[] പനാജി: അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് സുപ്രീംകോടതി മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. അമ്മയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ജാമ്യമനുവദിക്കണമെന്നാവശ്യപ്പെട്ട് തേജ്പാലിന്റെ കുടുംബം കോടതിയിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രെയ്ന്‍ ട്യൂമറിനെത്തുടര്‍ന്ന് ഗോവയിലെ മോയ്‌റയിലെ വീട്ടില്‍ വെച്ച് തേജ്പാലിന്റെ അമ്മ ശകുന്തള തേജ്പാല്‍ അന്തരിച്ചത്. ഗോവയിലെ മാപുസയിലെആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു ശകുന്തള തേജ്പാല്‍.
അമ്മയെ സന്ദര്‍ശിക്കാന്‍ തേജ്പാല്‍ നേരത്തെ ജാമ്യം തേടിയിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. എന്നാല്‍ അല്‍പനേരത്തേക്ക് സമയം അനുവദിച്ചതിനെ തുടര്‍ന്ന് അടുത്തിടെ മാപുസയിലെ ആശുപത്രിയില്‍ എത്തി തേജ്പാല്‍ അമ്മയെ കണ്ടിരുന്നു. തെഹല്‍കയിലെ സഹപ്രവര്‍ത്തകയെ മാനംഭംഗപ്പെടുത്തിയെന്ന കേസില്‍ ദക്ഷിണ ഗോവയിലെ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് തേജ്പാല്‍.