വിപണി കീഴടക്കിയ ടിയാഗോയ്ക്ക് പിന്നാലെ പുതിയ എം.പി.വിയുമായി ടാറ്റ എത്തുന്നു. മുന്‍പ് പുറത്തിറക്കിയ ആര്യയുടെ പരാജയം മറികടക്കാനായി പുറത്തിറക്കുന്ന വാഹനമാണ് ഹെക്സ. സ്റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ആര്യയെക്കാള്‍ ഒരു പടി മുന്നില്‍ നില്ക്കുന്ന ടാറ്റയുടെ ഈ ക്രോസ് ഓവര്‍ എം.പി.വി ഒക്ടോബര്‍ അവസാനം വിപണിയിലെത്തും.
ആര്യയുടെ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ഹെക്സയുടേയും നിര്‍മ്മാണം. എന്നാല്‍ പ്ലാറ്റ്ഫോം ഒന്നാണെന്നതൊഴിച്ചാല്‍ രൂപത്തില്‍ കാര്യമായ സാദൃശ്യങ്ങളില്ല. വലിയ പുതിയ ടാറ്റാ ഗ്രില്ലും എയര്‍ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രൈപ്പുകളും പരമ്പരാഗത ടാറ്റ മുഖത്തില്‍ നിന്ന് ഒരു മാറ്റം നല്കുന്നു.
കൂടാതെ പ്രൊജക്ടര്‍ ഹെഡ്ലാപുകള്‍. ഡേ ടൈം റണ്ണിങ് ലാംപ്സ്. വശങ്ങളില് വീല്‍ ആര്‍ച്ചുകള്‍ മുതല്‍ വലിയ ബോഡി ക്ലാഡിങ് വരെ ഉണ്ട്. അഞ്ചു സ്പോക്ക് 19 ഇഞ്ച് അലോയ് വീലുകളായിരിക്കും ഹെക്സയില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
മഹീന്ദ്ര എക്സ്.യു.വി, മഹീന്ദ്ര സ്കോര്‍പ്പിയോ ടൊയോട്ട ഇന്നോവ തുടങ്ങിയ വാഹനങ്ങളോട് ഏറ്റുമുട്ടാനെത്തുന്ന ഹെക്സക്ക് ആറു സീറ്റുകളാണ്. മൂന്നിലും നടുവിലും ക്യാപ്റ്റന്‍ സീറ്റുകള്‍. എല്ലാ യാത്രക്കാര്‍ക്കും എ.സി വെന്റ്. ഡൈക്കോര്‍ സീരീസിനെക്കാള്‍ സാങ്കേതിക മികവുള്ള വാരികോര്‍ 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹെക്സയുടെ കരുത്ത്. 4000 ആര്.പി.എമ്മില്‍ 154 ബി.എച്ച്.പി കരുത്തും 1700 മുതല്‍ 2700 വരെ ആര്.പി.എമ്മില്‍ 400 എന്‍.എം ടോര്‍ക്കുമുണ്ട്.
ആറു സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ട്രാന്സ്മിഷന്. മള്‍ട്ടി ടെറൈന്‍ ഡ്രൈവ് മോഡില്‍ ഓട്ടോ, കംഫര്‍ട്ട്, ഡൈനാമിക്, റഫ് റോഡ് മോഡുകളുണ്ട്. പ്രീമിയം എസ്യുവി എന്ന പേരിലെത്തുന്ന വാഹനത്തിന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, റെയിന്‍ സെന്‍സറിങ് വൈപ്പറുകള്‍, പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ് എന്നിവയുണ്ടാകും. 13 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.