വിരാടല്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയെ ലോകകപ്പ് ചൂടിച്ച മറ്റൊരു കോഹ്‌ലി
Sports News
വിരാടല്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയെ ലോകകപ്പ് ചൂടിച്ച മറ്റൊരു കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th February 2024, 6:15 pm

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് തരുവര്‍ കോഹ്‌ലി. 35ാം വയസിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ആഭ്യന്തര തലത്തില്‍ മിസോറാമിനെ നയിച്ച ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.

ഡൊമസ്റ്റിക് ഫോര്‍മാറ്റില്‍ മിസോറാമിന്റെ എക്കാലത്തെയും മികച്ച താരമായിരുന്നു കോഹ്‌ലി. 55 മത്സരത്തിലെ 97 ഇന്നിങ്‌സില്‍ നിന്നും 53.80 എന്ന മികച്ച ശരാശരിയിലും 49.93 എന്ന സ്‌ട്രൈക്ക് റേറ്റിലും 4,573 റണ്‍സാണ് താരം നേടിയത്.

ഫസ്റ്റ് ക്ലാസില്‍ 14 സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും നേടിയ കോഹ്‌ലിയുടെ ഉയര്‍ന്ന സ്‌കോര്‍ 307* ആണ്.

ലിസ്റ്റ് എയില്‍ 60 ഇന്നിങ്‌സില്‍ നിന്നും 1,913 റണ്‍സ് നേടിയ താരം ടി-20യില്‍ 54 ഇന്നിങ്‌സില്‍ നിന്നും 1,057 റണ്‍സും നേടിയിട്ടുണ്ട്.

ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും താരം കരുത്ത് തെളിയിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസിലെ 62 ഇന്നിങ്‌സില്‍ നിന്നും 30.22 ശരാശരിയില്‍ 74 വിക്കറ്റ് നേടിയിട്ടുണ്ട്. 6/52 ആണ് മികച്ച പ്രകടനം.

2008 നവംബര്‍ 16ന് സൗരാഷ്ട്രക്കെതിരെ പഞ്ചാബിന് വേണ്ടി കളിച്ചാണ് താരം ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിച്ചത്. പഞ്ചാബിലെ ജലന്ധറില്‍ ജനിച്ച താരം ആദ്യ മത്സരത്തില്‍ 79 റണ്‍സും നേടിയിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരി 17നാണ് താരം ഫസ്റ്റ് ക്ലാസിലെ അവസാന മത്സരം കളിച്ചത്. അരുണാചല്‍ പ്രദേശായിരുന്നു എതിരാളികള്‍. മത്സരത്തില്‍ ഇന്നിങ്‌സിനും 27 റണ്‍സിനുമാണ് കോഹ്‌ലിക്ക് കീഴിലിറങ്ങിയ മിസോറാം വിജയിച്ചുകയറിയത്. ബാറ്റിങ്ങില്‍ 144 റണ്‍സടിച്ച താരം മൂന്ന് വിക്കറ്റും നേടിയിരുന്നു.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെയും താരമായിരുന്നു കോഹ്‌ലി.

2008ല്‍ വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പുയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്ന തരുവറിന് ഒരിക്കല്‍ പോലും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.

ലോകകപ്പില്‍ ആറ് മത്സരത്തില്‍ നിന്നും 218 റണ്‍സാണ് താരം സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ നേടിയ മൂന്ന് അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മൂന്നാമത് റണ്‍ വേട്ടക്കാരവനായും കോഹ്‌ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

Content highlight: Taruwar Kohli announces retirement from professional cricket