ജനീവ: രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ലക്ഷം രൂപയുടെ കാര്‍ പുറത്തിറക്കി ചെറുകാറുകളില്‍ ചരിത്രം കുറിച്ച ടാറ്റ മറ്റൊരു അത്ഭുതം കാണിക്കാനൊരുങ്ങുന്നു. ഒരു ലിറ്റര്‍ ഇന്ധനത്തിലൂടെ നൂറു കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള കാര്‍ ടാറ്റ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ടാറ്റാ മെഗാപിക്‌സല്‍ കാര്‍ എന്ന് പേരിട്ടിരിക്കുന്ന കാറിന്റെ കണ്‍സെപ്റ്റ് മോഡല്‍ ജനീവയില്‍ നടക്കുന്ന മോട്ടോര്‍ ഷോയില്‍ ടാറ്റ കമ്പനി തലവന്‍ രത്തന്‍ ടാറ്റ അവതരിപ്പിച്ചു.
മൂന്നുവര്‍ഷത്തിനുള്ളില്‍ ഈ കാര്‍ പുറത്തിറക്കും. നൂറു കിലോമീറ്റര്‍ മൈലേജില്‍ ഫുള്‍ ടാങ്ക് ഇന്ധനമുപയോഗിച്ച് 900 കിലോമീറ്റര്‍ ഈ കാര്‍ സഞ്ചരിക്കും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ നിര്‍ഗമന അളവ് കിലോമീറ്ററിന് 22 ഗ്രാം മാത്രമാണ്.
പെട്രോള്‍ എന്‍ജിന്റെ പിന്‍ബലത്തോടെ ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് വാഹനത്തില്‍ ഉണ്ടാകുക. സാങ്കേതികവിദ്യകളുടെ സങ്കലനം എന്നാണ് ടാറ്റ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
അതേസമയം, ലക്ഷം രൂപയുടെ കാറെന്ന ഖ്യാതിയിലിറങ്ങിയ ചെറു കാര്‍ ടാറ്റ നാനോ ഡീസലിലും വൈദ്യുതിയിലും പുറത്തിറങ്ങുന്നു. നിലവിലെ 624 സിസി എഞ്ചിന്‍ കൂടുതല്‍ ശക്തിപ്പെടും. ചെയര്‍മാന്‍ രത്തന്‍ ടാറ്റ മോട്ടോര്‍ ഷോയില്‍ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ പുതിയ മോഡലുകള്‍ എപ്പോള്‍ വിപണിയിലെത്തുമെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.
പാവപ്പെട്ടവന്റെ വാഹനമെന്ന ഖ്യാതിയില്‍ വന്ന നാനോയ്ക്ക് കമ്പനിയുടെ പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചിരുന്നില്ല. യുവാക്കളെ ആകര്‍ഷിക്കാനായി റോഗ് റെഡ്, ഷാമ്പയിന്‍ ഗോള്‍ഡ്, പപ്പായ ഓറഞ്ച്, അക്വ ബ്ലൂ, മൊജിറ്റോ ഗ്രീന്‍ തുടങ്ങിയ നിറങ്ങളിലും അടുത്തിടെ നാനോ പുറത്തിറങ്ങിയിരുന്നു. പ്രതിമാസം 9000 നാനോയാണ് ഇപ്പോള്‍ വില്‍ക്കുന്നത്.