പരിഷ്‌കരിച്ച എട്ട് പതിപ്പുകളുമായി ടാറ്റാ മോട്ടോഴ്‌സ് വിപണിയില്‍
Big Buy
പരിഷ്‌കരിച്ച എട്ട് പതിപ്പുകളുമായി ടാറ്റാ മോട്ടോഴ്‌സ് വിപണിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd June 2013, 4:30 pm

[]വില്‍പ്പനയിലുണ്ടായ  കാര്യമായ ഇടിവ് തടയാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ടാറ്റ മോട്ടോഴ്‌സ്.  വിപണിയില്‍ പിടിച്ച്  നിര്‍ത്താന്‍ പരിഷ്‌കരിച്ച എട്ടു പതിപ്പുകളാണ്  ടാറ്റ മോട്ടോഴ്‌സ് വിപണിയിലിറക്കിയത്.[]

സമ്മര്‍ദിത പ്രകൃതി വാതകം(സി എന്‍ ജി) ഇന്ധനമാക്കുന്ന നാനോ കാര്‍ നേരത്തെ ടാറ്റാ മോട്ടോഴ്‌സ് പുറത്തിറക്കിയിരുന്നു.  ഒരൊറ്റ ദിവസം കൊണ്ട് ഇത്രയേറെ പുതിയ മോഡലുകള്‍ ടാറ്റ മോട്ടോഴ്‌സ് അനാവരണം ചെയ്യുന്നത് ഇതാദ്യമാണ്.

നാനോയ്ക്കു പുറമെ ഹാച്ച് ബാക്കായ ഇന്‍ഡിക്കയുടെയും സെഡാനായ ഇന്‍ഡിഗോയുടെയും സി.എന്‍.ജി രൂപം ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിട്ടുണ്ട്.

ഡീസല്‍ എന്‍ജിനുള്ള ഇന്‍ഡിക്കയുടെയും ഇന്‍ഡിഗോയുടെയും പരിഷ്‌കരിച്ച പതിപ്പുകളും ഇതോടൊപ്പം ടാറ്റ വിപണിയിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മാസമായി  വിപണിയില്‍ സാഹചര്യങ്ങള്‍ തികച്ചും പ്രതികൂല അവസ്ഥയിലായിരുന്നെന്ന് ടാറ്റ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടര്‍ കാള്‍ സ്‌ലിം അറിയിച്ചു.   എന്നാല്‍ വിപണിയില്‍ അടുത്തയിടെയായി ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.  ഇത് കമ്പനിക്ക് അനുകൂലമാവാന്‍ സാധ്യതയുണ്ടെന്നും കാള്‍ സ്‌ലിം പറഞ്ഞു.

സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമായ സഫാരി സ്‌റ്റോമിന്റെയും യൂട്ടിലിറ്റി വാഹനമായ സുമൊ ഗോള്‍ഡിന്റെയും പുതുരൂപങ്ങളും ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിച്ചിട്ടുണ്ട്.

പൂര്‍ണമായും ഇടപാടുകാരുടെ അഭിപ്രായങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ച വാഹനശ്രേണിയിലൂടെ വിപണിയിലെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താന്‍ കമ്പനിക്ക് സാധിക്കുമെന്നും ടാറ്റാ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.