ബംഗാളിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍
India
ബംഗാളിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th September 2012, 12:46 pm

കൊല്‍ക്കത്ത: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കമ്പ്യൂട്ടര്‍വത്കരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ നല്‍കി. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. 103 കോടിയാണ് കരാര്‍ തുക. []

മറ്റു സ്ഥാപനങ്ങള്‍ ടെന്‍ഡര്‍ നല്‍കിയിരുന്നെങ്കിലും കരാര്‍ തുകയുടെ കാര്യത്തിലും മറ്റും ടാറ്റ കണ്‍സള്‍ട്ടന്‍സി തന്നെയായിരുന്നു മുന്നില്‍.

സിംഗൂരിലെ ഭൂമിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ടാറ്റാ മോട്ടോഴ്‌സും തമ്മിലുള്ള തര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ടാറ്റയുടെ തന്നെ മറ്റൊരു സ്ഥാപനത്തിന് സര്‍ക്കാര്‍ കരാര്‍ കൊടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാനിരിക്കെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിലൂടെ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഗ്രാമീണ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുള്ള വിലയിരുത്തല്‍.

പ്രതിപക്ഷത്തായിരിക്കുമ്പോള്‍ സിംഗൂരില്‍ ടാറ്റയുടെ ചെറുകിട കാര്‍ ഫാക്ടറിക്കെതിരെ ഭൂമി നഷ്ടപ്പെട്ട കര്‍ഷകരുടെ സമരത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി മമത ബാനര്‍ജി ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ നല്‍കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ പഞ്ചായത്ത് മന്ത്രി സുബ്രൊതോ മുഖര്‍ജി പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ടാറ്റാ കണ്‍സള്‍ട്ടന്‍സിക്കുള്ള വൈദഗ്ധ്യത്തെക്കുറിച്ചും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതിനാല്‍ ടാറ്റയ്ക്ക് തന്നെ കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയാണുണ്ടായത്.

കരാര്‍ പ്രകാരം കൂച് ബീഹാര്‍ മുതല്‍ ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ കാക് ദ്വീപ് വരെയുള്ള തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുള്ള സംസ്ഥാനത്തെ 19 ജില്ലകളിലെ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുകയും ഒന്നര കോടി ബയോമെട്രിക് കാര്‍ഡുകള്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് നല്‍കുകയും വേണം.