| Monday, 28th January 2019, 11:29 pm

പുതിയ ഹാരിയറില്‍ നിന്നും ഫ്ളാഗ്ഷിപ്പ് പട്ടം ടാറ്റ ഹെക്സ തിരിച്ചു പിടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടാറ്റ ഹാരിയറില്‍ നിന്നും ഫ്ളാഗ്ഷിപ്പ് പട്ടം ഹെക്സ തിരിച്ചു പിടിച്ചു. ഹാരിയര്‍ വില്‍പ്പനയ്ക്കു എത്തിയതിന്റെ പിന്നാലെ ഹെക്സയുടെ വില ടാറ്റ കൂട്ടി. 12.99 ലക്ഷം രൂപ മുതലാണ് ഇനി ഹെക്സയുടെ വില. മോഡലിന് 42,000 രൂപയോളം വില വര്‍ധിച്ചു. മുമ്പ് 12.57 ലക്ഷം രൂപ മുതലായിരുന്നു എസ്.യു.വിക്ക് വില. ഇതോടെ വീണ്ടും ഹെക്സയായി ടാറ്റയുടെ ഏറ്റവും വിലകൂടിയ എസ്.യു.വി.

12.69 ലക്ഷം രൂപ പ്രാരംഭ വിലയില്‍ കടന്നുവന്ന ഹാരിയര്‍ ഏതാനും ദിവസങ്ങള്‍ മാത്രമെ ഫ്ളാഗ്ഷിപ്പ് മോഡലായി അറിയപ്പെട്ടുള്ളൂ. ഹെക്സയുടെ XE, XM/XMA, XM kv, XT/XTA, XT 4X4 മോഡലുകളില്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും. ഇതില്‍ പ്രാരംഭ XE വകഭേദത്തിന് മാത്രമാണ് 42,000 രൂപ കൂടുക.

ബാക്കി മോഡലുകള്‍ക്ക് മുഴുവന്‍ 19,505 രൂപ വര്‍ധിക്കും. ഏറ്റവും ഉയര്‍ന്ന ഹെക്സ XT മോഡല്‍ 18.16 ലക്ഷം രൂപയ്ക്കാണ് ഷോറൂമുകളിലെത്തുക. വിലകള്‍ ദല്‍ഹി ഷോറൂം അടിസ്ഥാനപ്പെടുത്തി. പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ ഹാരിയറിന് മുകളില്‍ ഏഴു സീറ്റര്‍ ഹെക്സ നിലകൊള്ളും.

എന്നാല്‍ ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പ് വരുന്നതുവരെ മാത്രമായിരിക്കും ഫ്ളാഗ്ഷിപ്പ് മോഡലായി ഹെക്സ തുടരുക. പുതുതലമുറ ലൈഫ്സ്‌റ്റൈല്‍ എസ്.യു.വികളുടെ ഗണത്തിലാണ് ഹാരിയര്‍ പെടുന്നത്. ഹെക്സ അറിയപ്പെടുന്നത് ഫാമിലി എസ്.യു.വിയായും.

4,788 mm നീളവും 1,903 mm വീതിയും 1,791 mm ഉയരവും ഹെക്സയ്ക്കുണ്ട്. വീല്‍ബേസ് 2,850 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 200 mm. ഹെക്സ വകഭേദങ്ങള്‍ മുഴുവന്‍ ഏഴു സീറ്റര്‍ ഘടനയിലാണ് വില്‍പ്പനയ്ക്ക് വരുന്നത്. കൂട്ടത്തില്‍ XT/XTA, XT 4X4 മോഡലുകള്‍ക്ക് ഓപ്ഷനല്‍ ആറു സീറ്റര്‍ പതിപ്പുമുണ്ട് നിരയില്‍.

2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്സക്കുള്ളത്. വരിക്കോര്‍ 320, വരിക്കോര്‍ 400 എന്നിങ്ങനെ രണ്ടു ട്യൂണിംഗ് നിലകളില്‍ എഞ്ചിന്‍ പതിപ്പുകള്‍ തിരഞ്ഞെടുക്കാം. 150 bhp കരുത്തും 320 Nm ടോര്‍ക്കും വരിക്കോര്‍ 320 എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും.

വരിക്കോര്‍ 400 എഞ്ചിന്‍ കുറിക്കുക 156 bhp കരുത്തും 400 Nm ടോര്‍ക്കുമാണ്. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഹെക്സയിലുണ്ട്. അതേസമയം, 4×4 ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം മാനുവല്‍ ഗിയര്‍ബോക്സുള്ള വരിക്കോര്‍ 400 പതിപ്പില്‍ മാത്രമെയുള്ളൂ.

എ.ബി.എസ്, ഇ.ബി.ഡി, എഞ്ചിന്‍ ഇമൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, പവര്‍ ഡോര്‍ ലോക്ക്, ഹെഡ് ലാമ്പ് ബീം അഡ്ജസ്റ്റര്‍, സൈഡ് എയര്‍ ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷാന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ നീളും ഹെക്സാ വിശേഷങ്ങള്‍. 19 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകളാണ് ഹെക്സ ഉപയോഗിക്കുന്നത്. വിപണിയില്‍ മഹീന്ദ്ര XUV500 ആണ് ഹെക്സയുടെ മുഖ്യ എതിരാളി.

We use cookies to give you the best possible experience. Learn more