| Wednesday, 5th September 2018, 11:18 pm

ടാറ്റ നെക്സോണ്‍ ക്രേസ് പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതിയ ടാറ്റ നെക്സോണ്‍ ക്രേസ് ഇന്ത്യയില്‍ പുറത്തിറങ്ങി. നെക്സോണ്‍ എസ്.യു.വിയുടെ ഒന്നാംവാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ ക്രേസിനെ ടാറ്റ അവതരിപ്പിക്കുന്നത്. 7.14 ലക്ഷം രൂപ മുതലാണ് ദല്‍ഹി എക്‌സ് ഷോറൂം വില. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഒരുങ്ങുന്ന ക്രേസ് പതിപ്പില്‍ ക്രേസ്, ക്രേസ് പ്ലസ് എന്നീ രണ്ടു വകഭേദങ്ങള്‍ മാത്രമെ ലഭ്യമാവുകയുള്ളൂ.

സോണിക് സില്‍വര്‍ നിറങ്ങള്‍ ഇടകലരുന്ന നവീനമായ ശൈലിയാണ് നെക്സോണ്‍ ക്രേസില്‍ ടാറ്റ നല്‍കിയിരിക്കുന്നത്. പിറകില്‍ പതിഞ്ഞിട്ടുള്ള ക്രേസ് ബാഡ്ജും മോഡലിന്റെ സവിശേഷതയാണ്. പിയാനൊ ബ്ലാക് ഫിനിഷ് നേടിയ ഡാഷ്ബോര്‍ഡും നിയോണ്‍ ഗ്രീന്‍ നിറമുള്ള എ.സി വെന്റുകളും ക്രേസ് എഡിഷന് കൂടുതല്‍ സ്പോര്‍ടി ഭാവം നല്‍കുന്നു.


ലിമിറ്റഡ് എഡിഷനായതുകൊണ്ട് സെന്‍ട്രല്‍ കണ്‍സോളിലും ക്രേസ് ബാഡ്ജിംഗ് കാണാം. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് ടാറ്റ നെക്സോണ്‍ ക്രേസ് എഡിഷന്‍ അണിനിരക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm ടോര്‍ക്കുമാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന, മടക്കാവുന്ന മിററുകള്‍, സ്റ്റിയറിംഗിലുള്ള ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍, ഹാര്‍മന്‍ ഓഡിയോ സംവിധാനം എന്നിവയെല്ലാം നെക്സോണ്‍ ക്രേസിലുണ്ട്.

We use cookies to give you the best possible experience. Learn more