| Saturday, 26th January 2019, 3:19 pm

വര്‍ഷങ്ങള്‍ക്കിപ്പുറം മാരുതിക്ക് പണികൊടുത്ത് ടാറ്റ; മൈലേജല്ല, സുരക്ഷയാണ് പ്രധാനം, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

“കിതനാ ദേത്തി ഹെ” (എത്ര മൈലേജ് കിട്ടും), ആരും മറന്നുകാണില്ല മാരുതിയുടെ ഈ വിഖ്യാത പരസ്യം. ഇന്ധനക്ഷമത മാത്രം നോക്കി കാര്‍ വാങ്ങുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ട് മാരുതി ഒരിക്കല്‍ പുറത്തിറക്കിയ പരസ്യ വാചകമാണിത്. മൈലേജില്‍ മാരുതിയെ കടത്തിവെട്ടാന്‍ മറ്റൊരു കാറില്ലെന്ന സന്ദേശം കമ്പനി രസകരമായി ജനങ്ങളിലെത്തിച്ചു.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ ചിന്താഗതിയെ മാരുതി സുസുക്കി പരസ്യത്തില്‍ ശക്തമായി ചിത്രീകരിച്ചു. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം മാരുതിയുടെ പരസ്യത്തിന് പരോക്ഷ മറുപടി നല്‍കുകയാണ് ടാറ്റ. മൈലേജ് പ്രധാനമാണ്, തര്‍ക്കമില്ല. എന്നാല്‍ സുരക്ഷയെക്കാളും വലുതാണോ മൈലേജ്? എന്നാണ് ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ ചോദിക്കുന്നത്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ടാറ്റ പുറത്തിറക്കിയ പുതിയ പരസ്യമാണ് മാരുതിക്ക് കൊട്ടുകൊടുക്കുന്നത്. മൈലേജിനു പകരം സുരക്ഷയെ കുറിച്ച് ചോദ്യങ്ങളുന്നയിക്കേണ്ട സമയം അതിക്രമിച്ചെന്ന് ടാറ്റ പരസ്യത്തില്‍ പറയുന്നു.


“കാര്‍ വിപണിയില്‍ മൈലേജിലും ഫീച്ചറുകളിലും പ്രകടന ക്ഷമതയിലും മാത്രമായി ചോദ്യങ്ങള്‍ ഒതുങ്ങിപ്പോവുകയാണ്. ശരിയായ ചോദ്യം ആരും ചോദിക്കുന്നില്ല. കാര്‍ എന്തുമാത്രം സുരക്ഷിതമാണ്? അപകടമുണ്ടായാലും ഞാനും എന്റെ കുടുംബവും സുരക്ഷിതരായിരിക്കുമോ? ഇത്തരം ചോദ്യങ്ങളാണ് ഇനി ഉയരേണ്ടത്”-പരസ്യത്തില്‍ ടാറ്റ പറയുന്നു.

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ നേട്ടം കുറിച്ച നെക്സോണിനെ പരസ്യത്തില്‍ പരാമര്‍ഷിക്കുന്നുമുണ്ട്. നിലവില്‍ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറാണ് നെക്സോണ്‍. ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വാഹനം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ സുരക്ഷ ഉറപ്പുവരുത്തിയ മഹീന്ദ്ര മറാസോയും വിപണിയിലുണ്ട്.

അടുത്തകാലത്തായി സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ കാറുകള്‍ പുതുവിപ്ലവം രചിക്കുകയാണ്. ബജറ്റ് കാറുകള്‍ക്കും ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്ന് പല അവസരങ്ങളില്‍ ടാറ്റ പറഞ്ഞുവെച്ചു. പുതുതായി വന്ന ഹാരിയറില്‍ ലോകോത്തര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളാണ് കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്.


നെക്സോണിന്റെ കാര്യമെടുത്താല്‍ ഇരട്ട എയര്‍ബാഗുകള്‍, പ്രീടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയെല്ലാം മോഡലില്‍ അടിസ്ഥാന ഫീച്ചറാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ നെക്സോണില്‍ ഒരുങ്ങുന്നുണ്ട്.

പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm ടോര്‍ക്കും സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm ടോര്‍ക്കുമാണ് ഡീസല്‍ എഞ്ചിന്‍ കുറിക്കുക. ആറു സ്പീഡ് മാനുവല്‍, എ.എം.ടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എന്നിവ എസ്.യു.വിയില്‍ തിരഞ്ഞെടുക്കാം.

We use cookies to give you the best possible experience. Learn more