2023ലെ അവസാന അങ്കം, മയാമിക്കായി മെസി കളത്തിലിറങ്ങുമോ? വെളിപ്പെടുത്തലുമായി കോച്ച്
Football
2023ലെ അവസാന അങ്കം, മയാമിക്കായി മെസി കളത്തിലിറങ്ങുമോ? വെളിപ്പെടുത്തലുമായി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th October 2023, 1:49 pm

മേജര്‍ ലീഗ് സോക്കറില്‍ 2023ലെ അവസാനമത്സരത്തില്‍ ഇന്റര്‍ മയാമി ഷാര്‍ലട്ട് എഫ്.സിയെ നേരിടും. ഒക്ടോബര്‍ 22ന് ഷാര്‍ലട്ടിന്റെ ഹോം ഗ്രൗണ്ടായ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഈ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കുമോ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്റര്‍ മയാമി കോച്ച് ടാറ്റ മാര്‍ട്ടീനോ.

മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പായി മെസിയുടെ ഫിറ്റ്‌നസ് പരിശോധിക്കുമെന്നാണ് മാര്‍ട്ടീനോ പറഞ്ഞത്.

‘ഞാന്‍ മെസിയുടെ അഭിമുഖം കണ്ടു. അദ്ദേഹത്തോട് ഹലോ പറയാന്‍ എനിക്ക് സമയമുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അധികം സമയമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ അദ്ദേഹം ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനക്ക് വേണ്ടി 90 മിനിറ്റ് കളിച്ചു. മെസി ആ മത്സരത്തില്‍ വളരെ ആത്മവിശ്വാസത്തോടെയും പരിക്കിനെ വെല്ലാതെയുമായിരുന്നു കളിച്ചത്. ചിലപ്പോള്‍ അവന്‍ പരിക്കുകള്‍മാറി ഞങ്ങളോടോപ്പം കളിച്ചേക്കാം. എന്നാല്‍ അവന്‍ അവസാന ലീഗ് മത്സരത്തില്‍ കളിക്കാന്‍ തയ്യാറാണോ എന്ന് നമുക്ക് നോക്കാം,’ മാര്‍ട്ടീനോ മാധ്യമങ്ങളോട് പറഞ്ഞു.

സെപ്റ്റംബറില്‍ നടന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിടയിലാണ് ലയണല്‍ മെസിക്ക് പരിക്കുപറ്റിയത്. ഇതിന് പിന്നാലെ അര്‍ജന്റീനയുടെയും ഇന്റര്‍ മയാമിയുടെയും മത്സരങ്ങളെല്ലാം സൂപ്പര്‍താരത്തിന് നഷ്ടമായിരുന്നു.

മെസിയില്ലാതെ ഇറങ്ങിയ ഇന്റര്‍ മയാമിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. മയാമിക്ക് പ്ലേ ഓഫ് സ്ഥാനം നഷ്ടമാവുകയും യു.എസ് ഓപ്പണ്‍ ഫൈനലില്‍ തോല്‍വി നേരിടുകയും തല്ഫലമായി കിരീടം നഷ്ടമാവുകയും ചെയ്തു. മെസി ഇല്ലാതെ ഇറങ്ങിയ മയാമി കടുത്ത തിരിച്ചടിയാണ് നേരിട്ടത്.

എന്നാല്‍ പരിക്ക് മാറി മെസി ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനക്കായി കളത്തിലിറങ്ങിയിരുന്നു. മത്സരത്തില്‍ ഇരട്ടഗോള്‍ നേടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. മെസി ഫിറ്റ്‌നസ് വീണ്ടെടുത്ത് മയാമിക്കായി കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Tata Martino reveals Lionel messi will play the last match of Inter miami in this year.