'ഞാൻ ഉറങ്ങിപ്പോയി' ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ
Cricket
'ഞാൻ ഉറങ്ങിപ്പോയി' ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd July 2024, 12:09 pm

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് രോഹിത് ശര്‍മയും സംഘവും വീണ്ടും ടി-20 ലോക കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിച്ചത്. 2007ല്‍ എം.എസ് ധോണിക്ക് ശേഷമാണ് ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ കിരീടം ചൂടിയത്. 2013 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഐ.സി.സി കിരീടമാണിത്.

ഇപ്പോള്‍ ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് വൈസ് ക്യാപ്റ്റനായ ടാസ്‌കിന്‍ അഹമ്മദ് കളിക്കാത്തതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നുനില്‍ക്കുന്നത്. എന്തുകൊണ്ടാണ് ടാസ്‌കിന് ഈ മത്സരം കളിക്കാന്‍ സാധിക്കാതെ പോയത് എന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

കളിക്കാനായി തനിക്ക് കൃത്യസമയത്ത് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ലെന്നാണ് ടാസ്‌കിന്‍ പറഞ്ഞത്. ധാക്ക ആസ്ഥാനമായുള്ള പത്രമായ അജികര്‍ പത്രികയെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ ഇന്ത്യക്കെതിരെയുള്ള മത്സരത്തിനു മുന്നോടിയായുള്ള ടോസിന് ഏകദേശം 30-40 മിനിട്ട് മുമ്പായി ഞാന്‍ ഗ്രൗണ്ടിലെത്തി. എനിക്ക് ടീം ബസ് നഷ്ടമായി. ഞാന്‍ എത്താന്‍ വൈകിയതിനാല്‍ ബസ് നേരത്തെ പോയിരുന്നു,’ ടാസ്‌കിന്‍ അഹമ്മദ് പറഞ്ഞു.

ഇന്ത്യക്കെതിരെയുള്ള മത്സരത്തിനു മുന്നോടിയായി ടാസ്‌കിന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വൈകിയെന്നും ബി.ബി.സിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

പിന്നീട് അഫ്ഗാനിസ്ഥാന്‍ എതിരായ മത്സരത്തില്‍ ബംഗ്ലാദേശ് വൈസ് ക്യാപ്റ്റന്‍ ടീമിന്റെ ഭാഗമായിരുന്നു. സംഭവത്തില്‍ താരത്തിനെതിരെ അച്ചടക്ക നടപടിയൊന്നും എടുത്തിട്ടില്ലെന്നും ടാസ്‌കിന്‍ ക്ഷമാപണം നടത്തിയതിന് പിന്നാലെ വിഷയം പരിഹരിച്ചുമെന്നും ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ പറഞ്ഞിരുന്നു.

അതേസമയം ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ ബംഗ്ലാദേശ് 50 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

 

Content Highlight: Taskin Ahammed talks he fell asleep before the match against India in the World Cup