ലജ്ജയില്‍ ഇസ്ലാമിനെ വിമര്‍ശിച്ചിട്ടില്ല: തസ്‌ലീമ നസ്‌റിന്‍
Daily News
ലജ്ജയില്‍ ഇസ്ലാമിനെ വിമര്‍ശിച്ചിട്ടില്ല: തസ്‌ലീമ നസ്‌റിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2014, 2:24 pm

nazrin[] ന്യൂദല്‍ഹി: “ലജ്ജ”യില്‍ ഇസ്‌ലാം മതത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍. തന്റെ മറ്റ് കൃതികളിലെ വിമര്‍ശനങ്ങളാണ് ഫത്‌വക്ക് കാരണമായതെന്നും തസ്ലീമ വ്യക്തമാക്കി.

“എല്ലാവരും വിശ്വസിക്കുന്നത് ലജ്ജയിലെ വിമര്‍ശനങ്ങള്‍ മൂലമാണ് ബംഗ്ലാദേശിലെ മുസ്‌ലിം മൗലികവാദികള്‍ എനിക്കെതിരെ ഫത്‌വ പ്രഖ്യാപിച്ചതെന്നാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ ലജ്ജയില്‍ ഞാന്‍ ഇസ്ലാമിനെ വിമര്‍ശിച്ചിട്ടേയില്ല. എന്റെ മറ്റു കൃതികളിലെ ഇസ്‌ലാം വിമര്‍ശനങ്ങളാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്.”- തസ്‌ലീമ പറഞ്ഞു.

മതത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ ലോകത്ത് തുടരുവോളം നോവല്‍ പ്രസക്തമാണെന്ന് തസ്‌ലീമ കൂട്ടിച്ചേര്‍ത്തു. ലജ്ജ മതത്തെയോ വെറുപ്പിനെയോ കുറിച്ചുള്ള പുസ്തകമല്ലെന്നും അതില്‍ സ്‌നേഹവും മാനവികതയും മാത്രമാണ് നിറയുന്നതെന്നും അവര്‍ വിശദമാക്കി.

“ലജ്ജ പ്രതിഷേധത്തിന്റെ അടയാളമാണ്. മതത്തിന്റെ പേരില്‍ ലോകമെങ്ങുമുള്ള ഹിംസയ്ക്കും വിദ്വേഷത്തിനും കൊല്ക്കുമെതിരെയുള്ള പ്രതിഷേധമാണ് ലജ്ജ”. “ലജ്ജ”യുടെ ഇംഗ്ലീഷ് പരിഭാഷയുടെ 20ാം വാര്‍ഷികപ്പതിപ്പിനെഴുതിയ ആമുഖത്തില്‍ അവര്‍ പറഞ്ഞു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അഞ്ചിത ഘടക് പരിഭാഷപ്പെടുത്തിയ പുതിയ എഡിഷന്‍ പെന്‍ഗ്വിന്‍ ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.

1993ലാണ് ലജ്ജ പുറത്തിറങ്ങിയത്. മതവികാരത്തെ വ്രണപ്പെടുത്തുവെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍  നിരോധിച്ച പുസ്തകം ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതിയാണ്. മതതീവ്രവാദികളുടെ വധഭീഷണിയെ തുടര്‍ന്ന് 1994 മുതല്‍ വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞു വന്ന തസ്ലിമ 1994 മുതല്‍ ഇന്ത്യയിലാണ് താമസിക്കുന്നത്.