പറയുന്നു.

ഈ സര്‍വീസ് തിരഞ്ഞെടുക്കുന്ന ടാറ്റാ ഡോകോമോ ഇന്റര്‍നെറ്റ് വരിക്കാര്‍ക്ക് ഡേറ്റ ചാര്‍ജുകളും ഉണ്ടായിരിക്കുന്നതല്ല. 2ജി, 3ജി, സി.ഡി.എം.എ നെറ്റ് വര്‍ക്കുകളില്‍ ബഫറിങ് ഇല്ലാതെയാകും പരസ്യങ്ങള്‍ പ്ലേ ആകുന്നത്.

“കാണുന്ന ഓരോ പരസ്യത്തിനും ഒരു മിനിട്ട് ലോക്കല്‍ അല്ലെങ്കില്‍ നാഷണല്‍ ടോക് ടൈം ആയിരിക്കും ലഭിക്കുന്നത്.” അധികൃതര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ജി.എസ്.എം, സി.ഡി.എം.എ ടെക്‌നോളജികളില്‍ ഈ ആപ്ലിക്കേഷന്‍ കൊണ്ടുവരുന്ന ആദ്യ മൊബൈല്‍ ഓപ്പറേറ്ററാണ് ടാറ്റയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

2011-12 കാലയളവില്‍ മൊബൈല്‍ അഡ്വര്‍ടൈസ്‌മെന്റിനായി 105 കോടി രൂപയാണ് രാജ്യത്ത്് ആകെ ചെലവഴിച്ചതെന്ന് കണക്കുകള്‍ പറയുന്നു.

ആര്്, എപ്പോള്‍ പരസ്യം കണ്ടു എന്ന കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ ഇത് പരസ്യദാതാക്കള്‍ക്ക് ഗുണകരമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

“അത്യാവശ്യമായി കോള്‍ ചെയ്യുന്ന അവസരങ്ങളിലൊന്നും പരസ്യം നല്‍കില്ല. ടോള്‍ ഫ്രീ നമ്പരുകളിലേയ്ക്ക്  വിളിക്കുമ്പോഴും  അന്താരാഷ്ട്രനമ്പറിലേയ്ക്ക് വിളിയ്ക്കുമ്പോഴും റോമിങ്ങിലായിരിക്കുമ്പോഴും പരസ്യങ്ങള്‍ ഉണ്ടാവില്ല.” അവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more