മുംബൈ: ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ നഷ്ടമായവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്‌സ്. വെങ്കല മെഡലിന് തൊട്ടരികെയെത്തിയിട്ടും നാലാം സ്ഥാനം കൊണ്ട് മടങ്ങേണ്ടി വന്നവര്‍ക്കാണ് ടാറ്റാ മോട്ടോഴ്‌സ് സമ്മാനം പ്രഖ്യാപിച്ചത്.
ടാറ്റയുടെ ആള്‍ട്രോസ് ആണ് സമ്മാനമായി നല്‍കുന്നത്. ഗോള്‍ഫ് താരം അദിതി അശോക്, ഇന്ത്യന്‍ വനിതാ ഹോക്കി ടീം എന്നിവരാണ് ടോക്കിയോ ഒളിംപിക്‌സില്‍ നാലാം സ്ഥാനത്തെത്തിയത്.
ഇവരെയെല്ലാം ആദരിക്കുമെങ്കിലും ആര്‍ക്കൊക്കെയാണ് കാര്‍ സമ്മാനമായി നല്‍കുക എന്ന് വ്യക്തമല്ല.
മെഡല്‍ നേടുക എന്നതിലുപരി രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്സ് പോലുള്ള മത്സരങ്ങളില്‍ പങ്കെടുത്തവരുടെ പ്രയത്നങ്ങള്‍ ചെറുതല്ല. മെഡല്‍ കൈവരിച്ചില്ലെങ്കിലും രാജ്യത്തെ നൂറു കോടി ജനങ്ങളുടെ ഹൃദത്തില്‍ ഇടം പിടിക്കാന്‍ ഈ കായിക താരങ്ങള്‍ക്ക് സാധിച്ചുവെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കില്‍ ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.
ഇന്ത്യയിലെ വളര്‍ന്നു വരുന്ന മറ്റു കായികതാരങ്ങള്‍ക്ക് ഇതൊരു പ്രചോദനമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈ സ്ട്രീറ്റ് ഗോള്‍ഡ് നിറത്തിലുള്ള ആള്‍ട്രോസ് പ്രീമിയം ഹാച്ബാക്കാണ് താരങ്ങള്‍ക്ക് നല്‍കുക. ടാറ്റയുടെ പ്രീമിയം ഹാച്ബാക്കാണ് ആള്‍ട്രോസ്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വാഹനത്തിന് ഗ്ലോബല്‍ എന്‍.സി.എ.പിയുടെ 5-സ്റ്റാര്‍ സുരക്ഷ ഉറപ്പു നല്‍കിയിരുന്നു.
ഒളിംപിക്സില്‍ ഇന്ത്യ ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു സ്വര്‍ണവും, രണ്ട് വെള്ളിയും, നാല് വെങ്കലവും അടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. 2012 ല്‍ ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യ നേടിയിരുന്നത് ആറ് മെഡലുകളായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Tata Motors To Gift Altroz Hatchback To Indian Athletes Who Finished 4th In Tokyo Olympics