| Monday, 21st September 2015, 10:10 am

അമേരിക്കയിലെ മുസ്‌ലിം ബാലനെ വിമര്‍ശിച്ച് വിവാദ ട്വീറ്റ്; വിശദീകരണവുമായി തസ്ലീമ നസ്‌റിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ടെക്‌സസ്‌:അമേരിക്കയില്‍ മുസ്‌ലിം ബാലന്‍ നിര്‍മ്മിച്ച ക്ലോക്ക്, ബോംബാണെന്നു തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സംഭവം പരാമര്‍ശിച്ച് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ ചെയ്ത ട്വീറ്റ് വിവാദമായതിനെത്തുടര്‍ന്ന് വിശദീകരണവുമായി അവര്‍ തന്നെ രംഗത്തെത്തി. കഴിഞ്ഞയാഴ്ചയായിരുന്നു അഹ്മദ് മുഹമ്മദ് എന്ന 14കാരന്‍ താന്‍ നിര്‍മ്മിച്ച ക്ലോക്കുമായി സ്‌കൂളില്‍ വരികയും ഇതി ബോംബാണെന്നു തെറ്റിദ്ധരിച്ചസ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തി ബാലനെ അറസ്റ്റ് ചെയ്യിപ്പിച്ചതും. ചെക്‌സസിലായിരുന്നു സംഭവം.

“എനിക്ക് അഹ്മദ് മുഹമ്മദിന്റെ ക്ലോക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാനും അതൊരു ബോംബായി തെറ്റിദ്ധരിച്ചേനെ. എന്തുകൊണ്ടാണ് മുസ്‌ലിങ്ങള്‍ ബോംബ് കൊണ്ടുവരും എന്ന് ആളുകള്‍ കരുതുന്നത്? കാരണം അവര്‍ അതു ചെയ്യുന്നു” എന്നായിരുന്നു തസ്ലീമയുടെ വിവാദ ട്വീറ്റ്. തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തു വരികയും തസ്ലീമയെ “മതഭ്രാന്തി” എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ബറാക് ഒബാമയും മാര്‍ക് സുക്കന്‍ബര്‍ഗുമടക്കമുള്ള പ്രമുഖര്‍ അഹ്മദിനെ പിന്തുണയ്ക്കുമ്പോഴായിരുന്നു തസ്ലീമയുടെ ഈ പ്രതികരണം. അതേസമയം മറ്റു ചിലര്‍ തസ്ലീമയെ പിന്തുണയ്ക്കുകയും “സനാതന ഹിന്ദു ധര്‍മ്മം” പരിപാലിക്കുന്ന ഇന്ത്യന്‍ ദേശീയവാദി എന്നെല്ലാം വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വിശദീകരണവുമായി തസ്ലീമ തന്നെ രംഗത്തെത്തി. “അഹ്മദ് നല്ല കുട്ടിയാണ്, സൂക്ഷ്മതയും ബുദ്ധിയുമുള്ള കുട്ടിയാണ്, പക്ഷേ മുസ്ലിം ബാലന്മാര്‍ ബോംബ് നിര്‍മ്മിക്കുന്നു എന്നതും സത്യമാണ്. അതിനാല്‍ (സ്‌കൂള്‍ അധികൃതര്‍ക്കുണ്ടായ) പേടി അസ്ഥാനത്തല്ല” തസ്ലീമ ദി ഹിന്ദുവിനു നല്‍കിയ അഭിമുഖത്തില്‍പറയുന്നു. 2013ല്‍ ബോസ്റ്റണില്‍ നടന്ന കൂട്ട ബോംബിങ്ങിനെ ഉദാഹരിച്ചായിരുന്നു തസ്ലീമ വിശദീകരണം നല്‍കിയത്. അന്ന് ഇസ്ലാം മതവിശ്വാസികളായ കുട്ടികളെ ബെല്‍റ്റ് ബോംബുമായി പറഞ്ഞയച്ചത് അവര്‍ ചൂണ്ടിക്കാട്ടി. ആ കുട്ടികളും നല്ലവരായിരുന്നെന്നും എന്നാല്‍ ഇസ്ലാമിലെ വിശ്വാസികള്‍ അവരെ ബ്രെയിന്‍വാഷ് ചെയ്യുകയായിരുന്നു എന്നും അവര്‍ പറയുന്നു.

മറ്റു മതക്കാരും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും എന്നാല്‍ ഇസ്ലാമിനെ അപേക്ഷിച്ച് കുറവാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ മരണശിക്ഷയും നാടുകടത്തലുമാണ് ലഭിക്കുക എന്ന് തസ്ലീമ ഇന്നലെ മറ്റൊരു ട്വീറ്റില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇസ്ലാമിനെ വിമര്‍ശിച്ച് നോവലെഴുതിയതിന്റെ പേരില്‍ ബംഗ്ലാദേശില്‍ നിന്നും നിരവധി ഭീഷണികള്‍ നേരിട്ട തസ്ലീമ 1994 മുതല്‍ വിദേശ രാജ്യങ്ങളിലാണ് കഴിയുന്നത്. കുറച്ചുകാലം ഇന്ത്യിലും കഴിഞ്ഞ അവര്‍ ഇവിടെ വധഭീഷണി നേരിട്ടതിനെത്തുടര്‍ന്ന് ഇപ്പോള്‍ യു.എസിലാണ് താമസം.

We use cookies to give you the best possible experience. Learn more