|

എന്റെ ഹീറോ ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ? അതെ ഞങ്ങൾ ഒന്നിക്കുന്ന 56ാമത് ചിത്രം; സർപ്രൈസുമായി ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ രണ്ട് സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.

2022ല്‍ പുറത്തിറങ്ങിയ തരുണിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവയില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരുന്നു ഇത്. വലിയ നിരൂപക പ്രശംസകളും അവാര്‍ഡുകളും നേടാന്‍ സൗദി വെള്ളക്കക്ക് സാധിച്ചിരുന്നു.

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കക്ക് ശേഷം വരുന്ന സിനിമക്കുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികള്‍. അപ്പോഴാണ് മലയാളികളുടെ സ്വന്തം മോഹൻലാലിനെ നായകനാക്കിയുള്ള തന്റെ അടുത്ത ചിത്രത്തെ കുറിച്ച് തരുൺ പുറത്തുവിട്ടത്.

മോഹൻലാലിന്റെ 360ാം ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. പുതിയൊരു സംവിധായകനൊപ്പം മോഹൻലാൽ സിനിമ അനൗൺസ് ചെയ്ത സന്തോഷത്തിലാണ് ലാൽ ആരാധകർ.

ചിത്രത്തിലെ മറ്റുതാരങ്ങളുടെ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ചിത്രത്തിൽ നായികയായി ശോഭന വരുന്നുവെന്ന പുതിയ വാർത്തയാണ് പുറത്തുവരുന്നത്. ശോഭന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്.

‘ വർഷങ്ങൾക്ക് ശേഷം ഞാനൊരു മലയാളം സിനിമ ചെയ്യാൻ പോവുകയാണ്. ഞാൻ ആകാംക്ഷയിലാണ്. സംവിധായകൻ തരുൺ മൂർത്തിയാണ്. നിർമാതാവ് രാജപുത്രാ രഞ്ജിത്ത്. ഹീറോ ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ? അതേ അത്, ശ്രീ. മോഹൻലാലാണ്. ലാൽജിയുടെ 360ാം ചിത്രമാണ്. പക്ഷെ ഇത് ഞങ്ങൾ ഒരുമിച്ചുള്ള 56ാമത് സിനിമയാണ്. ഞാൻ ഒരുപാട് എക്സൈറ്റ്മെന്റിലാണ്. സിനിമ നിങ്ങൾക്ക് ഇഷ്ടമാവുമെന്ന് വിശ്വസിക്കുന്നു,’ശോഭന പറഞ്ഞു.

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം വീഡിയോക്ക് കമന്റ്‌ ചെയ്തിരിക്കുന്നത്. നാടോടിക്കാറ്റ്, തേന്മാവിൻ കൊമ്പത്ത്, പവിത്രം, മിന്നാരം തുടങ്ങി എന്നും ജനപ്രിയ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള താരജോഡികളാണ് മോഹൻലാൽ – ശോഭന.

Content Highlight: Tarun Murthy’s movie; Shobhana is again acting with Mohanlal

Video Stories