| Tuesday, 23rd August 2016, 3:28 pm

സ്‌പോര്‍ട്‌സ് എഡിഷനുമായി ടാറ്റ സെസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോംപാക്റ്റ് സെഡാന്‍ സെസ്റ്റിന്റെ സ്‌പോര്‍ട്‌സ് എഡിഷനുമായി ടാറ്റ മോട്ടോഴ്‌സ്. പരിമിതകാല പതിപ്പായാണ് സെസ്റ്റ് സ്‌പോര്‍ട്‌സ് എഡിഷന്‍ വിപണിയിലെത്തുക. കൂടാതെ 33,000 പ്രീമിയമുള്ള സൗജന്യ ഇന്‍ഷുറന്‍സ്, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 68,000 രൂപ വില മതിക്കുന്ന ഇതര ആനുകൂല്യങ്ങള്‍ എന്നിവയും സെസ്റ്റ് സ്‌പോര്‍ട്‌സ് എഡിഷനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിനായി ഡീലര്‍തലത്തില്‍ ലഭ്യമാക്കുന്ന അക്‌സസറി പായ്ക്കിന് 20,000 രൂപയാണ് അധികവിലയായി ഈടാക്കുക.

ചുവപ്പ് സ്‌കര്‍ട്ട്‌സ് സഹിതം ബോഡി കിറ്റ്, ബോഡി ഗ്രാഫിക്‌സ്, ബ്ലാക്ഡ് ഔട്ട് റൂഫ്, കോണ്‍ട്രാസ്റ്റ് റെഡ് ഫിനിഷുള്ള ഔട്ടര്‍ റിയര്‍വ്യൂ മിറര്‍, അധിക ക്രോം ഫിനിഷ്, ബംപര്‍ പ്രൊട്ടക്ടര്‍, ഡോര്‍ വൈസറും മോള്‍ഡിങ്ങുമൊക്കെ സ്‌പോര്‍ട്‌സ് എഡിഷന്‍ പാക്കേജിലുണ്ട്. ഇന്റീരിയറില്‍ പുത്തന്‍ അപ്‌ഹോള്‍സ്ട്രിയുമുണ്ട്.

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഭേദമില്ലാതെ സെസ്റ്റിന്റെ എല്ലാ വകഭേദങ്ങള്‍ക്കൊപ്പവും ഈ സ്‌പോര്‍ട്‌സ് എഡിഷന്‍ പാക്കേജ് ലഭ്യമാണ്.

1.2 ലീറ്റര്‍, നാലു സിലിണ്ടര്‍, ടര്‍ബോ ചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍, ഫിയറ്റില്‍ നിന്നുള്ള 1.3 ലീറ്റര്‍, ക്വാഡ്രജെറ്റ് ഡീസല്‍ എന്‍ജിനുകളാണ് സെസ്റ്റിനു കരുകത്തേകുന്നത്.  പരമാവധി 88 ബി.എച്ച്.പി കരുത്തും 140 എന്‍.എം ടോര്‍ക്കുമാണ് പെട്രോള്‍ എന്‍ജിന്‍ പുറപ്പെടുവിക്കുക.

ഡീസല്‍ എന്‍ജിനില്‍ രണ്ട് വകഭേദങ്ങള്‍ ലഭ്യമാണ്. ശേഷി കുറഞ്ഞതില്‍ പരമാവധി കരുത്ത് 73 ബി.എച്ച്.പിയും ടോര്‍ക്ക് 190 എന്‍.എമ്മുമാണ്. കരുത്തേറിയ എന്‍ജിനാവട്ടെ 88 ബി.എച്ച്.പി വരെ കരുത്തും 200 എന്‍.എം വരെ ടോര്‍ക്കും സൃഷ്ടിക്കും. രണ്ട് എന്‍ജിനുകള്‍ക്കുമൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുണ്ട്; കൂടാതെ 88 ബി.എച്ച്.പി ഡീസല്‍ എന്‍ജിനൊപ്പം 5 സ്പീഡ് എ.എം.ടി യൂണിറ്റും ലഭ്യമാണ്.

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍, ഹ്യുണ്ടായ് എക്‌സെന്റ്, ഹോണ്ട അമെയ്‌സ് എന്നിവയാണ് ടാറ്റ സെസ്റ്റിന്റെ  പ്രധാന എതിരാളികള്‍.

We use cookies to give you the best possible experience. Learn more