എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു ഗോള്‍ 10 തവണ കാണുന്നത്; മെസിയെ വാനോളം പ്രശംസിച്ച് പരിശീലകന്‍
Football
എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു ഗോള്‍ 10 തവണ കാണുന്നത്; മെസിയെ വാനോളം പ്രശംസിച്ച് പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th August 2023, 11:59 am

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി എം.എല്‍.എസ് ലീഗില്‍ അരങ്ങേറ്റം നടത്തിയത്. ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരെയായിരുന്നു മെസിയുടെ അരങ്ങേറ്റം. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിച്ചിരുന്നു.

ഇന്റര്‍ മയാമിയുടെ അപരാജിത കുതിപ്പിന് മെസിയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. മെസി എത്തിയതിന് ശേഷം കളിച്ച 10 മത്സരങ്ങളിലും മയാമി തോല്‍വി വഴങ്ങിയിട്ടില്ല എന്നതും പ്രത്യേകതയാണ്. ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരായ മത്സരത്തില്‍ മെസിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്റര്‍ മയാമി പരിശീലകന്‍ ടാറ്റ മാര്‍ട്ടിനോ.

‘ജീവിതത്തില്‍ ആദ്യമായാണ് ഒരു ഗോള്‍ പത്തിലധികം തവണ ഞാന്‍ ആവര്‍ത്തിച്ച് കാണുന്നത്. എനിക്കിപ്പോഴും മനസിലാകുന്നില്ല എങ്ങനെയാണ് ക്രെമാഷിയുടെ പാസില്‍ നിന്ന് മെസി ആ പാസിനെ ഗോളാക്കിയെന്ന്,’ മാര്‍ട്ടിനോ പറഞ്ഞു.

ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരായ മത്സരത്തിന്റെ 37ാം മിനിട്ടില്‍ ഡീഗോ ഗോമെസിന്റെ ഗോളിലൂടെ മയാമി ലീഡെടുത്തിരുന്നു. ആദ്യ പകുതിയില്‍ വിശ്രമത്തിലായിരുന്ന മെസി രണ്ടാം പകുതിയുടെ 60ാം മിനിട്ടിലാണ് കളത്തിലിറങ്ങിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇതിഹാസത്തിന്റെ ഗോള്‍ പിറക്കുന്നത്.

മത്സരത്തിന്റെ 89ാം മിനിട്ടില്‍ മെസി സ്‌കോര്‍ ചെയ്തതോടെ കളി 2-0 എന്ന നിലയിലായി. മത്സരത്തിന് ശേഷം നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. പോയിന്റ് പട്ടികയില്‍ നിലവില്‍ 14ാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നാഷ്വില്‍ എഫ്.സിക്കെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം.

അമേരിക്കയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇന്റര്‍ മയാമി ജേഴ്സിയില്‍ മെസിയെത്തിയതിന് ശേഷം കളിച്ച ഒമ്പത് മത്സരങ്ങളിലും ക്ലബ്ബ് വിജയിച്ചിരുന്നു. ഇതുവരെ പതിനൊന്ന് ഗോളും ആറ് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

Content Highlights: Tata Martino praises Lionel Messi