[share]
[]പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക മുന്‍പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാര്‍ച്ച് നാലിലേക്ക് നീട്ടി.
തേജ്പാലിനെതിരെക്രൈംബ്രാഞ്ച് തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞതിനാല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി തേജ്പാലിന് അനുമതിനല്‍കി. ഇ്ന്നലെ അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നു. കുറ്റപത്രത്തിനു പിന്നില്‍ രാഷ്ട്രീയവൈര്യാഗ്യമാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തേജ്പാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ ഗോവയില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തേജ്പാല്‍ ഇപ്പോള്‍ വാസ്‌കോ ടൗണിനുസമീപം സഡാ സബ്ജയിലിലാണുള്ളത്. ബലാത്സംഗം, ലൈംഗികപീഡനം, സ്ത്രീകള്‍ക്കുനേരെ അപമര്യാദയോടെയുള്ള പെരുമാറ്റം എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.
കഴിഞ്ഞവര്‍ഷം നവംബറില്‍ തെഹല്‍കയുടെ ആഭിമുഖ്യത്തില്‍ ഗോവയില്‍ സംഘടിപ്പിച്ച തിങ്ക്‌ഫെസ്റ്റിന് ഇടയിലാണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലിഫ്റ്റില്‍ വെച്ച് തേജ്പാല്‍ യുവസഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവം പുറത്തുവന്നതോടെ അദ്ദേഹം തെഹല്‍കയുടെ പത്രാധിപപദവി ഒഴിഞ്ഞിരുന്നു. തേജ്പാല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 30നാണ് തേജ്പാല്‍ അറസ്റ്റിലാവുന്നത്.